കാൻബറ: കനത്ത സാമ്പത്തികച്ചെലവ് കാരണം ദന്തചികിത്സ മാറ്റിവെക്കുന്ന ഓസ്‌ട്രേലിയക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. രാജ്യത്തെ മൂന്നിലൊന്ന് മുതിർന്നവരിലും പല്ല് ദ്രവിക്കൽ പോലെയുള്ള രോഗങ്ങൾ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ, ദീർഘനാളായി വൈകുന്ന 'ദേശീയ ദന്താരോഗ്യ നയം അടിയന്തിരമായി നടപ്പിലാക്കണമെന്ന് ഓസ്‌ട്രേലിയൻ ഡെന്റൽ അസോസിയേഷൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
ഓസ്‌ട്രേലിയൻ ഡെന്റൽ അസോസിയേഷൻ നടത്തിയ സർവേ പ്രകാരം ചെലവ് താങ്ങാനാകാത്തത് കാരണം ഇരുപത് ലക്ഷത്തിലധികം ആളുകളാണ് ദന്തചികിത്സ വേണ്ടെന്നു വെക്കുന്നത്. രോഗത്തിന്റെ ആദ്യഘട്ടങ്ങളിൽ ഡോക്ടറെ കാണാത്തത് പിന്നീട് അടിയന്തിര ശസ്ത്രക്രിയകൾക്കും കടുത്ത വേദനയ്ക്കും ഇടയാക്കുന്നുണ്ട്. 2025 മുതൽ 2034 വരെയുള്ള കാലയളവിലേക്ക് വിഭാവനം ചെയ്ത ദേശീയ ദന്താരോഗ്യ പദ്ധതി 2024-ൽ പുറത്തിറക്കേണ്ടതായിരുന്നെങ്കിലും ഭരണകൂടം ഇത് വെച്ചുതാമസിപ്പിക്കുകയാണെന്ന് എ.ഡി.എ വൈസ് പ്രസിഡന്റ് ഡോ. ആൻജി നിൽസൺ (Angus Nilsson) ആരോപിച്ചു. ഇതിനുപുറമെ, നവമാധ്യമങ്ങളിലൂടെ വരുന്ന തെറ്റായ പല്ല് സംരക്ഷണ നിർദ്ദേശങ്ങൾ വിശ്വസിച്ച് യുവാക്കൾ പല്ലുകളുടെ ആരോഗ്യം നശിപ്പിക്കുന്ന അവസ്ഥയുണ്ടെന്നും അസോസിയേഷൻ ചൂണ്ടിക്കാണിക്കുന്നു.