കാലാവസ്ഥാ മാറ്റങ്ങളില്‍ നിന്ന് രക്ഷനേടാൻ യാത്രകൾ പോകുന്നവരും താത്കാലികമായി പ്രദേശത്തു നിന്ന് മാറിത്താമസിക്കുന്നവവരും ഒക്കെയുണ്ട്. കാലാവസ്ഥയെ പേടിച്ച് ഒരു സംസ്ഥാനം തന്നെ വിട്ട് മറ്റൊരിടത്തേയ്ക്ക് ആളുകൾ കുടിയേറുമോ? അങ്ങനെയും സംഭവിക്കുമെന്ന് പറയുകയാണ് ഓസ്ട്രേലിയ. കാലാവസ്ഥാ വ്യതിയാനത്തിൽ നിന്ന് രക്ഷപ്പെടാൻ ഓസ്‌ട്രേലിയക്കാർ ടാസ്മാനിയ സംസ്ഥാനത്തിലേക്കാണ് കുടിയേറുന്നത്. എന്നാല് സുരക്ഷിതമെന്ന് കരുതുന്ന ടാസ്മാനിയ സുരക്ഷിതമാണോ എന്നതാണ് ഇപ്പോഴത്തെ ആശങ്ക.
വിശാലമായ വനപ്രദേശങ്ങളും തണുത്ത കാലാവസ്ഥയും ഉള്ളതിനാൽ, കാലാവസ്ഥാ അഭയകേന്ദ്രം എന്നാണ് ടാസ്മാനിയ അറിയപ്പെടുന്നതെങ്കിലും വെള്ളപ്പൊക്കം, തീപിടുത്തം, ഉഷ്ണതരംഗങ്ങൾ തുടങ്ങിയവ ഇവിടെയും സംഭവിക്കാനുള്ള സാധ്യതയാണ് കാലാവസ്ഥാ മുന്നറിയിപ്പുകൾ സൂചിപ്പിക്കുന്നത്.
തീവ്ര ചൂട് തരംഗങ്ങൾ, വരൾച്ച, വെള്ളപ്പൊക്കങ്ങൾ എന്നിവ സംസ്ഥാനത്ത് വർദ്ധിക്കുമെന്ന് ദേശീയ കാലാവസ്ഥാ അപകടസാധ്യതാ വിലയിരുത്തൽ പറയുന്നു. 3.0 ഡിഗ്രി സെൽഷ്യസ് താപനില വർദ്ധനവുണ്ടാകുമ്പോൾ ലാൻസെസ്റ്റണിൽ ചൂട് മൂലമുള്ള മരണങ്ങൾ 146% ഉയരുമെന്നും, വർഷത്തിൽ 20 വരെ തീവ്ര ചൂട് ദിവസങ്ങൾ ഉണ്ടാകുമെന്നും പഠനം വ്യക്തമാക്കുന്നു.
ടാസ്മാനിയ, വിക്ടോറിയ, ദക്ഷിണ ഓസ്‌ട്രേലിയ, പശ്ചിമ ഓസ്‌ട്രേലിയയുടെ തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ വരൾച്ചയിൽ നീളാനുള്ള സാധ്യതയാണ് കണ്ടെത്തിയിരിക്കുന്നത്.