ജാപ്പനീസ് സർക്കാരിൽ നിന്നുള്ള രഹസ്യ നയതന്ത്ര രേഖ മാധ്യമങ്ങൾക്ക് ചോർന്നതിനു പിന്നിൽ പ്രധാനമന്ത്രി ആന്തണി ആൽബനീസിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഓസ്‌ട്രേലിയൻ പ്രതിപക്ഷം വിഷയം Australian Federal Police (AFP)-ക്ക് കൈമാറി. ആൽബനീസി ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി സമ്മാനിച്ച തണ്ണിമത്തനുകളെക്കുറിച്ച് സംസാരിക്കുന്നതിനിടെ ഇരുകൈകളും ഉപയോഗിച്ച് നടത്തിയ ആംഗ്യവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് നയതന്ത്ര രേഖ പുറത്തുവന്നത്. ചൊവ്വാഴ്ച The Australian റിപ്പോർട്ട് ചെയ്ത രേഖയിൽ, ആൽബനീസിയുടെ വീഡിയോ ക്ലിപ്പിനെക്കുറിച്ചുള്ള ഓസ്‌ട്രേലിയൻ മാധ്യമ റിപ്പോർട്ടുകളെ ജാപ്പനീസ് സർക്കാർ വിലയിരുത്തിയിരുന്നതായി പറയുന്നു.
ഷാഡോ പ്രതിരോധ മന്ത്രി ജെയിംസ് പാറ്റേഴ്സണും ഷാഡോ വിദേശകാര്യ മന്ത്രി ടെഡ് ഒബ്രിയനും ചേർന്നാണ് AFPയ്ക്ക് പരാതി നൽകിയത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ആരെങ്കിലും ജപ്പാൻ സർക്കാരിന്റെ രഹസ്യ കത്തിടപാടുകൾ മാധ്യമങ്ങൾക്ക് കൈമാറിയോയെന്ന് അന്വേഷിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. “ജാപ്പനീസ് പ്രധാനമന്ത്രിയെക്കുറിച്ച് അനാദരവോടെയുള്ള പരാമർശങ്ങൾ നടത്തിയത് തന്നെ മോശമായിരുന്നു. ഇപ്പോൾ പ്രധാനമന്ത്രിയെ ന്യായീകരിക്കാനും സംഭവത്തിന്റെ ഗൗരവം കുറച്ചുകാണിക്കാനുമായി ജപ്പാൻ സർക്കാരിന്റെ രഹസ്യ കത്തിടപാടുകൾ മാധ്യമങ്ങൾക്ക് ചോർത്തിയെന്നത് അതിലും ഗുരുതരമാണ്,” പാറ്റേഴ്സൺ പറഞ്ഞു. നയതന്ത്രബന്ധങ്ങളിലെ വിശ്വാസത്തിന് ഈ സംഭവം തിരിച്ചടിയാകുമെന്ന് ഒബ്രിയൻ പറഞ്ഞു. “വിശ്വാസമാണ് നയതന്ത്രത്തിന്റെ കറൻസി. ജപ്പാനെപ്പോലുള്ള പ്രധാന പങ്കാളിയുമായുള്ള വിശ്വാസം തകരുന്നത് ഓസ്‌ട്രേലിയയുടെ മറ്റ് രാജ്യങ്ങളുമായുള്ള നയതന്ത്ര ശേഷിയെയും മോശമായി ബാധിക്കും,” അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസിലെ മാധ്യമസംഘം ജാപ്പനീസ് രേഖ ആവശ്യപ്പെട്ടിരുന്നോയെന്ന് Department of the Prime Minister and Cabinet-നോട് അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാക്കൾ AFPയ്ക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
രഹസ്യ വിവരങ്ങൾ പൊതുസേവകർ അനധികൃതമായി പുറത്തുവിടുന്നത് Criminal Code പ്രകാരം കുറ്റകരമാണെന്നും പാറ്റേഴ്സൺ ചൂണ്ടിക്കാട്ടി. അതേസമയം, പരാതി ലഭിച്ചതായി AFP സ്ഥിരീകരിച്ചെങ്കിലും അന്വേഷണം ആരംഭിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ മാധ്യമസംഘത്തോടും പ്രതികരണം തേടിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലർ ബുധനാഴ്ച പാർലമെന്റിൽ ആൽബനീസി മാപ്പ് പറയണമെന്നും നയതന്ത്ര രേഖ എങ്ങനെ ചോർന്നുവെന്ന് വിശദീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചു. എന്നാൽ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സിൽ ഭൂരിപക്ഷമുള്ള ലേബർ അംഗങ്ങൾ പ്രമേയം തള്ളി.
അതേസമയം, വിവാദ ആംഗ്യത്തിന് ആൽബനീസി മാപ്പ് പറയാൻ തയ്യാറായിട്ടില്ല. ജാപ്പനീസ് പ്രധാനമന്ത്രി തകായിച്ചി “ഓസ്‌ട്രേലിയയുടെ സുഹൃത്തും തന്റെ സുഹൃത്തുമാണെന്നും” അദ്ദേഹം പറഞ്ഞു. ജാപ്പനീസ് സർക്കാരിന്റെ രേഖയിൽ സംഭവത്തിന് പിന്നിൽ യാതൊരു “ദുരുദ്ദേശവും” ഉണ്ടായിരുന്നില്ലെന്നാണ് ടോക്കിയോയുടെ വിലയിരുത്തൽ. എന്നാൽ ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ സംഭവം അതിരുകടന്ന് റിപ്പോർട്ട് ചെയ്തതായും രേഖയിൽ പരാമർശിക്കുന്നുണ്ട്.