റഗ്ബി ലീഗിൽ പ്രതിരോധം ഭേദിക്കാനും എതിരാളികളെ മറികടക്കാനും കളിക്കാർ ഏറെ പരിശീലനം നടത്താറുണ്ട്. എന്നാൽ ഒരു ടാക്കിളിന് ജീവിതം തന്നെ മാറ്റിമറിക്കാൻ കഴിയുമെന്ന് ആരും കരുതിയില്ല. അത്തരമൊരു ദുരനുഭവത്തിലൂടെ കടന്നുപോയ ബ്രൈസ് ക്രെയിൻ ഇന്ന് ഓസ്‌ട്രേലിയയുടെ ഫിസിക്കൽ ഡിസെബിലിറ്റി റഗ്ബി ലീഗ് (PDRL) ടീമിലെ ശ്രദ്ധേയ താരമാണ്. 2020-ൽ, 18-ാം വയസ്സിൽ സിഡ്‌നിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ നാരെല്ലൻ ജെറ്റ്‌സിനായി കളിക്കുന്നതിനിടെയാണ് ക്രെയിന് ഗുരുതരമായി പരിക്കേറ്റത്. എതിരാളിയുടെ ടാക്കിളിനെത്തുടർന്ന് നാഡികൾക്ക് സ്ഥിരമായ തകരാർ സംഭവിക്കുകയും വലതുകൈ തളരുകയും ചെയ്തു.
എന്നാൽ കളിക്കളം നഷ്ടപ്പെട്ടതിന്റെ വേദനയായിരുന്നു ആദ്യം അദ്ദേഹത്തെ അലട്ടിയത്. ജീവിതത്തെക്കുറിച്ചല്ല, കുട്ടിക്കാലം മുതൽ ഏറെ ഇഷ്ടപ്പെട്ട് കളിച്ചിരുന്ന റഗ്ബി ലീഗ് നഷ്ടപ്പെട്ടതിനെക്കുറിച്ചായിരുന്നു ചിന്തയെന്ന് ക്രെയിൻ പറയുന്നു. "ഒരു കാര്യം നമ്മിൽനിന്ന് എടുത്തുമാറ്റപ്പെടുമ്പോഴാണ് അതിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യം എത്രത്തോളമാണെന്ന് ശരിക്കും മനസ്സിലാകുന്നത്," അദ്ദേഹം പറഞ്ഞു. കായികരംഗത്തെക്കുറിച്ച് ഇനി ആശങ്കപ്പെടേണ്ടതില്ലെന്ന് പലരും ഉപദേശിച്ചെങ്കിലും ക്രെയിൻ കളിയോടുള്ള ഇഷ്ടം കൈവിട്ടില്ല. 2022-ൽ നടന്ന പ്രഥമ PDRL ലോകകപ്പിൽ ഓസ്‌ട്രേലിയക്കായി മികച്ച പ്രകടനം കാഴ്ചവെച്ചു. ടീമിന് ഒരു മത്സരം പോലും ജയിക്കാനായില്ലെങ്കിലും ക്രെയിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. പുരുഷ, വനിത, വീൽചെയർ വിഭാഗങ്ങളിലെ താരങ്ങൾ ഉൾപ്പെട്ട റഗ്ബി ലീഗ് ലോകകപ്പ് ഡ്രീം ടീമിൽ ഇടം നേടിയ ഏക PDRL താരവും അദ്ദേഹമായിരുന്നു.
ഇപ്പോൾ സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിനായി ഒരുങ്ങുകയാണ് ക്രെയിൻ. ഒക്ടോബർ 30 മുതൽ നവംബർ 8 വരെ സിഡ്‌നിയിലാണ് മത്സരങ്ങൾ. ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ഇംഗ്ലണ്ട് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് റൗണ്ട് റോബിൻ ഫോർമാറ്റിലാണ് നടക്കുന്നത്. ടീമിനൊപ്പം പരിശീലന ക്യാംപുകളിൽ പങ്കെടുത്തതായും സഹതാരങ്ങളുമായി കൂടുതൽ അടുക്കാൻ കഴിഞ്ഞതായും ക്രെയിൻ പറഞ്ഞു. രണ്ടാം തവണയാണ് അദ്ദേഹം PDRL ലോകകപ്പിൽ ഓസ്‌ട്രേലിയയെ പ്രതിനിധീകരിക്കുന്നത്. ടീമിലെ താരമെന്ന നിലയിൽ മാത്രമല്ല, സഹതാരങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന വ്യക്തിയെന്ന നിലയിലും ക്രെയിൻ ശ്രദ്ധേയനാണെന്ന് ഓസ്‌ട്രേലിയൻ ടീമംഗവും കാന്റർബറി-ബാങ്ക്സ്ടൗൺ ബുൾഡോഗ്‌സ് എൻആർഎൽ അസിസ്റ്റന്റ് കോച്ചുമായ ലൂക്ക് വെല്ല പറഞ്ഞു. മികച്ച കഴിവും കളിമികവുമുള്ള ക്രെയിൻ ഏറെ വിനയമുള്ള വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വെല്ലയ്ക്കും റഗ്ബി ലീഗുമായി ബന്ധപ്പെട്ട് സമാനമായൊരു തിരിച്ചുവരവിന്റെ കഥയുണ്ട്. 2014-ൽ ബുൾഡോഗ്‌സിന്റെ അണ്ടർ-20 ടീമിനായി കളിക്കുമ്പോൾ സിഡ്‌നി ഫുട്‌ബോൾ സ്റ്റേഡിയത്തിൽവെച്ചാണ് അദ്ദേഹത്തിന് പരിക്കേറ്റത്. തുടർന്ന് കളിക്കാരനെന്ന നിലയിലുള്ള കരിയർ അവസാനിച്ചെങ്കിലും 2019-ൽ ബുൾഡോഗ്‌സിന്റെ അണ്ടർ-20 ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റു. 2023-ൽ ടീമിനെ ജേഴ്‌സി ഫ്ലെഗ് കപ്പ് വിജയത്തിലേക്ക് നയിച്ച വെല്ലയ്ക്ക് 2024 സീസണിൽ സീനിയർ ടീമിന്റെ പരിശീലകസംഘത്തിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. അതിനിടെ കളിക്കളത്തിലേക്കും തിരിച്ചെത്തി. 2024 നവംബറിൽ ഓക്‌ലൻഡിൽ ന്യൂസിലൻഡിനെതിരെ ഓസ്‌ട്രേലിയക്കായി രാജ്യാന്തര അരങ്ങേറ്റവും നടത്തി. പരിക്കിനെത്തുടർന്ന് കളി നഷ്ടപ്പെട്ടപ്പോഴാണ് റഗ്ബിയോടുള്ള ഇഷ്ടം കൂടുതൽ തിരിച്ചറിഞ്ഞതെന്ന് വെല്ല പറയുന്നു. പരിശീലകനെന്ന നിലയിൽ യുവതാരങ്ങളെ വളർത്താനും അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കാനും കഴിയുന്നതാണ് സന്തോഷമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം
രാജ്യത്തിനായി കളിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ക്രെയിൻ പറഞ്ഞു. "എന്നെയും എന്റെ കുടുംബത്തെയും രാജ്യത്തെയും മാത്രമല്ല, വ്യത്യസ്ത തരത്തിലുള്ള ഭിന്നശേഷികളുള്ള ആളുകളെയും ഞാൻ പ്രതിനിധീകരിക്കുന്നു. അതൊരു വലിയ കാര്യമായാണ് കാണുന്നത്," അദ്ദേഹം പറഞ്ഞു.
(ഭിന്നശേഷിയുള്ള 55 ലക്ഷം ഓസ്‌ട്രേലിയക്കാരുടെ സംഭാവനകളും നേട്ടങ്ങളും ഉയർത്തിക്കാട്ടുന്നതിനായി നവംബർ 19 മുതൽ ഡിസംബർ 25 വരെ നടക്കുന്ന അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ABC തയ്യാറാക്കിയ റിപ്പോർട്ടാണിത്.)