കാൻബറ: ഹിമയുഗത്തിന്റെ ശേഷിപ്പായി ഓസ്‌ട്രേലിയൻ കാടുകളിൽ അവശേഷിക്കുന്ന അപൂർവ്വ യൂക്കാലിപ്റ്റസ് മരമായ 'മൊംഗാർലോ മല്ലീ'യെ (Eucalyptus recurva) വംശനാശത്തിൽ നിന്ന് രക്ഷിക്കാൻ വിജയകരമായി ക്ലോൺ ചെയ്ത് സസ്യശാസ്ത്രജ്ഞർ. തെക്കൻ കാൻബറയിലെ കാടുകളിൽ പ്രകൃതിദത്തമായി നിലനിൽക്കുന്ന വെറും ആറ് മരങ്ങൾ മാത്രമാണ് ഈ ഇനത്തിൽ ലോകത്ത് ഇന്നുള്ളത്. ഇതിൽ ഏറ്റവും വലിയ മരത്തിന്റെ മണ്ണിനടിയിലെ തടി ഭാഗത്തിന് (Lignotuber) 3,000 മുതൽ 6,000 വർഷം വരെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്.
കാട്ടിലുള്ള ആറ് മരങ്ങളും പരസ്പരം ഏറെ അകലെ സ്ഥിതി ചെയ്യുന്നതിനാൽ സ്വാഭാവിക പരാഗണത്തിലൂടെ വിത്തുകൾ ഉത്പാദിപ്പിക്കാൻ ഇവയ്ക്ക് സാധിക്കുന്നില്ലെന്ന് ഓസ്‌ട്രേലിയൻ നാഷണൽ ബൊട്ടാണിക് ഗാർഡൻസിലെ (ANBG) സീനിയർ കൺസർവേഷൻ ഹോർട്ടികൾച്ചറിസ്റ്റ് പീറ്റർ ബ്രെഡൽ പറഞ്ഞു. മനുഷ്യന്റെ കൃത്രിമ ഇടപെടലില്ലാതെ ഇവയ്ക്ക് അതിജീവനം അസാധ്യമാണ്. പതിറ്റാണ്ടുകൾ നീണ്ട ഗവേഷണത്തിനൊടുവിൽ, കാട്ടിലെ മരങ്ങളിൽ നിന്നുള്ള കട്ടിംഗുകൾ ഹൈബ്രിഡ് വേരുകളിലേക്ക് ഗ്രാഫ്റ്റ് (Grafting) ചെയ്ത് ആറിൽ നാല് മരങ്ങളുടെയും വിജയകരമായ ക്ലോണുകൾ നഴ്സറിയിൽ സംരക്ഷിക്കാൻ ശാസ്ത്രസംഘത്തിന് കഴിഞ്ഞു. പൂവിടാൻ 20 വർഷത്തോളം സമയമെടുക്കുന്ന ഈ വൃക്ഷങ്ങളിൽ വളർച്ചാ നിയന്ത്രണ ഹോർമോണുകൾ പ്രയോഗിച്ച് വേഗത്തിൽ പൂവിടുവിക്കാനും, മറ്റ് യൂക്കാലിപ്റ്റസുകളിൽ നിന്നുള്ള പരാഗണം തടഞ്ഞ് ജനിതക ശുദ്ധിയുള്ള വിത്തുകൾ വികസിപ്പിച്ചെടുക്കാനുമുള്ള തീവ്ര ശ്രമത്തിലാണ് എൻഎസ്ഡബ്ല്യു സേവിംഗ് അവർ സ്പീഷീസ് പദ്ധതിയിലെ ഗവേഷകർ.