ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിനിടെ നടത്തിയ പരാമർശത്തെ തുടർന്ന് വിമർശനങ്ങൾ നേരിടുകയാണ്. കാൻബറയിലെ ദി ലോഡ്ജിൽ നടന്ന നോവയുടെ Bush Deep പോഡ്കാസ്റ്റിൽ അവതാരക നിക്കി ഓസ്ബോൺ, "Shag, Marry or Kill" എന്ന ഗെയിമിന്റെ ഭാഗമായി ഗായിക Kylie Minogue, നടി Nicole Kidman, അവതാരക Rhonda Burchmore എന്നിവരിൽ ഒരാളെ തിരഞ്ഞെടുക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
ആദ്യം, "ഞാൻ ഇപ്പോൾ വിവാഹിതനാണ്. വിവാഹം കഴിഞ്ഞ് ആറ് മാസം മാത്രമാണ് ആയത്," എന്നാണ് അൽബനീസ് മറുപടി നൽകിയത്. എന്നാൽ, വിവാഹിതനല്ലായിരുന്നെങ്കിൽ എന്തായിരിക്കും മറുപടിയെന്ന ചോദ്യത്തിന് അദ്ദേഹം "കൈലി, വ്യക്തമായും" എന്ന് പറഞ്ഞു. തുടർന്ന് അവതാരക കൂടുതൽ ചോദ്യം ചെയ്തപ്പോൾ "എല്ലാം അതുതന്നെ. അവർ മികച്ച വ്യക്തിയാണ്," എന്നും അദ്ദേഹം പ്രതികരിച്ചു.
സംഭവത്തെ തുടർന്ന് സ്വതന്ത്ര എംപിയായ Dai Le പ്രധാനമന്ത്രിയുടെ പരാമർശത്തെ വിമർശിച്ചു. പാർലമെന്റിൽ ഇത്തരം വാക്കുകൾ ഉപയോഗിക്കാൻ പാടില്ലെന്നും, ഒരു ജെന്റിൽമാന്റെ പെരുമാറ്റത്തിന് യോജിച്ചതല്ല ഈ പ്രതികരണമെന്നും അവർ പറഞ്ഞു. യുവാക്കളെ ആകർഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കാം പ്രധാനമന്ത്രി ഇത്തരത്തിൽ സംസാരിച്ചതെന്നും അവർ അഭിപ്രായപ്പെട്ടു. അൽബനീസും അദ്ദേഹത്തിന്റെ ഭാര്യ Jodie Haydonയും അഞ്ച് വർഷത്തെ ബന്ധത്തിനുശേഷം കഴിഞ്ഞ നവംബറിൽ കാൻബറയിലെ ദി ലോഡ്ജിൽ വെച്ച് വിവാഹിതരായിരുന്നു. അധികാരത്തിലിരിക്കെ വിവാഹിതനായ ഓസ്ട്രേലിയയുടെ ആദ്യ പ്രധാനമന്ത്രിയാണ് അൽബനീസ്. കഴിഞ്ഞ വർഷം ദമ്പതികൾ ന്യൂ സൗത്ത് വെയിൽസിലെ സെൻട്രൽ കോസ്റ്റിൽ 4.3 മില്യൺ ഡോളർ വിലമതിക്കുന്ന വീട് വാങ്ങിയിരുന്നു. അതേ പോഡ്കാസ്റ്റിൽ, താനും ജോടിയും ഇപ്പോഴും ഹണിമൂൺ ഘട്ടം ആസ്വദിക്കുകയാണെന്നും അൽബനീസ് പറഞ്ഞു.