Finnish President Alex Stubb and Australian Prime Minister  (Alex Stubb)
Australian Capital Territory

കാൻബറയിലെ ഫിൻലൻഡ് എംബസിയുടെ ഏകദിന അടച്ചിടൽ വൈറലായി; പ്രസിഡന്റിന്റെ ഇടപെടലോടെ വീണ്ടും തുറന്നു

തുർക്കിയിൽ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയായ COP31-ന്റെ ഭാഗമായി ഫിൻലൻഡ് പ്രസിഡന്റ് അലക്‌സ് സ്റ്റബ്ബും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസിയും കൂടിക്കാഴ്ച നടത്തി.

Safvana Jouhar

ഓസ്‌ട്രേലിയയിലെ കാൻബറയിലുള്ള ഫിൻലൻഡ് എംബസി ഒരു ദിവസത്തേക്ക് അടച്ചിട്ടതിനെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച. തമാശകളും പ്രതികരണങ്ങളുമായി വൈറലായ സംഭവം ഒടുവിൽ ഫിൻലൻഡ് പ്രസിഡന്റ് അലക്‌സ് സ്റ്റബ്ബും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസിയും തമ്മിലുള്ള ഉന്നതതല ചർച്ചയിലേക്കും എത്തി. നവംബർ 10 ചൊവ്വാഴ്ച ആഭ്യന്തര ആസൂത്രണ ദിനത്തിന്റെ ഭാഗമായി എംബസി അടച്ചിടുമെന്നും പിറ്റേന്ന് സാധാരണ പ്രവർത്തനം പുനരാരംഭിക്കുമെന്നും അറിയിച്ച് എംബസി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. അന്ന് എംബസി സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നവർ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പോസ്റ്റിന് താഴെ തമാശ നിറഞ്ഞ കമന്റുകളുമായി എത്തി.

“ഇന്ന് അവിടെ എത്തിയപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്” എന്നായിരുന്നു ജെറ്റ്‌സ്റ്റാറിന്റെ പ്രതികരണം. “ഇന്നത്തെ ദിവസം തന്നെ നശിച്ചു” എന്നായിരുന്നു കോണ്ടിക്കിയുടെ കമന്റ്. ചെക്ക് റിപ്പബ്ലിക്കിലെ ഫിൻലൻഡ് എംബസിയും വിഷയത്തിൽ തമാശ പങ്കുവച്ചു. പോസ്റ്റിന് പിന്നീട് ഏഴുലക്ഷത്തിലധികം ലൈക്കുകളും ഏകദേശം 8,000 കമന്റുകളും ലഭിച്ചു. മറ്റു രാജ്യങ്ങളിലെ ഫിൻലൻഡ് എംബസികളും സമൂഹമാധ്യമ ഉപയോക്താക്കളും ഇതുമായി ബന്ധപ്പെട്ട വീഡിയോകൾ പങ്കുവച്ചു. വൈറൽ സാഹചര്യം മുതലെടുത്ത് അമേരിക്കൻ എയർലൈൻ യൂറോപ്പിലേക്കുള്ള വിമാനയാത്രയ്ക്ക് പ്രത്യേക ഓഫറും പ്രഖ്യാപിച്ചു. 22,500 മൈൽ പോയിന്റ് മുതൽ വിമാനയാത്ര ലഭ്യമാക്കുമെന്നായിരുന്നു അറിയിപ്പ്. ബുധനാഴ്ച എംബസി വീണ്ടും തുറന്നത് റിബൺ മുറിച്ചുകൊണ്ടുള്ള ചടങ്ങോടെയായിരുന്നു. നവംബർ 10ലെ താൽക്കാലിക അടച്ചിടലിന് പിന്നാലെ 24 മണിക്കൂർ നീണ്ട ആശങ്കകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഐക്യദാർഢ്യ പ്രതികരണങ്ങളും ഉണ്ടായതായി എംബസി സമൂഹമാധ്യമ പോസ്റ്റിൽ തമാശരൂപേണ കുറിച്ചു. വീണ്ടും തുറന്നതിനെ സ്വാഗതം ചെയ്തുകൊണ്ട് വിസിറ്റ് കാൻബറ ഉൾപ്പെടെയുള്ളവരും പ്രതികരണങ്ങൾ പങ്കുവച്ചു.

ഇതിനിടെ തുർക്കിയിൽ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയായ COP31-ന്റെ ഭാഗമായി ഫിൻലൻഡ് പ്രസിഡന്റ് അലക്‌സ് സ്റ്റബ്ബും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസിയും കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയ്ക്കിടെ ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച സ്റ്റബ്ബ്, കാൻബറയിലെ ഫിൻലൻഡ് എംബസി വീണ്ടും തുറന്നതായി പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും സമൂഹമാധ്യമത്തിൽ കുറിച്ചു. ചരിത്രത്തിൽ ഒരു ഓഫീസ് അടച്ചിടൽ അറിയിപ്പ് ഇത്രയും ഉയർന്ന തലത്തിലേക്ക് എത്തിയ സംഭവം ഉണ്ടായിട്ടുണ്ടാകില്ലെന്നായിരുന്നു എംബസിയുടെ രസകരമായ പ്രതികരണം.

SCROLL FOR NEXT