ഇന്ധനവില വർധനയും കാർഡ് സർചാർജുകൾ നിരോധിച്ച സർക്കാർ തീരുമാനവും ഓസ്ട്രേലിയയിൽ പണപ്പെരുപ്പം വീണ്ടും ഉയരാൻ കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ബുധനാഴ്ച പുറത്തുവിടുന്ന ഒക്ടോബറിലെ ഉപഭോക്തൃ വില സൂചിക കണക്കുകൾ പ്രകാരം പണപ്പെരുപ്പം വാർഷികാടിസ്ഥാനത്തിൽ 4.3 ശതമാനത്തിൽ നിന്ന് 4.7 ശതമാനമായി ഉയരുമെന്നാണ് NAB സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. പ്രവചനം ശരിയായാൽ 2023ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായിരിക്കും ഇത്. പണപ്പെരുപ്പത്തിൽ സർക്കാരിനുള്ള പങ്കും 2026ൽ റിസർവ് ബാങ്ക് അഞ്ച് തവണ പലിശനിരക്ക് വർധിപ്പിച്ചതും ചൂണ്ടിക്കാട്ടി വർഷത്തിലെ അവസാന പാർലമെന്റ് സമ്മേളന വേളയിൽ പ്രതിപക്ഷം ട്രഷറർ Jim Chalmersനെതിരെ വിമർശനം ശക്തമാക്കിയിരുന്നു. പുതിയ കണക്കുകൾ സർക്കാരിന് കൂടുതൽ സമ്മർദമുണ്ടാക്കും.
എന്നാൽ ഒക്ടോബറിലായിരിക്കും പണപ്പെരുപ്പം ഏറ്റവും ഉയർന്ന നിലയിലെത്തുകയെന്നാണ് NAB സീനിയർ സാമ്പത്തിക വിദഗ്ധൻ Taylor Nugentന്റെ വിലയിരുത്തൽ. “ഞങ്ങളുടെ പ്രവചനം ശരിയായാൽ അത് റിസർവ് ബാങ്കിന് ആശ്വാസം നൽകില്ല. എന്നാൽ ഒക്ടോബറിലായിരിക്കും പണപ്പെരുപ്പത്തിന്റെ ഉയർന്ന ഘട്ടം. അടിസ്ഥാന പണപ്പെരുപ്പത്തിന്റെ യഥാർഥ വേഗതയെക്കാൾ ഉയർന്നതായി കണക്കുകൾ കാണിക്കാനും സാധ്യതയുണ്ട്,” അദ്ദേഹം പറഞ്ഞു. പണപ്പെരുപ്പം ഉയർത്തുന്ന പ്രധാന ഘടകങ്ങൾ ദീർഘകാലം നിലനിൽക്കാനിടയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒക്ടോബറിൽ ആഗോള എണ്ണവില കുത്തനെ ഉയർന്നതോടെ ഇന്ധനവില വാർഷികാടിസ്ഥാനത്തിൽ ഏകദേശം മൂന്നിലൊന്ന് വർധിച്ചു. ഇത് വാർഷിക പണപ്പെരുപ്പ നിരക്കിൽ 1.2 ശതമാനം പോയിന്റിന്റെ വർധനവിന് കാരണമായതായി Nugent പറഞ്ഞു.
എന്നാൽ നവംബർ ആദ്യം ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ എണ്ണവില കുറഞ്ഞത് വരും മാസങ്ങളിൽ ഇന്ധനവില കുറയാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ. ഒക്ടോബറിൽ എണ്ണവില ബാരലിന് 120 യുഎസ് ഡോളറിനടുത്തെത്തിയിരുന്നുവെന്ന് ട്രഷറർ Jim Chalmers ചൊവ്വാഴ്ച ചൂണ്ടിക്കാട്ടി. ബുധനാഴ്ച പുറത്തുവരാനിരിക്കുന്ന പണപ്പെരുപ്പ കണക്കുകൾ ഉയർന്നതായിരിക്കുമെന്ന സൂചനയും അദ്ദേഹം നൽകി. “ഇവയാണ് വസ്തുതകൾ. അതുകൊണ്ടാണ് നാളെ ഉയർന്ന പണപ്പെരുപ്പ നിരക്ക് പുറത്തുവരുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത്,” പാർലമെന്റിലെ ചോദ്യോത്തര വേളയിൽ അദ്ദേഹം പറഞ്ഞു. “നാളെ പുറത്തുവരുന്ന കണക്കുകളിൽ പണപ്പെരുപ്പം ഞങ്ങൾ ആഗ്രഹിക്കുന്നതിലും ഉയർന്നതായിരിക്കും. ഉൽപ്പാദനക്ഷമത ദീർഘകാലമായി കുറഞ്ഞ നിലയിലാണ്. ആഗോള സാഹചര്യം അപകടകരവും അനിശ്ചിതത്വം നിറഞ്ഞതുമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസംബറിൽ അവതരിപ്പിക്കുന്ന മിഡ്-ഇയർ ബജറ്റ് അവലോകനത്തിൽ പണപ്പെരുപ്പം പ്രധാന വിഷയമായിരിക്കുമെന്നും പുതിയ ചെലവുകൾ പ്രഖ്യാപിക്കുന്നതിനേക്കാൾ കൂടുതൽ ചെലവ് ചുരുക്കൽ നടപടികൾക്കായിരിക്കും സർക്കാർ മുൻഗണന നൽകുകയെന്നും Chalmers വ്യക്തമാക്കി.
അതേസമയം, ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന കാർഡ് സർചാർജ് നിരോധനവും പണപ്പെരുപ്പത്തിൽ ഒറ്റത്തവണ വർധനവിന് കാരണമാകുമെന്നാണ് വിലയിരുത്തൽ. നിയമമാറ്റത്തിന് മുമ്പ് 16 ശതമാനം സ്ഥാപനങ്ങൾ മാത്രമാണ് കാർഡ് സർചാർജ് ഈടാക്കിയിരുന്നത്. എന്നാൽ ഈ മാറ്റത്തെ തുടർന്ന് ഹോട്ടൽ-റസ്റ്റോറന്റ് മേഖല ഉൾപ്പെടെയുള്ള സേവനമേഖലകളിലെ നിരവധി സ്ഥാപനങ്ങൾ വിലകൾ പുനഃക്രമീകരിച്ചതായി കാണപ്പെടുന്നുവെന്ന് NAB സാമ്പത്തിക വിദഗ്ധൻ Taylor Nugent പറഞ്ഞു. ഇത് പണപ്പെരുപ്പം ഉയരാൻ കാരണമായേക്കും.