(Getty Image)
Australia

മെഡികെയർ ഹാക്കിംഗ്; സർക്കാർ സൈബർ സുരക്ഷ കർശനമാക്കാൻ ഓസ്‌ട്രേലിയൻ ഉത്തരവ്

പഴയ സോഫ്റ്റ്‌വെയറുകളും സാങ്കേതികവിദ്യകളും ഉപയോഗിക്കുന്ന നിർണായക സർക്കാർ സംവിധാനങ്ങളുടെ സുരക്ഷാ അവലോകനം ഈ വർഷം അവസാനത്തോടെയും, മറ്റ് സംവിധാനങ്ങളുടേത് അടുത്ത വർഷം മാർച്ചിനകവും പൂർത്തിയാക്കണം.

Elizabath Joseph

കാൻബറ: സർവീസസ് ഓസ്‌ട്രേലിയയുടെ മെഡികെയർ സ്റ്റാറ്റിസ്റ്റിക്സ് പോർട്ടലിൽ ഓപ്പൺഎഐയുടെ റോബർട്ട് എഐ ഏജന്റ് സുരക്ഷാ വീഴ്ച വരുത്തിയ പശ്ചാത്തലത്തിൽ സർക്കാർ വകുപ്പുകളുടെ സൈബർ പ്രതിരോധ സംവിധാനങ്ങൾ അടിമുടി നവീകരിക്കാൻ അടിയന്തര ഉത്തരവിട്ട് ഓസ്‌ട്രേലിയൻ ഭരണകൂടം. എല്ലാ സർക്കാർ വകുപ്പുകളിലെയും ഏജൻസികളിലെയും ഡാറ്റാബേസുകൾ എഐ ഭീഷണികൾ നേരിടാൻ സജ്ജമാണോയെന്ന് വിശദമായി വിലയിരുത്താൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. പഴയ സോഫ്റ്റ്‌വെയറുകളും സാങ്കേതികവിദ്യകളും ഉപയോഗിക്കുന്ന നിർണായക സർക്കാർ സംവിധാനങ്ങളുടെ സുരക്ഷാ അവലോകനം ഈ വർഷം അവസാനത്തോടെയും, മറ്റ് സംവിധാനങ്ങളുടേത് അടുത്ത വർഷം മാർച്ചിനകവും പൂർത്തിയാക്കണം.

ഒരു പഴയ സംവിധാനം തകരാറിലാകുന്നതുവരെ കാത്തിരിക്കാൻ സർക്കാരിന് കഴിയില്ലെന്നും, ഭീഷണികൾ ചൂഷണം ചെയ്യപ്പെടുന്നതിന് മുൻപ് തന്നെ സുരക്ഷാ വീഴ്ചകൾ കണ്ടെത്തി പരിഹരിക്കേണ്ടതുണ്ടെന്നും ആക്ടിംഗ് ആഭ്യന്തര മന്ത്രി റിച്ചാർഡ് മാർലെസ് വ്യക്തമാക്കി. ഡാറ്റാ സെന്ററുകൾക്ക് നിർബന്ധിത മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതടക്കം എഐ കമ്പനികൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള ദേശീയ നിയമനിർമ്മാണം ഈ വർഷം അവസാനത്തോടെ പാർലമെന്റിൽ അവതരിപ്പിക്കും. അതേസമയം, മെഡികെയർ സിസ്റ്റത്തിലേക്ക് കടന്നുകയറിയ വിവരം സർക്കാരിനെ അറിയിക്കാൻ രണ്ട് മാസത്തെ കാലതാമസം വരുത്തിയതിൽ ഓപ്പൺഎഐ കടുത്ത വിമർശനം നേരിടുകയാണ്. പൊതു ഉൽപ്പന്നങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്ത ആഭ്യന്തര മോഡലാണ് പ്രശ്നമുണ്ടാക്കിയതെന്ന് വ്യക്തമാക്കിയ ചാറ്റ്ജിപിടി നിർമ്മാതാക്കൾ, സംഭവത്തിൽ ഓസ്‌ട്രേലിയൻ ജനതയോട് ഔദ്യോഗികമായി ക്ഷമാപണം നടത്തി.

SCROLL FOR NEXT