സിഡ്നി: ഓസ്ട്രേലിയക്കാർക്കിടയിൽ മദ്യത്തിന്‍റെ ഉപഭോഗം കുറഞ്ഞുതുടങ്ങിയിട്ടുണ്ടെങ്കിലും ഒരു വിഭാഗം ഇപ്പോഴും അമിത മദ്യപാനം ഉപേക്ഷിക്കാൻ തയ്യാറാകുന്നില്ലെന്ന് പുതിയ റിപ്പോർട്ട് പ്രത്യേകിച്ച് 50-നും 60-നും ഇടയിൽ പ്രായമുള്ളവരാണ് ദേശീയ ആരോഗ്യ മാർഗനിർദേശങ്ങൾക്കുമപ്പുറം മദ്യം ഉപയോഗിക്കുന്നവരിൽ മുൻപന്തിയിൽ.
ഓസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് വെൽഫെയർ (AIHW) പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, 50 വയസുകാരിൽ 32.3 ശതമാനവും 60 വയസുകാരിൽ 33.2 ശതമാനവും അപകടകരമായ തോതിൽ മദ്യം ഉപയോഗിക്കുന്നു. 14 വയസിന് മുകളിലുള്ള പൊതുസമൂഹത്തിൽ ഇത് 30.7 ശതമാനമാണ്.
സ്ത്രീകളിൽ 50 വയസ് പ്രായക്കാർ (28%)യും പുരുഷന്മാരിൽ 60 വയസ് പ്രായക്കാർ (44%)യുമാണ് ഏറ്റവും കൂടുതൽ പരിധി ലംഘിക്കുന്നവരെന്ന് റിപ്പോർട്ട് പറയുന്നു. നിലവിലെ ആരോഗ്യ മാർഗനിർദേശങ്ങൾ പ്രകാരം, ഒരാഴ്ചയിൽ 10 സ്റ്റാൻഡേർഡ് ഡ്രിങ്ക്സിൽ കൂടുതൽ പാടില്ല, ഒരുദിവസം നാല് ഗ്ലാസ്സിൽ അധികവും പാടില്ല.
മുതിർന്നവർ നേരിടുന്ന ദീർഘകാല വേദന, ആരോഗ്യ പ്രശ്നങ്ങൾ, സാമൂഹിക ഒറ്റപ്പെടൽ തുടങ്ങിയ ഘടകങ്ങൾ അമിത മദ്യപാനത്തിന് കാരണമാകുന്നുവെന്നാണ് AIHW റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്, 60 മുതൽ 84 വരെ പ്രായമുള്ളവരിലാണ് മദ്യപാനം മൂലമുള്ള രോഗഭാരം ഏറ്റവും കൂടുതലെന്ന് 2024 ലെ ഓസ്ട്രേലിയൻ ബർഡൻ ഓഫ് ഡിസീസ് സ്റ്റഡിയും വ്യക്തമാക്കുന്നു.
അതേസമയം, ഫൗണ്ടേഷൻ ഫോർ ആൽക്കഹോൾ റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ (FARE) സിഇഒ ഐലാ ചോർലി, എല്ലാ പ്രായവിഭാഗങ്ങളിലും മദ്യം ഗുരുതരമായ ആരോഗ്യ–സാമൂഹിക ദോഷങ്ങൾ സൃഷ്ടിക്കുന്നുവെന്ന് മുന്നറിയിപ്പ് നൽകി. യുവാക്കളെ ലക്ഷ്യമിട്ടുള്ള ഡിജിറ്റൽ പരസ്യങ്ങളും ഓൺലൈൻ ഡെലിവറിയും വലിയ ആശങ്കയാണെന്ന് അവർ പറഞ്ഞു.
അതേസമയം, AIHW കണക്കുകൾ പ്രകാരം, കൗമാരക്കാരിലെ മദ്യപാനം കഴിഞ്ഞ രണ്ട് ദശകമായി ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
മുതിർന്നവരിലെ അപകടകരമായ മദ്യപാനം ഇപ്പോഴും പൊതുജനാരോഗ്യ പ്രശ്നമായി തുടരുകയാണെന്നതാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്,