(AP)
Australian Capital Territory

ഓസ്‌ട്രേലിയയിൽ തൊഴിലില്ലായ്മ നിരക്ക് 4.7 ശതമാനമായി; കോവിഡ് കാലത്തിനു ശേഷമുള്ള ഉയർന്ന നിരക്ക്

സെപ്റ്റംബറിൽ തൊഴിലുള്ളവരുടെ എണ്ണം 39,000 കുറഞ്ഞപ്പോൾ തൊഴിലില്ലാത്തവരുടെ എണ്ണം 9,000 വർധിച്ചതായി എബിഎസ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് മേധാവി സീൻ ക്രിക്ക് പറഞ്ഞു.

Safvana Jouhar

സിഡ്‌നി: ഓസ്‌ട്രേലിയയിൽ തൊഴിലില്ലായ്മ നിരക്ക് തുടർച്ചയായ രണ്ടാം മാസവും അപ്രതീക്ഷിതമായി ഉയർന്നു. സെപ്റ്റംബറിൽ നിരക്ക് 4.7 ശതമാനമായതായി ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (എബിഎസ്) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഏകദേശം 39,000 പേർക്ക് തൊഴിൽ നഷ്ടമായതോടെയാണ് നിരക്കിൽ വർധനയുണ്ടായത്. സാമ്പത്തിക വിദഗ്ധർ 4.6 ശതമാനം തൊഴിലില്ലായ്മ നിരക്കാണ് പ്രവചിച്ചിരുന്നത്. ഓഗസ്റ്റിലെ നിരക്ക് നേരത്തേ 4.6 ശതമാനമായി റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും പുതിയ കണക്കുകളിൽ ഇത് 4.7 ശതമാനമായി തിരുത്തിയിട്ടുണ്ട്. 2021 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. അന്ന് കോവിഡ് നിയന്ത്രണങ്ങളിൽനിന്ന് രാജ്യം പുറത്തുകടക്കുന്നതിനിടെ തൊഴിലില്ലായ്മ നിരക്ക് 5.2 ശതമാനമായിരുന്നു.

സെപ്റ്റംബറിൽ തൊഴിലുള്ളവരുടെ എണ്ണം 39,000 കുറഞ്ഞപ്പോൾ തൊഴിലില്ലാത്തവരുടെ എണ്ണം 9,000 വർധിച്ചതായി എബിഎസ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് മേധാവി സീൻ ക്രിക്ക് പറഞ്ഞു. ജനസംഖ്യയിൽ തൊഴിലുള്ളവരുടെ അനുപാതം 0.3 ശതമാന പോയിന്റ് കുറഞ്ഞ് 63.6 ശതമാനമായി. തൊഴിൽശക്തിയിൽ പങ്കാളികളാകുന്നവരുടെ നിരക്ക് 0.2 ശതമാന പോയിന്റ് കുറഞ്ഞ് 66.8 ശതമാനത്തിലുമെത്തി.

തൊഴിലില്ലായ്മ നിരക്ക് ഉയർന്നത് ക്രിസ്മസിന് മുമ്പ് റിസർവ് ബാങ്ക് പലിശനിരക്ക് വീണ്ടും ഉയർത്താനുള്ള സാധ്യത കുറച്ചേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. പണപ്പെരുപ്പവുമായി ബന്ധപ്പെട്ട പുതിയ കണക്കുകൾ പരിശോധിച്ച് കൂടുതൽ സമയം കാത്തിരിക്കാനുള്ള അവസരം റിസർവ് ബാങ്കിന് ഇതിലൂടെ ലഭിക്കുമെന്ന് ഓക്സ്ഫഡ് ഇക്കണോമിക്സ് ഓസ്‌ട്രേലിയയിലെ ഓസ്കർ ഗുത്ത് പറഞ്ഞു. എന്നാൽ അടുത്ത വർഷം ആദ്യ പാദത്തിൽ പലിശനിരക്ക് വീണ്ടും ഉയർത്താനിടയുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. എണ്ണവിലയിലെ ആഘാതങ്ങളും കർശനമായ പണനയത്തിന്റെ വൈകിയുള്ള പ്രത്യാഘാതങ്ങളും തൊഴിൽ വിപണിയെ ബാധിക്കുന്നതിനാൽ 2027ലും തൊഴിലില്ലായ്മ നിരക്ക് ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പണപ്പെരുപ്പം നിയന്ത്രിക്കാൻ തൊഴിലില്ലായ്മ നിരക്ക് അഞ്ച് ശതമാനം വരെ ഉയരേണ്ടിവന്നേക്കാമെന്ന് റിസർവ് ബാങ്ക് ഗവർണർ മിഷേൽ ബുള്ളക്ക് നേരത്തേ വ്യക്തമാക്കിയിരുന്നു. പണപ്പെരുപ്പം നിയന്ത്രണവിധേയമായാൽ പലിശനിരക്ക് വീണ്ടും ഉയർത്തുന്നത് നിർത്താനും പിന്നീട് കുറയ്ക്കാനും സാഹചര്യമൊരുങ്ങുമെന്നാണ് വിലയിരുത്തൽ.

SCROLL FOR NEXT