വെല്ലിംഗ്ടൺ: ഓസ്‌ട്രേലിയയിലെ പുതിയ ഫെഡറൽ ബജറ്റിലെ കടുത്ത നികുതി പരിഷ്‌കാരങ്ങളെത്തുടർന്ന് ഓസ്‌ട്രേലിയൻ റിയൽ എസ്റ്റേറ്റ് നിക്ഷേപകർ കൂട്ടത്തോടെ ന്യൂസിലാൻഡ് വിപണിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി പ്രമുഖ പ്രോപ്പർട്ടി ഗ്രൂപ്പുകൾ വ്യക്തമാക്കുന്നു. കുറഞ്ഞ വീട്ടുവാടകയും വിലവ്യത്യാസവും ഡോളറിന്റെ മൂല്യത്തിലുള്ള മാറ്റങ്ങളും ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ഓസ്‌ട്രേലിയൻ ഫെഡറൽ ബജറ്റിൽ നിക്ഷേപകർക്ക് വലിയ ആശ്വാസമായിരുന്ന 'നെഗറ്റീവ് ഗിയറിങ്' സംവിധാനം നിർത്തലാക്കുകയും, 50 ശതമാനം വരെയുണ്ടായിരുന്ന ക്യാപിറ്റൽ ഗെയിൻസ് ടാക്സ് ഇളവുകൾ പൂർണ്ണമായി ഒഴിവാക്കുകയും ചെയ്തിരുന്നു. ഇത് ഓസ്‌ട്രേലിയയിലെ പ്രോപ്പർട്ടി നിക്ഷേപങ്ങളെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്.
ന്യൂസിലാൻഡിൽ നിലവിൽ ക്യാപിറ്റൽ ഗെയിൻസ് ടാക്സ് (ലാഭനികുതി) ഇല്ലെന്നത് നിക്ഷേപകരെ ആകർഷിക്കുന്ന പ്രധാന ഘടകമാണ്. കൂടാതെ മുൻപ് ലേബർ സർക്കാർ നിർത്തലാക്കിയിരുന്ന 'ഇന്ററസ്റ്റ് ഡിഡക്ടിബിലിറ്റി' (പലിശയിളവ്) സംവിധാനം അവിടുത്തെ പുതിയ നാഷണൽ സഖ്യസർക്കാർ പുനഃസ്ഥാപിച്ചതും നിക്ഷേപകർക്ക് അനുകൂലമായി. നിലവിൽ ഓസ്‌ട്രേലിയൻ നിക്ഷേപകരുടെ തള്ളിക്കയറ്റം ഔദ്യോഗിക കണക്കുകളിൽ പ്രതിഫലിച്ചു തുടങ്ങിയിട്ടില്ലെങ്കിലും വരും മാസങ്ങളിൽ വലിയൊരു കുതിച്ചുചാട്ടം റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉണ്ടാകുമെന്ന് പ്രമുഖ ഏജൻസിയായ റേ വൈറ്റിലെ സീനിയർ ഡാറ്റാ അനലിസ്റ്റ് ആറ്റം ഗോ തിയാൻ വ്യക്തമാക്കി. ഓക്‌ലാൻഡ്, ക്വീൻസ്‌ടൗൺ എന്നീ നഗരങ്ങളിലെ പ്രോപ്പർട്ടികൾക്കാണ് നിലവിൽ ആവശ്യക്കാർ ഏറെയുള്ളത്.
വിദേശികൾക്ക് ന്യൂസിലാൻഡിൽ പ്രോപ്പർട്ടി വാങ്ങണമെങ്കിൽ 5 മില്യൺ ഡോളറിന്റെ പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഓസ്‌ട്രേലിയ, സിംഗപ്പൂർ പൗരന്മാർക്ക് ഈ നിയമത്തിൽ പ്രത്യേക ഇളവുകൾ അനുവദിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വലിയ മത്സരങ്ങളില്ലാതെ ന്യൂസിലാൻഡ് വിപണിയിൽ നിക്ഷേപം നടത്താൻ ഓസ്‌ട്രേലിയക്കാർക്ക് നിലവിൽ സാധിക്കും. ക്വീൻസ്‌ടൗൺ, സെൻട്രൽ ഒട്ടാഗോ, തൗരംഗ, തൗപോ, നോർത്ത്‌ലാൻഡ് തുടങ്ങിയ പ്രദേശങ്ങളിലെ റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികളെക്കുറിച്ചുള്ള അന്വേഷണങ്ങൾ കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഗണ്യമായി വർദ്ധിച്ചതായി പ്രമുഖ ലക്ഷ്വറി റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ സോത്ബീസും സാക്ഷ്യപ്പെടുത്തുന്നു.