ABC Landline: Cameron Lang
Australia

ഓസ്‌ട്രേലിയൻ ടീ ട്രീ ഓയിൽ വ്യവസായം ഭീഷണിയിൽ; യൂറോപ്യൻ യൂണിയൻ നിരോധനത്തിന് ഒരുങ്ങുന്നു

ടീ ട്രീ ഓയിലിന്റെ സുരക്ഷാ പരിശോധനയ്ക്കായി എലികളിൽ നടത്തിയ പരീക്ഷണമാണ് ഈ വിവാദത്തിന് തുടക്കമിട്ടത്.

Elizabath Joseph

സിഡ്‌നി: ഓസ്‌ട്രേലിയയുടെ തനതായ ഉൽപ്പന്നമായ ടീ ട്രീ ഓയിലിന് യൂറോപ്യൻ വിപണിയിൽ നിരോധനം വരുന്നു. ടീ ട്രീ ഓയിൽ പ്രത്യുൽപ്പാദന ശേഷിയെ ദോഷകരമായി ബാധിച്ചേക്കാമെന്ന സംശയത്തെത്തുടർന്ന് ഇതിനെ അപകടകാരിയായ വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്താനാണ് യൂറോപ്യൻ യൂണിയന്റെ തീരുമാനം. ഓസ്‌ട്രേലിയയിൽ നിന്ന് ഏകദേശം 40 മില്യൺ ഡോളറിന്റെ കയറ്റുമതി നടക്കുന്ന ഈ മേഖലയെ പുതിയ നീക്കം തകർക്കുമെന്ന് ആശങ്കയുണ്ട്.

ടീ ട്രീ ഓയിലിന്റെ സുരക്ഷാ പരിശോധനയ്ക്കായി എലികളിൽ നടത്തിയ പരീക്ഷണമാണ് ഈ വിവാദത്തിന് തുടക്കമിട്ടത്. എലികൾക്ക് അമിത അളവിൽ ടീ ട്രീ ഓയിൽ നേരിട്ട് നൽകിയപ്പോൾ അവയിൽ പ്രത്യുൽപ്പാദനപരമായ പ്രശ്നങ്ങൾ കണ്ടെത്തിയതായാണ് പഠനം പറയുന്നത്. എന്നാൽ ടീ ട്രീ ഓയിൽ ചർമ്മത്തിൽ പുരട്ടാനുള്ളതാണെന്നും ഭക്ഷിക്കാനുള്ളതല്ലെന്നും ഓസ്‌ട്രേലിയൻ ഉത്പാദകർ ചൂണ്ടിക്കാട്ടുന്നു. അപ്രായോഗികമായ അളവിൽ എലികൾക്ക് ഓയിൽ നൽകിയുള്ള പരീക്ഷണം ശാസ്ത്രീയമായി ശരിയല്ലെന്നാണ് ഇവരുടെ വാദം.

ഓസ്‌ട്രേലിയയിൽ ഉത്പാദിപ്പിക്കുന്ന ടീ ട്രീ ഓയിലിന്റെ 90 ശതമാനവും വിദേശ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. ഇതിൽ 30 ശതമാനവും യൂറോപ്യൻ വിപണിയിലാണ് വിറ്റഴിക്കുന്നത്. യൂറോപ്പിൽ നിയന്ത്രണം വന്നാൽ അത് ആഗോളതലത്തിൽ ടീ ട്രീ ഓയിലിന്റെ ആവശ്യകത കുറയ്ക്കുമെന്നും നോർത്തേൺ ന്യൂ സൗത്ത് വെയ്‌ൽസിലെയും ക്വീൻസ്‌ലാന്റിലെയും കർഷകരുടെ ഉപജീവനത്തെ ബാധിക്കുമെന്നും ഇൻഡസ്ട്രി നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു. ടീ ട്രീ ഓയിൽ മനുഷ്യശരീരത്തിൽ സുരക്ഷിതമാണെന്ന് തെളിയിക്കുന്ന പുതിയ പഠനങ്ങൾ നടത്തി യൂറോപ്യൻ യൂണിയനെ സമീപിക്കാനാണ് ഓസ്‌ട്രേലിയൻ ടീ ട്രീ ഇൻഡസ്ട്രി അസോസിയേഷന്റെ (ATTIA) തീരുമാനം.

SCROLL FOR NEXT