(AP)
Australian Capital Territory

ലോകത്തിലെ ഏറ്റവും സമയനിഷ്ഠയുള്ള എയർലൈൻ ആയി ക്വോണ്ടസ്

ജൂൺ മാസത്തിൽ നടത്തിയ 22,000-ത്തിലധികം സർവീസുകളിൽ 80 ശതമാനത്തിലേറെയും കൃത്യസമയത്ത് സർവീസ് നടത്തിയതോടെയാണ് ക്വോണ്ടസിന് ഈ അംഗീകാരം ലഭിച്ചത്.

Safvana Jouhar

സിഡ്നി: ഓസ്ട്രേലിയൻ ദേശീയ വിമാനക്കമ്പനിയായ ക്വോണ്ടസ് (Qantas) ലോകത്തിലെ ഏറ്റവും സമയനിഷ്ഠയുള്ള എയർലൈൻ എന്ന നേട്ടം സ്വന്തമാക്കി. വ്യോമയാന വ്യവസായ ഗവേഷണ സ്ഥാപനമായ OAG പുറത്തിറക്കിയ ജൂൺ മാസത്തെ കണക്കുകൾ പ്രകാരമാണ് ക്വോണ്ടസ് ഒന്നാം സ്ഥാനത്തെത്തിയത്. ജൂൺ മാസത്തിൽ നടത്തിയ 22,000-ത്തിലധികം സർവീസുകളിൽ 80 ശതമാനത്തിലേറെയും കൃത്യസമയത്ത് സർവീസ് നടത്തിയതോടെയാണ് ക്വോണ്ടസിന് ഈ അംഗീകാരം ലഭിച്ചത്. ഓസ്ട്രേലിയയിൽ നിന്ന് മറ്റൊരു എയർലൈനും ആദ്യ പത്തിൽ ഇടം നേടിയില്ല. ഡെൽറ്റ എയർലൈൻസ്, ചൈന സതേൺ എയർലൈൻസ് എന്നിവയും പട്ടികയിലുണ്ട്. ഈ വർഷം ക്വോണ്ടസിന്റെ സമയനിഷ്ഠയിൽ വലിയ പുരോഗതിയാണ് രേഖപ്പെടുത്തിയത്. ജനുവരിയിൽ മൂന്നാം സ്ഥാനത്തും, മാർച്ചിൽ ഒമ്പതാം സ്ഥാനത്തും, ഏപ്രിലിൽ രണ്ടാം സ്ഥാനത്തുമായിരുന്നു കമ്പനി.

ക്വോണ്ടസ് ഡൊമസ്റ്റിക് സി.ഇ.ഒ മാർക്കസ് സ്വെൻസൺ യാത്രക്കാർക്ക് കൂടുതൽ വിശ്വസനീയമായ സേവനം നൽകാൻ കമ്പനി നിരന്തരം നിക്ഷേപവും പ്രവർത്തന മെച്ചപ്പെടുത്തലും നടത്തുന്നുണ്ടെന്ന് പറഞ്ഞു. അതേസമയം, ഓസ്ട്രേലിയയിലെ പുതിയ വെസ്റ്റേൺ സിഡ്നി ഇന്റർനാഷണൽ (WSI) വിമാനത്താവളത്തിൽ ചരിത്രപരമായ ആദ്യ ചരക്കുവിമാന സർവീസും ക്വോണ്ടസ് വിജയകരമായി പൂർത്തിയാക്കി. ക്വോണ്ടസിന്റെ എയർബസ് A321 വിമാനമാണ് പരീക്ഷണ ലാൻഡിംഗ് നടത്തിയത്. ജൂലൈ 27 മുതൽ സ്ഥിരം ചരക്കുസർവീസുകൾ ആരംഭിക്കും.

യാത്രക്കാരുടെ സർവീസുകൾ ഒക്ടോബർ 25 മുതൽ ആരംഭിക്കും. അന്നാണ് ജെറ്റ്‌സ്റ്റാർ പുതിയ വിമാനത്താവളത്തിൽ നിന്ന് ആദ്യ വാണിജ്യ യാത്രാവിമാന സർവീസ് നടത്തുക. കോണ്ട്വസ്, ജെറ്റ്‌സ്റ്റാർ, സിംഗപ്പൂർ എയർലൈൻസ്, എയർ ന്യൂസിലൻഡ് എന്നിവയും സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ, 'പ്രോജക്റ്റ് സൺറൈസ്' പദ്ധതിയുടെ ഭാഗമായി സിഡ്നിയിൽ നിന്ന് ലണ്ടനിലേക്കുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നോൺ-സ്റ്റോപ്പ് യാത്രാവിമാന സർവീസ് 2027 ഒക്ടോബറിൽ ആരംഭിക്കുമെന്ന് ഖാന്തസ് ഗ്രൂപ്പ് സി.ഇ.ഒ വനേസ ഹഡ്സൺ അറിയിച്ചു. 20 മണിക്കൂറിലേറെ നീളുന്ന ഈ സർവീസ് ലോക വ്യോമയാന രംഗത്ത് പുതിയ ചരിത്രം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

SCROLL FOR NEXT