ഓസ്ട്രേലിയയിൽ ഈ ശൈത്യകാലത്ത് ആദ്യമായി റെസ്പിറേറ്ററി സിൻസീഷ്യൽ വൈറസ് (RSV) ഇൻഫ്ലുവൻസയെ മറികടന്ന് ഏറ്റവും വ്യാപകമായി പടരുന്ന ശ്വാസകോശ രോഗമായി മാറിയതായി പുതിയ റിപ്പോർട്ട്. ഇതോടെ മുതിർന്നവർ അടിയന്തരമായി ആർഎസ്‌വി വാക്സിൻ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധർ അഭ്യർഥിച്ചു. ഇമ്മ്യൂണൈസേഷൻ ഫൗണ്ടേഷൻ ഓഫ് ഓസ്ട്രേലിയ (IFA) പുറത്തുവിട്ട മിഡ്-വിന്റർ റിപ്പോർട്ട് പ്രകാരം, ഈ വർഷം 17.6 ലക്ഷം മുതിർന്നവർ ഫ്ലൂ വാക്സിൻ സ്വീകരിച്ചപ്പോൾ, 7.22 ലക്ഷം പേർ മാത്രമാണ് സൗജന്യ ആർഎസ്‌വി വാക്സിൻ എടുത്തത്. ഇതോടെ 75 വയസിന് മുകളിലുള്ള പത്ത് ലക്ഷത്തിലേറെ പേരും, 60 വയസിന് മുകളിലുള്ള അബോറിജിനൽ, ടോറസ് സ്ട്രെയിറ്റ് ദ്വീപ് സമൂഹാംഗങ്ങളും വൈറസ് ബാധയുടെ അപകടസാധ്യതയിൽ തുടരുകയാണ്.
ഈ വർഷം ഇതുവരെ രാജ്യത്ത് 83,000-ത്തിലധികം ആർഎസ്‌വി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2021ൽ ദേശീയതലത്തിൽ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയ ശേഷം ആദ്യമായാണ് ആർഎസ്‌വി, ഇൻഫ്ലുവൻസയെയും കോവിഡ്-19നെയും മറികടന്ന് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ശ്വാസകോശ രോഗമാകുന്നത്.
ശൈത്യകാലം ആരംഭിച്ചതിനുശേഷം പ്രതിദിനം ശരാശരി 890 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, സീസൺ അവസാനിക്കുമ്പോഴേക്കും ആകെ കേസുകൾ 1.27 ലക്ഷത്തിലെത്തുമെന്നാണ് വിലയിരുത്തൽ.
ആർഎസ്‌വി വാക്സിൻ മുതിർന്നവർക്ക് സൗജന്യമായി ലഭ്യമാക്കിയത് ഏതാനും മാസങ്ങൾക്ക് മുമ്പാണെന്ന് IFA എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ ഹ്യൂസ് പറഞ്ഞു. ഫ്ലൂ വാക്സിനും ആർഎസ്‌വി വാക്സിനും ഒരേ സന്ദർശനത്തിൽ തന്നെ സ്വീകരിക്കാമെന്ന കാര്യം പലർക്കും അറിയില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ആരോഗ്യമുള്ളവരിൽ ആർഎസ്‌വി സാധാരണ ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ മാത്രമേ ഉണ്ടാക്കാറുള്ളുവെങ്കിലും, ശിശുക്കളിലും മുതിർന്നവരിലും ഇത് ന്യൂമോണിയ പോലുള്ള ഗുരുതര ശ്വാസകോശ രോഗങ്ങൾക്കും ആശുപത്രിവാസത്തിനും കാരണമാകാം. ആർഎസ്‌വി വാക്സിൻ ഗുരുതര രോഗബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം 85 ശതമാനത്തിലധികം കുറയ്ക്കുന്നുവെന്നും, വൈറസ് മൂലം വഷളാകുന്ന ഹൃദയ-ശ്വാസകോശ രോഗങ്ങളുമായി ബന്ധപ്പെട്ട ആശുപത്രിവാസം 80 ശതമാനം വരെ കുറയ്ക്കുന്നുവെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
സംരക്ഷണം ലഭിക്കാത്തവർ എത്രയും വേഗം കുടുംബഡോക്ടറെയോ ഫാർമസിസ്റ്റിനെയോ സമീപിച്ച് വാക്സിൻ സ്വീകരിക്കണമെന്ന് ഓസ്ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ (AMA) പ്രസിഡന്റ് ഡോ. ഡാനിയേൽ മക്മുള്ളൻ അഭ്യർഥിച്ചു. ശൈത്യകാലം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും ഇപ്പോഴാണ് വാക്സിൻ സ്വീകരിക്കാൻ ഏറ്റവും അനുയോജ്യമായ സമയമെന്നും അവർ പറഞ്ഞു. കഴിഞ്ഞ വർഷം ആരംഭിച്ച ദേശീയ ആർഎസ്‌വി പ്രതിരോധ പദ്ധതിയുടെ ഭാഗമായി ഇതുവരെ 3.6 ലക്ഷത്തിലധികം കുഞ്ഞുങ്ങൾക്ക് വാക്സിൻ നൽകിയിട്ടുണ്ട്. ഇതിന്റെ ഫലമായി, സമൂഹത്തിൽ കേസുകൾ വർധിച്ചിട്ടും 2024ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ കുട്ടികളുടെ ആശുപത്രി പ്രവേശനം 70 ശതമാനം കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു.