അടുത്ത മൂന്ന് മാസത്തിനുള്ളിൽ നിരവധി സുരക്ഷാ നടപടികൾ നടപ്പാക്കാനാണ് റോബ്ലോക്സിന് നിർദേശം.  
Australian Capital Territory

കുട്ടികളുടെ ഓൺലൈൻ സുരക്ഷ: റോബ്ലോക്സിന് കർശന നിർദേശങ്ങളുമായി ഓസ്ട്രേലിയൻ ഇ-സേഫ്റ്റി കമ്മീഷണർ

റോബ്ലോക്സ് ഒരു സ്വതന്ത്ര മൂന്നാം കക്ഷി ഓഡിറ്ററെ നിയമിച്ച് സുരക്ഷാ സംവിധാനങ്ങളുടെ ഫലപ്രാപ്തി പരിശോധിക്കണം.

Safvana Jouhar

കുട്ടികളെ ഗ്രൂമിങ്ങിൽ നിന്നും ലൈംഗിക ചൂഷണത്തിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാൻ റോബ്ലോക്സിന് ഓസ്ട്രേലിയൻ ഇ-സേഫ്റ്റി കമ്മീഷണറുടെ നിർദേശം. ലോകത്തെ പ്രമുഖ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നായ റോബ്ലോക്സിൽ സുരക്ഷാ സംവിധാനങ്ങൾ നിലവിലുണ്ടായിരുന്നിട്ടും മുതിർന്ന അപരിചിതർക്ക് കുട്ടികളുമായി ബന്ധപ്പെടാൻ കഴിയുന്നതായി നടത്തിയ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കുട്ടികളുടെ ഓൺലൈൻ സുരക്ഷ സംബന്ധിച്ച ഓസ്ട്രേലിയയുടെ കർശന നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഇ-സേഫ്റ്റി കമ്മീഷണർ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് റോബ്ലോക്സുമായി കോടതി നിർബന്ധിതമാക്കാവുന്ന കരാറിൽ ഏർപ്പെട്ടത്.

കൂടാതെ, റോബ്ലോക്സ് ഒരു സ്വതന്ത്ര മൂന്നാം കക്ഷി ഓഡിറ്ററെ നിയമിച്ച് സുരക്ഷാ സംവിധാനങ്ങളുടെ ഫലപ്രാപ്തി പരിശോധിക്കണം. കമ്പനിയുടെ പ്രായം കണക്കാക്കുന്നതിനുള്ള സാങ്കേതികവിദ്യയും ഈ പരിശോധനയുടെ ഭാഗമാകും. ഒരു ടെക് കമ്പനിക്ക് സ്വതന്ത്ര ബാഹ്യ സുരക്ഷാ ഓഡിറ്റ് നിർബന്ധമാക്കുന്നത് ആദ്യമായാണെന്ന് ഇ-സേഫ്റ്റി കമ്മീഷണർ അറിയിച്ചു. “റോബ്ലോക്സിന് സ്വന്തം പ്രവർത്തനങ്ങൾ സ്വയം വിലയിരുത്താൻ കഴിയില്ല,” ഇ-സേഫ്റ്റി കമ്മീഷണർ ജൂലി ഇൻമാൻ ഗ്രാന്റ് പറഞ്ഞു. കരാറിലെ വ്യവസ്ഥകൾ റോബ്ലോക്സ് ലംഘിച്ചാൽ കമ്പനി നിയമപരമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഫെഡറൽ കോടതിയെ സമീപിക്കാനും മറ്റ് നടപടികൾ സ്വീകരിക്കാനും ഇ-സേഫ്റ്റി കമ്മീഷണർക്ക് അധികാരമുണ്ട്.

കഴിഞ്ഞ 12 മാസത്തിനിടെ ഇ-സേഫ്റ്റിയുമായി നടത്തിയ ചർച്ചകളിൽ ഏറ്റെടുത്ത സുരക്ഷാ നടപടികൾ റോബ്ലോക്സ് നടപ്പാക്കിയിട്ടുണ്ടെന്നും ഓസ്ട്രേലിയൻ കുട്ടികളെ ഓൺലൈനിൽ സുരക്ഷിതരാക്കുകയെന്ന പൊതുലക്ഷ്യത്തിനായി തുടർന്നും പ്രവർത്തിക്കുമെന്നും കമ്പനി വക്താവ് അറിയിച്ചു. കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് റോബ്ലോക്സ് ഓസ്ട്രേലിയൻ ഇ-സേഫ്റ്റി കമ്മീഷണറുടെ നിരീക്ഷണത്തിൽപ്പെടുന്നത് ഇതാദ്യമല്ല. ഈ വർഷം ആദ്യം തന്നെ കുട്ടികളുടെ സുരക്ഷയിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് പ്ലാറ്റ്‌ഫോമിന് ഇ-സേഫ്റ്റി മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ കുട്ടികളെ സുരക്ഷിതരാക്കുന്നതിനായി ഒൻപത് പ്രത്യേക സുരക്ഷാ നടപടികൾ നടപ്പാക്കുമെന്ന് റോബ്ലോക്സ് ഇ-സേഫ്റ്റിയെ അറിയിച്ചിരുന്നു.

Reuters/ABC

SCROLL FOR NEXT