കാൻബറ: കഴിഞ്ഞ വ്യാഴാഴ്ച ഇന്തോനേഷ്യയിലെ ഡെൻപാസറിൽ നിന്ന് ബ്രിസ്‌ബേനിലേക്ക് പറന്ന വിർജിൻ ഓസ്‌ട്രേലിയയുടെ ബോയിങ് 737 മാക്സ് 8 വിമാനത്തിൽ ശുചിമുറി തകരാറിലായതോടെ യാത്രക്കാർ കാര്യം സാധിച്ചത് കുപ്പികളിൽ.അറ്റകുറ്റപ്പണികൾ കാരണം വിമാനത്തിലെ പിൻഭാഗത്തെ ശുചിമുറികളിലൊന്ന് യാത്ര പുറപ്പെടുന്നതിന് മുൻപ് തന്നെ ക്ലോസ് ചെയ്തിരുന്നു. ഇതോടെ മറ്റ് ശുചിമുറികളെ കൂടുതലായി യാത്രക്കാർ ആശ്രയിച്ചു. ആറ് മണിക്കൂർ നീണ്ട യാത്രയ്ക്കിടെ മറ്റ് ശുചിമുറികളും യാത്രക്കാർ ഉപയോഗിച്ചതോടെ അവയും തകരാറിലായി. ഇതോടെയാണ് യാത്രക്കാർ ദുരിതത്തിലായത്. വിമാന യാത്രയുടെ അവസാന മൂന്ന് മണിക്കൂർ ഒരു പേടിസ്വപ്നമായി മാറിയെന്ന് യാത്രക്കാരിൽ ചിലർ പറഞ്ഞു. യാത്രക്കാർ കുപ്പികളിൽ മൂത്രമൊഴിക്കാൻ നിർബന്ധിതരായി, മറ്റുള്ളവർ അസ്വസ്ഥത സഹിച്ചു, മൂത്രത്തിന്റെ ഗന്ധം കാരണം വിമാനത്തിലെ യാത്ര അസഹനീയമായി. അപമാനകരമായ യാത്രയായിരുന്നു ഇതെന്ന് യാത്രക്കാർ പറഞ്ഞു.
അതേസമയം വെല്ലുവിളി നിറഞ്ഞ സാഹചര്യം കൈകാര്യം ചെയ്തതിന് ക്രൂവിന് നന്ദി പറഞ്ഞ വിർജിൻ ഓസ്‌ട്രേലിയ യാത്രക്കാരോട് ക്ഷമാപണം നടത്തി. "വ്യാഴാഴ്ച വൈകുന്നേരം ഡെൻപാസറിൽ നിന്ന് ബ്രിസ്‌ബേനിലേക്കുള്ള ഒരു വിർജിൻ ഓസ്‌ട്രേലിയ വിമാനത്തിൽ ഒരു പ്രശ്‌നം നേരിട്ടു, ഇത് ശുചിമുറികളുടെ സേവനക്ഷമതയെ ബാധിച്ചുവെന്ന് വിർജിൻ ഓസ്‌ട്രേലിയ 7 ന്യൂസിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. ബുദ്ധിമുട്ടുള്ള യാത്രക്കാർക്ക് ഫ്ലൈറ്റ് ക്രെഡിറ്റുകൾ നൽകുമെന്ന് എയർലൈൻ വാഗ്ദാനം ചെയ്തു.