ആന്റി ഇവാൻസ്  theaussiebha
Australia

8 വർഷത്തെ ജോലിയും രാജ്യവും ഉപേക്ഷിച്ച് ഇന്ത്യയിലേക്ക്;ഓസ്‌ട്രേലിയൻ യുവാവിന്റെ മനസ്സ് നിറച്ച സ്നേഹം

രാജ്യത്തെ സംസ്കാരം, ശാസ്ത്ര–സാങ്കേതിക മേഖലയിലെ അതിവേഗ വളർച്ച, ജനങ്ങളുടെ ആതിഥ്യമര്യാദ എന്നിവയെയും ആന്റി ഇവാൻസ് പ്രശംസിച്ചു.

Elizabath Joseph

ന്യൂഡൽഹി ∙ ഇന്ത്യയിലേക്ക് കുടിയേറാനുള്ള തീരുമാനം ജീവിതത്തിലെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പുകളിൽ ഒന്നാണെന്ന് തുറന്നുപറഞ്ഞ് ഓസ്‌ട്രേലിയൻ യുവാവ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ആന്റി ഇവാൻസാണ് ഇന്ത്യയെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുന്നത്. രാജ്യത്തെ സംസ്കാരം, ശാസ്ത്ര–സാങ്കേതിക മേഖലയിലെ അതിവേഗ വളർച്ച, ജനങ്ങളുടെ ആതിഥ്യമര്യാദ എന്നിവയെയും ആന്റി ഇവാൻസ് പ്രശംസിച്ചു.

എട്ടു വർഷത്തെ അക്കൗണ്ടന്റ് ജോലി ഉപേക്ഷിച്ചാണ് ആന്റി ഇന്ത്യയിലെത്തി ഫുൾടൈം കോണ്ടന്റ് ക്രിയേറ്ററായി മാറിയത്. സ്വന്തം നാട്ടിൽ നിൽക്കുമ്പോൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് ഇന്ത്യ തനിക്ക് സമ്മാനിച്ചത്. വ്യക്തിപരമായ ജീവിതത്തിലും, പ്രഫഷനൽ കരിയറിലും മുന്നോട്ട് പോകാൻ ഈ രാജ്യമെന്നെ പ്രാപ്തനാക്കി. ഇന്ത്യയിൽ ഞാൻ എന്റെ സ്വപ്നങ്ങൾ ജീവിച്ചു തീർക്കുകയാണ്. മനോഹരമായ കാഴ്ചകളും മനുഷ്യരുമാണ് ഈ രാജ്യത്തുള്ളത് — ആന്റി ഇവാൻസ് വിഡിയോയിൽ പറഞ്ഞു.

ഈ രാജ്യത്തോടുള്ള നന്ദി ഹൃദയത്തിന്റെ ഭാഷയിൽ ഞാൻ പങ്കുവയ്ക്കുകയാണ്. വരും വർഷങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള കൂടുതൽ മികച്ച അനുഭവങ്ങൾ പങ്കുവയ്ക്കാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൻസ്റ്റാഗ്രാമിൽ വൈറലായ വിഡിയോയ്ക്ക് നിരവധി ആളുകളാണ് കമന്റുകളുമായി എത്തുന്നത്. ഒട്ടേറെ ഇന്ത്യക്കാർ അദ്ദേഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കൂടി സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്യുന്നുണ്ട്. ചില വ്യക്തികളിൽ നിന്ന് എപ്പോഴെങ്കിലും മോശം അനുഭവമുണ്ടായാലും ഇന്ത്യയോടുള്ള സ്നേഹം ഉപേക്ഷിക്കരുതെന്ന് അഭ്യർഥിക്കുന്ന കമന്റുകളും വിഡിയോയ്ക്ക് താഴെയുണ്ട്.

SCROLL FOR NEXT