സിഡ്നി: ബോണ്ടായി ബീച്ചിൽ നടന്ന വെടിവെപ്പ് ആക്രമണത്തിന് പിന്നിൽ ഐഎസ്ഐഎസ് പ്രചോദനമുണ്ടെന്ന സംശയത്തെ തുടർന്ന്, ഐഎസ്ഐഎസിന്റെ ഒരു ഓൺലൈൻ വീഡിയോ ഫീഡ് അന്വേഷിക്കുന്നതായി പ്രധാനമന്ത്രി ആന്തണി അൽബനീസ് അറിയിച്ചു.
കാൻബറയിൽ ഇന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത അദ്ദേഹം, ആക്രമണത്തിന് ശേഷം നാഷണൽ സെക്യൂരിറ്റി കമ്മിറ്റി ആറു തവണ യോഗം ചേർന്നതായി പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി, ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്ഐഎസ്) സ്ഥിരമായ ഒരു ഓൺലൈൻ വീഡിയോ ഫീഡ് കണ്ടെത്തിയിട്ടുണ്ടെന്നും, ആക്രമികൾക്ക് ഐഎസ്ഐഎസ് പ്രചോദനമായെന്ന സിദ്ധാന്തം അത് ശക്തിപ്പെടുത്തുന്നതായും ഓഫീസ് ഓഫ് നാഷണൽ ഇന്റലിജൻസ് സ്ഥിരീകരിച്ചുവെന്ന് അൽബനീസ് വ്യക്തമാക്കി.
“ഞായറാഴ്ച നമ്മൾ കണ്ട കൂട്ടക്കൊലയ്ക്ക് പ്രതികരിക്കുമ്പോൾ, പ്രേരണയും രീതിയും രണ്ടും പരിശോധിക്കേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു.
“ഐഎസ്ഐഎസ് പ്രചോദനമായ ആക്രമണമാണിതെന്ന് ശക്തിപ്പെടുത്തുന്ന തെളിവുകളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. പ്രേരണ സംബന്ധിച്ച് സുരക്ഷാ ഏജൻസികൾ കൂടുതൽ അന്വേഷണം നടത്തുകയാണ്. ഈ പ്രയാസകരമായ സമയത്ത് അവർക്കാവശ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകും.”
ഇസ്ലാമിക അതിതീവ്രവാദം ഓസ്ട്രേലിയ നേരിടുന്ന വളരുന്ന ദേശീയ സുരക്ഷാ ഭീഷണികളിൽ ഒന്നാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
“ഐഎസ്ഐഎസ് പ്രചരിപ്പിക്കുന്ന ആശയങ്ങൾക്ക് പിന്തുണ നൽകുന്ന ഇസ്ലാമിക അതിതീവ്രവാദം മാത്രമല്ല, വിക്ടോറിയയിലും ക്വീൻസ്‌ലാൻഡിലും പൊലീസിനെ കൊലപ്പെടുത്തുന്ന ‘സോവറിന്‍ സിറ്റിസൺസ്’ ആശയങ്ങളും, മുഖം മറച്ച് തെരുവുകളിൽ അണിനിരക്കുന്ന നിയോ-നാസികളും എനിക്ക് ആശങ്കയുണ്ടാക്കുന്നു,” അൽബനീസ് പറഞ്ഞു.
ഓസ്ട്രേലിയയുടെ സാമൂഹിക ഘടനയെ ബാധിക്കുന്ന ഇത്തരം ഭീഷണികൾ ദീർഘകാലമായി നിലനിൽക്കുന്നതാണെന്നും, ഇവയെല്ലാം ചെറുക്കാൻ ശക്തമായ നടപടി ആവശ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.