യൂറോപ്പ് യാത്ര Roman Kraft/ Unsplash
Australia

വേനലവധിക്കാലം നേരത്തെ പ്ലാൻ ചെയ്ത് ഓസ്‌ട്രേലിയക്കാർ; ഹോളിഡേ ഹോമുകൾ അതിവേഗം ബുക്ക് ചെയ്യപ്പെടുന്നു

ശൈത്യകാലത്തിന്റെ അവസാനത്തോടെ തന്നെ തുടങ്ങിയ ഈ ട്രെൻഡ് അനുസരിച്ച്, ഓഗസ്റ്റിൽ ടൂറിസം വിവരങ്ങൾ തേടുന്നവരുടെ എണ്ണത്തിൽ 6.5 ശതമാനം വർധന രേഖപ്പെടുത്തി.

Elizabath Joseph

മെൽബൺ: വസന്തകാലം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴേക്കും വരാനിരിക്കുന്ന ക്രിസ്മസ്-വേനലവധിക്കാലം മുൻകൂട്ടി പ്ലാൻ ചെയ്ത് ഓസ്‌ട്രേലിയക്കാർ. പ്രമുഖ ട്രാവൽ ബുക്കിംഗ് വെബ്‌സൈറ്റുകളിൽ വേനൽക്കാല അവധിക്കാല താമസസൗകര്യങ്ങൾക്കായി ഓസ്‌ട്രേലിയക്കാർ വൻതോതിൽ തിരച്ചിൽ നടത്തുന്നതായും ഹോളിഡേ ഹോമുകൾ പകുതിയിലധികം ഇതിനകം ബുക്ക് ചെയ്യപ്പെട്ടതായും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ശൈത്യകാലത്തിന്റെ അവസാനത്തോടെ തന്നെ തുടങ്ങിയ ഈ ട്രെൻഡ് അനുസരിച്ച്, ഓഗസ്റ്റിൽ ടൂറിസം വിവരങ്ങൾ തേടുന്നവരുടെ എണ്ണത്തിൽ 6.5 ശതമാനം വർധന രേഖപ്പെടുത്തി. ബുക്കിംഗ് ഡോട്ട് കോം, ട്രിപ്പ് ഡോട്ട് കോം തുടങ്ങിയ മുൻനിര സൈറ്റുകളിലെ സന്ദർശകരുടെ എണ്ണത്തിലും കുതിച്ചുചാട്ടമുണ്ടായി.

വിക്ടോറിയയിലെ മോർണിംഗ്ടൺ പെനിൻസുല, ക്വീൻസ്‌ലൻഡിലെ സൺഷൈൻ കോസ്റ്റ്, ഗോൾഡ് കോസ്റ്റ്, എൻഎസ്ഡബ്ല്യുവിലെ ബൈറോൺ ബേ തുടങ്ങിയ ജനപ്രിയ തീരദേശ കേന്ദ്രങ്ങളിലെ പകുതിയിലധികം ഹോളിഡേ ഹോമുകളും ഡിസംബർ, ജനുവരി മാസങ്ങളിലേക്ക് ഇതിനകം വാടകയ്ക്ക് പോയതായി ബുക്കിംഗ് പ്ലാറ്റ്‌ഫോമായ സ്റ്റെയ്സ് (Stayz) അറിയിച്ചു. എന്നാൽ ബുക്കിംഗ് വൈകിയവർക്ക് തിരക്കില്ലാത്ത ജനുവരി അവസാന ആഴ്ച തിരഞ്ഞെടുക്കുന്നത് വഴി ക്രിസ്മസ് ആഴ്ചയേക്കാൾ 45 ശതമാനം വരെ നിരക്കിളവ് ലഭിക്കുമെന്ന് ട്രാവൽ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. തീരദേശങ്ങൾക്ക് പുറമെ എൻഎസ്ഡബ്ല്യുവിലെ സതേൺ ഹൈലാൻഡ്സ്, ട്വീഡ് വാലി, സൗത്ത് ഓസ്‌ട്രേലിയയിലെ ബറോസ വാലി, വിക്ടോറിയയിലെ യാര വാലി തുടങ്ങിയ ഉൾനാടൻ ഡെസ്റ്റിനേഷനുകളിലും വിനോദസഞ്ചാരികൾക്ക് മികച്ച അവസരങ്ങളുണ്ട്.

SCROLL FOR NEXT