Philippe Gauthier/ Unsplash
Australia

യുഎസ് വിപണി തുറന്നുകിട്ടണം; മാൻഡരിൻ കയറ്റുമതിക്കായി ഓസ്‌ട്രേലിയൻ സിട്രസ് കർഷകർ രംഗത്ത്

ആഭ്യന്തര വിപണിയിൽ ആവശ്യക്കാരേക്കാൾ കൂടുതൽ ഉത്പാദനം ഉള്ളതിനാൽ മികച്ച വില ലഭിക്കുന്ന യുഎസ് വിപണി ലഭ്യമാക്കുന്നത് അത്യാവശ്യമാണെന്ന് സിട്രസ് ഉത്പാദകരായ കോസ്റ്റ ഗ്രൂപ്പും വ്യക്തമാക്കി.

Elizabath Joseph

ബ്രിസ്‌ബെയ്ൻ: ഓസ്‌ട്രേലിയയിൽ നിന്നുള്ള നാരങ്ങാവർഗ്ഗ പഴങ്ങളുടെ (സിട്രസ്) കയറ്റുമതിക്കായി യുണൈറ്റഡ് സ്റ്റേറ്റ്സ് വിപണി കൂടുതൽ തുറന്നുകിട്ടണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകൾ. നിലവിൽ റിവർലാൻഡ് (സൗത്ത് ഓസ്‌ട്രേലിയ), റിവറിന (ന്യൂ സൗത്ത് വെയിൽസ്), സൺറേസിയ (വിക്ടോറിയ, എൻഎസ്ഡബ്ല്യു) തുടങ്ങിയ പഴ ഈച്ച വിമുക്ത മേഖലകളിൽ (Fruit fly-free areas) നിന്നുള്ള സിട്രസ് പഴങ്ങൾക്ക് മാത്രമാണ് യുഎസിലേക്ക് നേരിട്ട് പ്രവേശനമുള്ളത്. ക്വീൻസ്‌ലൻഡ് ഉൾപ്പെടെയുള്ള പ്രധാന ഉത്പാദന മേഖലകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ കാരണം പ്രതിവർഷം 150 ദശലക്ഷം ഡോളറിലധികം (ഏകദേശം 820 കോടി രൂപ) കയറ്റുമതി വരുമാനമാണ് കർഷകർക്ക് നഷ്ടമാകുന്നതെന്ന് സിട്രസ് ഓസ്‌ട്രേലിയ വ്യക്തമാക്കി.

മൂന്ന് പതിറ്റാണ്ടിലേറെയായി നീളുന്ന വിപണി ചർച്ചകൾക്കൊടുവിൽ, പഴ ഈച്ചകളെ നശിപ്പിക്കുന്ന കോൾഡ് ട്രീറ്റ്‌മെന്റ് (Cold Treatment - 3 ഡിഗ്രി സെൽഷ്യസോ അതിൽ താഴെയോ താപനിലയിൽ സൂക്ഷിക്കുന്ന സാങ്കേതികവിദ്യ) വഴി കയറ്റുമതി അനുവദിക്കണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം. നിലവിൽ മറ്റ് വിദേശ വിപണികളിലേക്ക് അയക്കുന്ന കണ്ടെയ്നറുകളിൽ ഭൂരിഭാഗവും ഈ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതെന്ന് ക്വീൻസ്‌ലൻഡിലെ മുൻനിര കർഷകർ ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തര വിപണിയിൽ ആവശ്യക്കാരേക്കാൾ കൂടുതൽ ഉത്പാദനം ഉള്ളതിനാൽ മികച്ച വില ലഭിക്കുന്ന യുഎസ് വിപണി ലഭ്യമാക്കുന്നത് അത്യാവശ്യമാണെന്ന് ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ സിട്രസ് ഉത്പാദകരായ കോസ്റ്റ ഗ്രൂപ്പും വ്യക്തമാക്കി. ഈ വർഷത്തെ വിളവെടുപ്പ് പൂർത്തിയായതോടെ, യുഎസ് അധികൃതരുമായി നയതന്ത്ര ചർച്ചകൾ പൂർത്തിയാക്കി 2027 സീസണിലെങ്കിലും പൂർണ്ണ കയറ്റുമതി അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

SCROLL FOR NEXT