കാൻബറയിലെ അഫോർഡബിൾ ഭവന പദ്ധതി പരാജയമെന്ന് പരാതി  
Australian Capital Territory

വീട് ലഭിക്കാൻ 5 വർഷത്തെ കാത്തിരിപ്പ്; കാൻബറയിലെ അഫോർഡബിൾ ഭവന പദ്ധതി പരാജയമെന്ന് പരാതി

നിർമ്മാണ വൈകല്യങ്ങൾ ചൂണ്ടിക്കാട്ടിയതോടെ ഉപഭോക്താക്കൾക്ക് കരാർ ലംഘന നോട്ടീസ് അയക്കുകയും വീടുകൾ സർക്കാർ തിരികെ വാങ്ങുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഉടമകൾ പറയുന്നു.

Elizabath Joseph

കാൻബറ: കുറഞ്ഞ-ഇടത്തരം വരുമാനക്കാർക്ക് സ്വന്തമായി വീട് വാങ്ങാൻ ലക്ഷ്യമിട്ട് എസിടി (ACT) സർക്കാർ ആരംഭിച്ച അഫോർഡബിൾ ഹോം പർച്ചേസ് സ്കീം വൻ പരാജയമെന്ന് ഉപഭോക്താക്കൾ. കരാർ ഒപ്പിട്ട് അഞ്ച് വർഷം കഴിഞ്ഞിട്ടും പലർക്കും ഇതുവരെ വീടുകളിൽ താമസിക്കാൻ കഴിഞ്ഞിട്ടില്ല. നിർമ്മാണം അപൂർണ്ണമായി കിടക്കുന്ന വീടുകളിലെ തകരാറുകളെ ചൊല്ലി ബിൽഡറുമായി നിയമ-കരാർ തർക്കങ്ങൾ നിലനിൽക്കുന്നതിനാൽ പണം നൽകിയവർ പെരുവഴിയിലായ അവസ്ഥയിലാണ്.

സബർബൻ ലാൻഡ് ഏജൻസി (SLA) വഴി കാൻബറയിലെ വിറ്റ്‌ലാം (Whitlam), ടെയ്‌ലർ (Taylor) എന്നീ സബർബുകളിലാണ് പദ്ധതി നടപ്പിലാക്കിയത്. 2021 ഡിസംബറിൽ 4,40,000 ഡോളർ നിശ്ചിത തുകയ്ക്ക് മൂന്ന് കിടപ്പുമുറികളുള്ള ടൗൺഹൗസുകൾ നറുക്കെടുപ്പിലൂടെ സ്വന്തമാക്കിയവർക്കാണ് ഈ ദുരനുഭവമുണ്ടായത്. 2022-ൽ നിർമ്മാണം ആരംഭിച്ച് 2023-ൽ പൂർത്തിയാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും വർഷങ്ങൾ നീണ്ടുപോയി. പണി പൂർത്തിയായെന്ന് കാണിച്ച് ബിൽഡർമാർ ഒക്യുപൻസി സർട്ടിഫിക്കറ്റുകളിൽ ഒപ്പിടാൻ നിർബന്ധിക്കുന്നുണ്ടെങ്കിലും വീടുകളിൽ വലിയ തകരാറുകൾ നിലനിൽക്കുകയാണെന്ന് ഉടമകൾ ചൂണ്ടിക്കാട്ടുന്നു. പുറത്തെ ഭിത്തികൾക്ക് കട്ടകൾക്ക് പകരം ഫോം ക്ലാഡിംഗ് ഉപയോഗിച്ചതും പരിശോധനയ്ക്കായി എത്തിയ സ്വതന്ത്ര ഇൻസ്പെക്ടർമാരെ സൈറ്റിൽ പ്രവേശിപ്പിക്കാത്തതും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

നിർമ്മാണ വൈകല്യങ്ങൾ ചൂണ്ടിക്കാട്ടിയതോടെ ഉപഭോക്താക്കൾക്ക് കരാർ ലംഘന നോട്ടീസ് അയക്കുകയും വീടുകൾ സർക്കാർ തിരികെ വാങ്ങുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഉടമകൾ പറയുന്നു. പദ്ധതിയിൽ ഉൾപ്പെട്ട 181 വീടുകളിൽ 170 എണ്ണത്തിലും ആളുകൾ താമസം തുടങ്ങിയെങ്കിലും ബാക്കിയുള്ളവ ബിൽഡറുടെ അനാസ്ഥ കാരണം വൈകുകയാണെന്ന് മുഖ്യമന്ത്രി ആൻഡ്രൂ ബാർ പാർലമെന്റിൽ വ്യക്തമാക്കി. ബിൽഡറുടെ ഈ നിരുത്തരവാദപരമായ സമീപനം അംഗീകരിക്കാനാവില്ലെന്നും തകരാറുകൾ പരിഹരിക്കാൻ സർക്കാരിന്റെ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും സബർബൻ ലാൻഡ് ഏജൻസി അറിയിച്ചു.

SCROLL FOR NEXT