അമേരിക്കയിൽ ബീഫ് വില കുതിച്ചുകയറുന്നു.2024നെ അപേക്ഷിച്ച് 12% വരെ വില കൂടിയെന്നാണ് റിപ്പോർട്ടുകൾ. ഗ്രൗണ്ട് ബീഫിനു വില പൗണ്ടിന് (0.45 കിലോഗ്രാം) 11.84% ഉയർന്ന് 6.12 ഡോളറിലെത്തി (530 രൂപ). സ്റ്റീക്കിനു 8.05% വർധിച്ച് 11.49 ഡോളറും (990 രൂപ). രാജ്യത്ത് കോഴിയിറച്ചി കഴിഞ്ഞാൽ ഏറ്റവുമധികം ഉപയോഗിക്കുന്ന ഇറച്ചിയിനമാണ് ബീഫ്. എന്നാൽ കാലികളുടെ എണ്ണം പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും താഴ്ചയിലെത്തിയതും പ്രധാന പ്രതിസന്ധിയിലായി. ജൂലൈയിലാണ് അമേരിക്കയിൽ ബീഫിന് ഏറ്റവുമധികം ഡിമാൻഡ് ഉണ്ടാകാറുള്ളത്. അതേ ജൂലൈയിൽ തന്നെ ഇക്കുറി ക്ഷാമം വന്നതും വില കുതിച്ചതും ഉപഭോക്താക്കളെ വലയ്ക്കുകയാണ്. പ്രതികൂല കാലാവസ്ഥമൂലം കാലിത്തീറ്റ ലഭ്യതയിൽ വൻ കുറവുണ്ടായി. ഇതോടെ കർഷകർ കാലികളുടെ എണ്ണം കുറച്ചതാണ് തിരിച്ചടി.
യുഎസിലേക്ക് ഏറ്റവുമധികം ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾ ബ്രസീൽ, അർജന്റീന, ഓസ്ട്രേലിയ എന്നിവയാണ്. ബ്രസീലിനെതിരെ ഓഗസ്റ്റ് ഒന്നുമുതൽ 50% ഇറക്കുമതിച്ചുങ്കം ചുമത്തുമെന്ന് ട്രംപ് ഭീഷണിമുഴക്കിയിട്ടുണ്ട്. ഇത് ബ്രസീലിൽ നിന്ന് ഇറക്കുമതി കുറയാനും വില കൂടുതൽ ഉയരാനും വഴിവയ്ക്കും. യുഎസിലേക്കുള്ള കയറ്റുമതി നിർത്തുന്നത് ബ്രസീൽ പരിഗണിക്കുന്നുമുണ്ട്.
അതേസമയം യുഎസിൽ നിന്ന് വൻതോതിൽ ബീഫ് വാങ്ങാൻ ഓസ്ട്രേലിയ സമ്മതിച്ചുവെന്ന് പ്രസിഡന്റ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അമേരിക്കൻ ബീഫിന് ഏർപ്പെടുത്തിയിരുന്ന നിരോധനം ഓസ്ട്രേലിയ പിൻവലിച്ചെന്നും ഇനി വൻതോതിൽ ബീഫ് കയറ്റുമതി നടത്താമെന്നും ട്രംപ് സാമൂഹിക മാധ്യമത്തിൽ കുറിച്ചു. രാജ്യത്തെ കർഷകർക്ക് ഇതു നേട്ടമാണെന്നും തനിക്കും സന്തോഷമുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.
എന്നാൽ, ബീഫ് കയറ്റുമതി എത്രത്തോളം വിജയകരമാകുമെന്ന സംശയം ഉയർന്നിട്ടുണ്ട്.നിലവിൽ ലോകത്ത് ഏറ്റവുമധികം ബീഫ് ഉൽപാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. കഴിഞ്ഞവർഷം ഓസ്ട്രേലിയ 290 കോടി ഡോളർ (22,000 കോടി രൂപ) മതിക്കുന്ന 4 ലക്ഷം ടൺ ബീഫ് യുഎസിലേക്ക് കയറ്റുമതി ചെയ്തിരുന്നു. ബീഫ് ക്ഷാമമുള്ള യുഎസ് ഇപ്പോൾ ഓസ്ട്രേലിയ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. അതേ യുഎസ് എങ്ങനെ ഓസ്ട്രേലിയയിലേക്ക് കയറ്റുമതി നടത്തുമെന്ന ചോദ്യവും ഉയരുന്നു. യുഎസിലെയും ഓസ്ട്രേലിയയിലെയും ബീഫിന്റെ സ്വാദിലും വ്യത്യാസമുണ്ട്. മാത്രമല്ല, ഓസ്ട്രേലിയയ്ക്ക് നിലവിൽ ബീഫ് ഇറക്കുമതി ചെയ്യേണ്ട സ്ഥിതിയുമില്ല. എന്നാൽ ട്രംപുമായുള്ള താരിഫ് ചർച്ചകളുടെ ഭാഗമായി ബീഫ് നിരോധനം ഒഴിവാക്കാമെന്ന് ഓസ്ട്രേലിയ സമ്മതിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്.