കാൻബറ: ഓസ്ട്രേലിയൻ നാവികസേനയുടെ കപ്പലിൽ വീഡിയോ ചിത്രീകരണ ഉപകരണം കണ്ടെത്തിയതായി പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചു. ക്വീൻസ്ലൻഡിലെ കെയ്ൻസിൽ നങ്കൂരമിട്ടിരുന്ന എച്ച്എംഎഎസ് ലീവിനിലാണ് സംഭവം. വനിതാ നാവികരുടെ ഷവർ മുറിയിൽ ഒളിക്യാമറ കണ്ടെത്തിയെന്ന ആരോപണം സെനറ്റർ ജാക്കി ലാംബി പാർലമെന്റിൽ ഉന്നയിച്ചതിന് പിന്നാലെയാണ് വകുപ്പിന്റെ സ്ഥിരീകരണം. ഒക്ടോബർ 11ന് കപ്പലിലെ ക്യാബിനിൽ വീഡിയോ റെക്കോർഡിങ് ഉപകരണം കണ്ടെത്തിയതായി ബുധനാഴ്ച പ്രതിരോധ വകുപ്പ് അറിയിച്ചു. സംഭവത്തിൽ ജോയിന്റ് മിലിട്ടറി പൊലീസ് യൂണിറ്റ് അന്വേഷണം നടത്തിവരികയാണ്. സിവിലിയൻ അധികാരികളുമായും പ്രതിരോധ വകുപ്പ് സഹകരിക്കുന്നുണ്ട്. കപ്പൽ കെയ്ൻസിൽ നങ്കൂരമിട്ടിരിക്കെയാണ് ഉപകരണം കണ്ടെത്തിയത്. അന്വേഷണം നടത്താനും കപ്പലിലെ ജീവനക്കാർക്ക് അടിയന്തര പിന്തുണ ഉറപ്പാക്കാനും കപ്പൽ യാത്ര പുറപ്പെടാതെ നിർത്തിയിരിക്കുകയാണെന്ന് വകുപ്പ് വ്യക്തമാക്കി. ജീവനക്കാരുടെ ക്ഷേമത്തിനാണ് മുൻഗണനയെന്നും അന്വേഷണം തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ നൽകാനാകില്ലെന്നും അധികൃതർ അറിയിച്ചു.
മുൻ നാവികസേനാംഗത്തിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിഷയം സെനറ്റിൽ ഉന്നയിച്ചതെന്ന് ഓസ്ട്രേലിയൻ പ്രതിരോധ സേനയിലെ മുൻ അംഗവും സ്വതന്ത്ര സെനറ്ററുമായ ജാക്കി ലാംബി പറഞ്ഞു. കപ്പലിലെ വനിതാ നാവികരുടെ ഷവർ സൗകര്യങ്ങളിൽ ഒളിക്യാമറകൾ കണ്ടെത്തിയെന്നായിരുന്നു ആരോപണം. ക്യാമറകൾ കണ്ടെത്തുന്നതിന് മുമ്പ് അവയിൽ പകർത്തിയ ദൃശ്യങ്ങൾ ഓൺലൈനിൽ അപ്ലോഡ് ചെയ്തിരിക്കാമെന്ന ആശങ്കയും അവർ പ്രകടിപ്പിച്ചു. എത്ര വനിതാ നാവികരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടാകാമെന്നും ദൃശ്യങ്ങൾ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ പ്രചരിപ്പിച്ചിട്ടുണ്ടോയെന്നും ലാംബി ചോദിച്ചു. നാവികസേനയിലെ മറ്റ് കപ്പലുകളിലും അന്തർവാഹിനികളിലും സമാന ഉപകരണങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ക്യാമറ സ്ഥാപിച്ചത് പ്രതിരോധ സേനയിലെ അംഗമാണോ അതോ കരാറുകാരിൽ ആരെങ്കിലുമാണോ എന്ന കാര്യവും വ്യക്തമല്ലെന്ന് ലാംബി ചൂണ്ടിക്കാട്ടി. പ്രതിരോധ വകുപ്പിന്റെ പ്രതികരണത്തിൽ തൃപ്തിയില്ലെന്നും സേനയിലെ ഇത്തരം പെരുമാറ്റങ്ങൾ നിയന്ത്രിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സംഭവത്തിൽ ആരെയെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടോയെന്നും മറ്റ് നാവികസേനാ കേന്ദ്രങ്ങളിൽ സമാന ഉപകരണങ്ങൾ കണ്ടെത്തിയിട്ടുണ്ടോയെന്നും ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിച്ചിട്ടുണ്ടോയെന്നും മാധ്യമങ്ങൾ ചോദിച്ചെങ്കിലും പ്രതിരോധ വകുപ്പ് വ്യക്തമായ മറുപടി നൽകിയില്ല. അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നാണ് അധികൃതരുടെ നിലപാട്.