ജാക്കി ലാംബി  (Hilary Wardhaugh)
Australian Capital Territory

ആരോഗ്യപ്രശ്നത്തെ പരിഹസിച്ച കാർട്ടൂൺ; പോളിൻ ഹാൻസനെതിരെ ജാക്കി ലാംബി

സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യപ്രശ്നങ്ങളെ പരിഹസിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കാർട്ടൂൺ നീക്കം ചെയ്യാൻ ഹാൻസന്റെ സംഘത്തോട് ആവശ്യപ്പെടണമെന്നും അവർ പറഞ്ഞു.

Safvana Jouhar

തന്റെ ആരോഗ്യപ്രശ്നത്തെ പരിഹസിക്കുന്ന കാർട്ടൂൺ പരമ്പരയ്ക്കെതിരെ വൺ നേഷൻ നേതാവ് പോളിൻ ഹാൻസനെതിരെ രംഗത്തെത്തി സ്വതന്ത്ര സെനറ്റർ ജാക്കി ലാംബി. സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യപ്രശ്നങ്ങളെ പരിഹസിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കാർട്ടൂൺ നീക്കം ചെയ്യാൻ ഹാൻസന്റെ സംഘത്തോട് ആവശ്യപ്പെടണമെന്നും അവർ പറഞ്ഞു. യോനിയും മൂത്രാശയവും താഴേക്ക് തള്ളിവരുന്ന അവസ്ഥയായ പ്രോലാപ്‌സിനെക്കുറിച്ച് ഓഗസ്റ്റിൽ സെനറ്റിൽ നടത്തിയ വൈകാരിക പ്രസംഗത്തിലൂടെയാണ് ലാംബി തന്റെ ആരോഗ്യപ്രശ്നം വെളിപ്പെടുത്തിയത്. അന്ന് വിവിധ രാഷ്ട്രീയ കക്ഷികളിലെ സഹപ്രവർത്തകർ പ്രസംഗത്തെ അഭിനന്ദിച്ചിരുന്നു. എന്നാൽ, വൺ നേഷന്റെ ആക്ഷേപഹാസ്യ കാർട്ടൂൺ പരമ്പരയായ ‘പ്ലീസ് എക്‌സ്‌പ്ലെയിൻ’ ഇപ്പോൾ ഈ ആരോഗ്യപ്രശ്നത്തെ പരിഹാസവിഷയമാക്കിയിരിക്കുകയാണ്. അവസ്ഥയെ കളിയാക്കുന്ന അശ്ലീല ശബ്ദവും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ശസ്ത്രക്രിയയ്ക്കു പിന്നാലെ അഞ്ച് മാസത്തേക്ക് പാർലമെന്റിൽനിന്ന് അവധിയെടുക്കാൻ ലാംബി നിർബന്ധിതയായി. സൈനികസേവനത്തിനിടെ ഉണ്ടായ പുറംപരിക്കുകളുമായി ഈ ആരോഗ്യപ്രശ്നത്തിന് നേരിട്ട് ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. വീഡിയോയോട് തിങ്കളാഴ്ച പ്രതികരിച്ച ലാംബി, സ്ത്രീകളിൽ പ്രത്യുത്പാദന വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ ചിരിച്ചുതള്ളാവുന്ന കാര്യമായി കാണുന്നവർ ഹാൻസനെ പിന്തുണയ്ക്കട്ടെയെന്നും എന്നാൽ ഇത് അവസാനിപ്പിക്കേണ്ട സമയമായെന്നും എബിസിയോട് പറഞ്ഞു. വിദ്വേഷം വളർത്തുന്ന രീതിയിൽ പെരുമാറുന്നതല്ല ഉത്തരവാദിത്തമുള്ള നേതാക്കളുടെ രീതിയെന്നും അവർ കൂട്ടിച്ചേർത്തു.

ലാംബിക്ക് പിന്തുണയുമായി സഹപ്രവർത്തകർ

ലാംബിയുടെ ആരോഗ്യപ്രശ്നം അപൂർവമല്ലെന്ന് ജൂലൈയിൽ പുറത്തുവന്ന ബർത്ത് ട്രോമ ഓസ്‌ട്രേലിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഓസ്‌ട്രേലിയയിൽ ഏകദേശം 4,07,265 പേർക്ക് യോനിപ്രോലാപ്‌സ് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടിലെ കണക്ക്. ശാരീരിക സമ്മർദം, പ്രസവം തുടങ്ങിയവയുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന ഈ അവസ്ഥ വേദന, അസ്വസ്ഥത, മൂത്രനാളിയിലെ അണുബാധ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം.

സ്വതന്ത്ര എംപി മോണിക് റയാൻ ലാംബിക്ക് പിന്തുണ പ്രഖ്യാപിച്ചു. സ്വന്തം അനുഭവം തുറന്നുപറഞ്ഞതിലൂടെ സമാന പ്രശ്നങ്ങൾ നേരിടുന്ന മറ്റ് സ്ത്രീകൾക്ക് ധൈര്യം പകരുകയാണ് ലാംബി ചെയ്തതെന്ന് അവർ പറഞ്ഞു. എന്നാൽ, പോളിൻ ഹാൻസൻ അതിനെ പരിഹസിക്കാനാണ് തീരുമാനിച്ചതെന്നും റയാൻ പ്രസ്താവനയിൽ ആരോപിച്ചു. ലേബർ എംപി കാര കുക്കും ലാംബിയെ പിന്തുണച്ചു. വൺ നേഷന്റെ കാർട്ടൂൺ രാഷ്ട്രീയ വിമർശനത്തിന്റെ പേരിൽ നടത്തുന്ന വ്യക്തിപരമായ അപമാനമാണെന്ന് അവർ വിശേഷിപ്പിച്ചു. രാഷ്ട്രീയത്തിൽ കടുത്ത വിയോജിപ്പുകൾ ഉണ്ടാകാമെങ്കിലും അത് അനാദരവിലേക്കും ക്രൂരതയിലേക്കും നീങ്ങരുതെന്നും അവർ പറഞ്ഞു.

ആൻഡ്രൂ ഹേസ്റ്റി

ആൻഡ്രൂ ഹേസ്റ്റിയും കാർട്ടൂൺ പരമ്പരയിൽ

സെപ്റ്റംബറിൽ ഇതേ കാർട്ടൂൺ പരമ്പര ലിബറൽ എംപി ആൻഡ്രൂ ഹേസ്റ്റിയെ ആവർത്തിച്ച് ‘രാജ്യദ്രോഹി’ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിനെതിരെ ഹേസ്റ്റി മാപ്പ് ആവശ്യപ്പെടുകയും എപ്പിസോഡ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തെങ്കിലും ഹാൻസൻ അതിന് തയ്യാറായില്ലെന്നാണ് റിപ്പോർട്ട്. ലാംബിയെ പരിഹസിച്ച ഏറ്റവും പുതിയ എപ്പിസോഡിലും ഹേസ്റ്റിയെ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ അദ്ദേഹം “ഞാനൊരു യുദ്ധവീരനാണ്. വിമർശനങ്ങളിൽനിന്ന് എനിക്ക് പ്രതിരോധമുണ്ട്” എന്ന് പറയുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്.

SCROLL FOR NEXT