ഓസ്‌ട്രേലിയയിലെ വയോജന പരിചരണ ഫണ്ട് Towfiqu barbhuiya/ Unsplash
Australia

ഓസ്‌ട്രേലിയയിലെ വയോജന പരിചരണ ഫണ്ട്: അൽഗോരിതം നിശ്ചയിക്കുന്ന തുകയിൽ പിഴവെന്ന് പരാതി

വയോജനങ്ങളുടെ ശാരീരികവും മാനസികവുമായ അവസ്ഥകൾ വിലയിരുത്തി അവർക്ക് എത്രത്തോളം സാമ്പത്തിക സഹായം വേണമെന്ന് തീരുമാനിക്കുന്നത് ഒരു പ്രത്യേക അൽഗോരിതം ഉപയോഗിച്ചാണ്.

Elizabath Joseph

മെൽബൺ: ഓസ്‌ട്രേലിയയിൽ വീട്ടിൽ കഴിയുന്ന വയോജനങ്ങൾക്കുള്ള സാമ്പത്തിക സഹായം (Aged Care Funding) നിശ്ചയിക്കുന്ന ഡിജിറ്റൽ സംവിധാനത്തിനെതിരെ വ്യാപകമായ പരാതികൾ ഉയരുന്നു. 2025-ൽ ആരംഭിച്ച 'സപ്പോർട്ട് അറ്റ് ഹോം' പദ്ധതിയുടെ ഭാഗമായുള്ള 'ഇന്റഗ്രേറ്റഡ് അസസ്‌മെന്റ് ടൂൾ' (Integrated Assessment Tool) എന്ന ഡിജിറ്റൽ സംവിധാനമാണ് അന്വേഷണ പരിധിയിലുള്ളത്. വയോജനങ്ങളുടെ ശാരീരികവും മാനസികവുമായ അവസ്ഥകൾ വിലയിരുത്തി അവർക്ക് എത്രത്തോളം സാമ്പത്തിക സഹായം വേണമെന്ന് തീരുമാനിക്കുന്നത് ഒരു പ്രത്യേക അൽഗോരിതം ഉപയോഗിച്ചാണ്.

എന്നാൽ ഈ സംവിധാനം പലപ്പോഴും വയോജനങ്ങൾക്ക് ആവശ്യമായ യഥാർത്ഥ പരിചരണ തോത് കണക്കാക്കുന്നതിൽ പരാജയപ്പെടുന്നു എന്നാണ് വിമർശകർ പറയുന്നത്. അർഹമായ തുക ലഭിക്കാത്തതിനാൽ പലർക്കും സുരക്ഷിതമായി വീട്ടിൽ കഴിയാൻ സാധിക്കാത്ത അവസ്ഥയുണ്ട്. ഈ സംവിധാനം രൂപകൽപ്പന ചെയ്യുന്നതിൽ പങ്കാളിയായ വിദഗ്ധർ പോലും നിലവിലെ രീതിയിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ശാസ്ത്രീയമായ പഠനങ്ങളിലൂടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിന് പകരം, ചോദ്യോത്തരങ്ങളിലൂടെയുള്ള ഒരു ലളിതമായ വിലയിരുത്തലാണ് അൽഗോരിതം നടത്തുന്നത് എന്നതാണ് പ്രധാന പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഫണ്ട് വിതരണത്തിലെ അപാകതകൾ സംബന്ധിച്ച പരാതികൾ വർദ്ധിച്ചതോടെയാണ് കോമൺവെൽത്ത് ഓംബുഡ്സ്മാൻ നേരിട്ട് അന്വേഷണത്തിന് ഉത്തരവിട്ടത്. വയോജനങ്ങൾക്ക് മതിയായ പരിചരണം ഉറപ്പാക്കുന്നതിനായി ഈ ഡിജിറ്റൽ വിലയിരുത്തൽ രീതി പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമാണ്. സർക്കാർ ഈ വിഷയത്തിൽ എത്രയും വേഗം വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

SCROLL FOR NEXT