വാൾ ആക്രമണത്തിൽ കൈക്ക് പരിക്കേറ്റ ഇന്ത്യക്കാരന് ഓസ്‌ട്രേലിയയിൽ ചികിത്സ തുടരുന്നതിനായി പുതിയ വിസ അനുവദിച്ചു.33 കാരനായ ഇന്ത്യൻ പൗരൻ സൗരഭ് ആനന്ദിന് വിസ ലഭിച്ചതായും ഫെഡറൽ സർക്കാർ അനുകമ്പാപൂർവ്വം അദ്ദേഹത്തിന്റെ കേസ് പരിഗണിച്ചതിനെത്തുടർന്ന് സ്ഥിര താമസത്തിനുള്ള പാതയിലാണെന്നും 7.30 വെളിപ്പെടുത്തുന്നു. ഓഗസ്റ്റ് 25 ന് താൽക്കാലിക വിസ കാലാവധി അവസാനിക്കാനിരുന്നതിനാൽ ആനന്ദ് നാടുകടത്തൽ നേരിടുകയായിരുന്നു. പുതിയ വിസ അദ്ദേഹത്തിന് രണ്ട് വർഷം വരെ താമസിക്കാൻ അനുവദിക്കുമെങ്കിലും, ഓസ്‌ട്രേലിയയിൽ സ്ഥിര താമസക്കാരനാകാനുള്ള പാതയിലുമാണ് അദ്ദേഹം.
പുതിയ വിസ സ്വീകരിക്കുന്നതിനായി ആനന്ദും അമ്മ നിതിൻ ആനന്ദും അദ്ദേഹത്തിന്റെ പ്രാദേശിക എംപി ടിം വാട്ട്‌സിനെയും പൗരത്വ സഹമന്ത്രി ജൂലിയൻ ഹില്ലിനെയും കണ്ടു.
ഒരു മാസം മുമ്പ് വിക്ടോറിയയിലെ ആൾട്ടോണ മെഡോസിലെ ഒരു ഷോപ്പിംഗ് സെന്ററിൽ നിന്നും മരുന്നു വാങ്ങി വീട്ടിലേക്ക് മടങ്ങുന്ന സൗരഭിനെ കൗമാരക്കാരുടെ സംഘം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സൗരഭിന്റെ കൈ അറ്റു. അറ്റുപോയ കൈ ദീർഘനേരം നീണ്ടുനിന്ന സർജറിയിലൂടെ ഘടിപ്പിച്ചു. ഒരാൾ അടിച്ചു നിലത്തിട്ടതായും മൂന്നാമത്തെയാൾ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തുന്നതിനിടെ സ്വയരക്ഷയ്ക്കായി കൈ ഉപയോഗിച്ച് പ്രതിരോധിക്കുമ്പോഴാണ് ഗുരുതരമായി പരിക്കേറ്റത്. സൗരഭിന്റെ തോളിലും പുറകിലും കുത്തേറ്റു. നട്ടെല്ലിന് പൊട്ടലും, കൈയിലെ എല്ലുകൾ ഒടിവും തലയ്ക്ക് പരിക്കും ഏറ്റു. വഴിയാത്രക്കാരാണ് സൗരഭിനെ റോയൽ മെൽബൺ ആശുപത്രിയിലെത്തിച്ചത്.