പോളിൻ ഹാൻസൺ Photograph: Lukas Coch/AAP)
Australian Capital Territory

നാഷണൽ പ്രസ് ക്ലബ്ബിൽ പോളിൻ ഹാൻസൺ; ബഹുസാംസ്കാരികത പരാജയപ്പെട്ട നയമെന്ന് വിമർശനം

രാജ്യത്തെ ഭവന പ്രതിസന്ധിക്കും ജീവിതച്ചെലവ് വർധനവിനും അമിത കുടിയേറ്റമാണ് പ്രധാന കാരണമെന്ന് ഹാൻസൺ ആരോപിച്ചു.

Safvana Jouhar

വൺ നേഷൻ നേതാവ് പോളിൻ ഹാൻസൺ നാഷണൽ പ്രസ് ക്ലബ്ബിൽ നടത്തിയ ആദ്യ ഔദ്യോഗിക പ്രസംഗത്തിൽ രാജ്യത്തെ കുടിയേറ്റ നയത്തെയും ബഹുസാംസ്കാരികതയെയും ശക്തമായി വിമർശിച്ചു. ബഹുസാംസ്കാരികത (Multiculturalism) ഒരു "പരാജയപ്പെട്ട നയം" ആണെന്നും ഓസ്ട്രേലിയ ഒരു ഏകീകൃത ദേശീയ സംസ്കാരമുള്ള സമൂഹമായി മാറണമെന്നും ഹാൻസൺ അഭിപ്രായപ്പെട്ടു. രാജ്യത്തെ ഭവന പ്രതിസന്ധിക്കും ജീവിതച്ചെലവ് വർധനവിനും അമിത കുടിയേറ്റമാണ് പ്രധാന കാരണമെന്ന് ഹാൻസൺ ആരോപിച്ചു. അതേസമയം, പുനരുപയോ​ഗ ഊർജ പദ്ധതികളെ എതിർത്ത അവർ ആണവോർജ വികസനത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

പ്രസംഗത്തിനിടെ ചില പ്രതിഷേധക്കാർ ബാനറുകളുമായി വേദിയിൽ പ്രതിഷേധിച്ചതിനെ തുടർന്ന് പരിപാടി അൽപസമയം തടസപ്പെട്ടു. ഹാൻസൺ തൊഴിലാളികളുടെ ശമ്പളവർധനയെ എതിർത്തിരുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഇതിനിടെ, വൺ നേഷൻ പാർട്ടി പുകയില എക്സൈസ് നികുതി 50 ശതമാനം കുറയ്ക്കുമെന്ന പുതിയ നയവും പ്രഖ്യാപിച്ചു. അനധികൃത സിഗരറ്റ് വ്യാപാരം നിയന്ത്രിക്കാനാണ് ഈ നീക്കമെന്ന് പാർട്ടി വ്യക്തമാക്കി. എന്നാൽ ആരോഗ്യ വിദഗ്ധർ ഈ നിർദേശത്തെ വിമർശിച്ചു. സമീപകാല സർവേകളിൽ വൺ നേഷന്റെ ജനപ്രീതി ഉയരുന്നതിനിടെയാണ് ഹാൻസന്റെ ഈ പ്രസംഗം ദേശീയ ശ്രദ്ധ നേടിയത്. ചില സർവേകളിൽ പാർട്ടി ലേബറിനെ മറികടന്നതായും റിപ്പോർട്ടുകളുണ്ട്.

SCROLL FOR NEXT