വാഷിംഗ്ടൺ: പ്രവർത്തനം നിലച്ച ഓസ്ട്രേലിയൻ ബജറ്റ് എയർലൈൻ 'ബോൺസ'യുടെ പ്രധാന സാമ്പത്തിക പങ്കാളിയും അമേരിക്കൻ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ '777 പാർട്ണേഴ്സിന്റെ' സഹസ്ഥാപകനുമായ ജോഷ്വ വാണ്ടർ 500 ദശലക്ഷം യുഎസ് ഡോളറിന്റെ (ഏകദേശം 720 ദശലക്ഷം ഓസ്ട്രേലിയൻ ഡോളർ) വൻ സാമ്പത്തിക തട്ടിപ്പ് കേസിൽ യുഎസ് കോടതിയിൽ കുറ്റസമ്മതം നടത്തി. നിക്ഷേപകരെയും വായ്പാദാതാക്കളെയും കബളിപ്പിച്ച കേസിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും ഹോംലാൻഡ് സെക്യൂരിറ്റിയും നടത്തിയ സമഗ്ര അന്വേഷണത്തിനൊടുവിലാണ് നടപടി.
ഓസ്ട്രേലിയയിലെ സൺഷൈൻ കോസ്റ്റ് ആസ്ഥാനമായി 2023-ൽ പുതിയ ബോയിംഗ് 737 വിമാനങ്ങളുമായി കുറഞ്ഞ നിരക്കിൽ ആഭ്യന്തര സർവീസ് തുടങ്ങിയ ബോൺസ എയർലൈൻസ്, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വെറും ഒരു വർഷത്തിനുള്ളിൽ പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു. ഇല്ലാത്ത ആസ്തികൾ വ്യാജമായി കാണിച്ചും, ബാങ്ക് സ്റ്റേറ്റ്മെന്റുകളിൽ ലക്ഷക്കണക്കിന് ഡോളറിന്റെ പണമുള്ളതായി വ്യാജ രേഖകൾ ചമച്ചും വായ്പയെടുത്താണ് വാണ്ടർ തട്ടിപ്പ് നടത്തിയത്. ഈ തുക വായ്പ നൽകിയവരുടെ അനുമതിയില്ലാതെ തങ്ങളുടെ നിയന്ത്രണത്തിലുള്ള വിദേശ ഫുട്ബോൾ ക്ലബ്ബുകളുടെ ചെലവുകൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി വകമാറ്റി ചെലവഴിക്കുകയായിരുന്നു.
രണ്ട് കുറ്റപത്രങ്ങളിലായി പരമാവധി 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് വാണ്ടർക്കെതിരെ ചുമത്തിയിട്ടുള്ളത്. തട്ടിപ്പിലൂടെ നേടിയ 500 ദശലക്ഷം ഡോളർ സർക്കാരിലേക്ക് കണ്ടുകെട്ടാൻ ഇയാൾ സമ്മതിച്ചിട്ടുണ്ട്. 2027 മാർച്ച് മാസത്തിലായിരിക്കും കോടതി ശിക്ഷാവിധി പ്രഖ്യാപിക്കുക. അതേസമയം, ബോൺസ എയർലൈൻസിന്റെ മുൻ സിഇഒ ടിം ജോർദാനെതിരെ യാതൊരുവിധ കുറ്റങ്ങളും ചുമത്തിയിട്ടില്ലെന്നും, ബോൺസ ഡയറക്ടർമാർക്കെതിരെ നിയമനടപടി സ്വീകരിക്കില്ലെന്ന് ഓസ്ട്രേലിയൻ കോർപ്പറേറ്റ് റെഗുലേറ്റർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.