(LUKAS COCH)
Australian Capital Territory

ഓൺലൈൻ പെപ്റ്റൈഡ് മരുന്നുകളുടെ സുരക്ഷ പരിശോധിക്കാൻ പാർലമെന്ററി അന്വേഷണം

അനുമതിയില്ലാത്ത പെപ്റ്റൈഡ് മരുന്നുകളുടെ ഇറക്കുമതി, വിതരണം, തയ്യാറാക്കൽ, പരസ്യം എന്നിവ സോഷ്യൽ മീഡിയയിലൂടെയും ടെലിഹെൽത്ത് പ്ലാറ്റ്‌ഫോമുകളിലൂടെയും വർധിക്കുന്നതായി TGA റിപ്പോർട്ട് ചെയ്തിരുന്നു.

Safvana Jouhar

സോഷ്യൽ മീഡിയയിലൂടെയും ടെലിഹെൽത്ത് പ്ലാറ്റ്‌ഫോമുകളിലൂടെയും അനുമതിയില്ലാത്ത പെപ്റ്റൈഡ് മരുന്നുകൾ നിർദേശിക്കുകയും വിൽക്കുകയും ചെയ്യുന്ന രീതികളിൽ വർധിച്ചുവരുന്ന ആശങ്കകൾ പരിശോധിക്കാൻ അന്വേഷണം നടത്തണമെന്ന് ഓസ്‌ട്രേലിയൻ ആരോഗ്യമന്ത്രി മാർക്ക് ബട്‌ലർ ആവശ്യപ്പെട്ടു. ഓൺലൈൻ പെപ്റ്റൈഡ് മരുന്നുകളുടെ സുരക്ഷയും ഗുണനിലവാരവും പരിശോധിക്കുന്നതിനായി പാർലമെന്ററി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അനുമതിയില്ലാത്ത പെപ്റ്റൈഡ് മരുന്നുകളുടെ ഇറക്കുമതി, വിതരണം, തയ്യാറാക്കൽ, പരസ്യം എന്നിവ സോഷ്യൽ മീഡിയയിലൂടെയും ടെലിഹെൽത്ത് പ്ലാറ്റ്‌ഫോമുകളിലൂടെയും വർധിക്കുന്നതായി Therapeutic Goods Administration (TGA) റിപ്പോർട്ട് ചെയ്തിരുന്നു.

ഇത്തരം ഉൽപ്പന്നങ്ങൾ വേഗത്തിൽ ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുമെന്നും വലിയ നേട്ടങ്ങൾ നൽകുമെന്നും പരസ്യങ്ങളിൽ അവകാശപ്പെടുന്നുണ്ടെങ്കിലും ആരോഗ്യ അപകടങ്ങളെക്കുറിച്ച് വേണ്ടത്ര വിവരങ്ങൾ നൽകുന്നില്ലെന്നാണ് ആശങ്ക. “സോഷ്യൽ മീഡിയയിൽ കൂടുതൽ പേശികൾ, വേഗത്തിലുള്ള വീണ്ടെടുപ്പ്, മികച്ച ശരീരം എന്നിവ വാഗ്ദാനം ചെയ്യുന്ന നിരവധി പേരുണ്ട്. എന്നാൽ സിക്സ് പാക്കുള്ള ഒരാൾ ഓൺലൈനിൽ ഒരു ഉൽപ്പന്നം പ്രമോട്ട് ചെയ്യുന്നു എന്നതുകൊണ്ട് അത് സുരക്ഷിതമാണെന്ന് അർത്ഥമില്ല,” പുരുഷ ആരോഗ്യവിഷയങ്ങളിലെ പ്രത്യേക പ്രതിനിധി ഡാൻ റെപചോളി പറഞ്ഞു. ഓൺലൈനിൽ കാണുന്ന പ്രചാരണങ്ങളിൽ സ്വാധീനപ്പെട്ട് യുവാക്കൾ അപകടസാധ്യതകൾ മനസ്സിലാക്കാതെ അംഗീകാരമില്ലാത്ത ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിൽ തനിക്ക് പ്രത്യേക ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രോഗികൾക്ക് ശരിയായ മെഡിക്കൽ ഉപദേശം ലഭിക്കുന്നുണ്ടെന്നും മരുന്നുകൾ സുരക്ഷിതമായി നിർദേശിക്കുന്നുണ്ടെന്നും ഓൺലൈൻ സേവനദാതാക്കൾ ലാഭത്തേക്കാൾ രോഗികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നുണ്ടെന്നും ഉറപ്പാക്കുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രമേഹം, ഹൃദ്രോഗം, ശരീരഭാരം നിയന്ത്രിക്കൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കായി Ozempic, Wegovy പോലുള്ള സെമാഗ്ലൂട്ടൈഡ് മരുന്നുകൾ ഉൾപ്പെടെയുള്ള അംഗീകൃത പെപ്റ്റൈഡ് മരുന്നുകൾ ഓസ്‌ട്രേലിയയിൽ ലഭ്യമാണ്. എന്നാൽ ഓൺലൈനിൽ പ്രചരിക്കുന്ന നിരവധി പെപ്റ്റൈഡ് ഉൽപ്പന്നങ്ങൾക്ക് അംഗീകാരമില്ലെന്നും അവയുടെ ഗുണനിലവാരം, സുരക്ഷ, ഫലപ്രാപ്തി എന്നിവ വിലയിരുത്തിയിട്ടില്ലെന്നും TGA മുന്നറിയിപ്പ് നൽകി. ഇത്തരം ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കാം.

അംഗീകാരമില്ലാത്ത പെപ്റ്റൈഡ് മരുന്ന് വാങ്ങി ഉപയോഗിച്ച ഒരാൾ നിയന്ത്രിക്കാനാകാത്ത ഛർദിയെ തുടർന്ന് അന്നനാളത്തിൽ ജീവന് ഭീഷണിയായ പൊട്ടൽ സംഭവിച്ച് മരണത്തോട് അടുത്ത സാഹചര്യം ഉണ്ടായതായി സെപ്റ്റംബറിൽ TGA വെളിപ്പെടുത്തിയിരുന്നു. “സോഷ്യൽ മീഡിയയിൽ പെപ്റ്റൈഡുകൾ അത്ഭുത മരുന്നുകളായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്ന് എനിക്കറിയാം. എന്നാൽ യാഥാർഥ്യത്തിൽ അവ ഓസ്‌ട്രേലിയൻ ഉപഭോക്താക്കൾക്ക് ഗുരുതരമായ ആരോഗ്യ അപകടങ്ങൾ ഉണ്ടാക്കാം,” ആരോഗ്യമന്ത്രി മാർക്ക് ബട്‌ലർ പറഞ്ഞു. വെള്ളിയാഴ്ച അന്വേഷണത്തിനായി Standing Committee on Health ചെയർമാൻ ഡോ. മൈക്ക് ഫ്രീലാൻഡറിന് മന്ത്രി കത്തയച്ചു. ടെലിഹെൽത്ത് സേവനങ്ങളിലൂടെയും ഒരിടത്ത് നിരവധി സേവനങ്ങൾ ലഭ്യമാക്കുന്ന ഡിസ്പെൻസറികളിലൂടെയും അംഗീകാരമില്ലാത്ത പെപ്റ്റൈഡുകൾ നിർദേശിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതിനെക്കുറിച്ച് TGA റിപ്പോർട്ടുകൾ വർധിക്കുന്നതിൽ തനിക്ക് അതീവ ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യുവാക്കൾ, ബോഡി ബിൽഡർമാർ, ഫിറ്റ്നസ് പ്രേമികൾ എന്നിവരെ ലക്ഷ്യമിട്ടാണ് ഇത്തരം പെപ്റ്റൈഡുകളുടെ സോഷ്യൽ മീഡിയ പരസ്യങ്ങൾ കൂടുതലായി എത്തുന്നത്. കായിക മേഖലയിലും ഇതിനെക്കുറിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്.

“ഓൺലൈനിലെ ലഭ്യതയും പ്രചാരണവും കാരണം പെപ്റ്റൈഡുകൾ കായികതാരങ്ങൾക്ക് ഉയർന്നുവരുന്ന അപകടസാധ്യതയാണെന്ന് Sport Integrity Australia ചൂണ്ടിക്കാട്ടിയിട്ടുണ്ട്,” കായികമന്ത്രി അനിക വെൽസ് പറഞ്ഞു. കായികരംഗത്തെ സത്യസന്ധതയ്ക്കും നിയമാനുസൃതതയ്ക്കും മാത്രമല്ല, ആരോഗ്യത്തിനും ഗുരുതരമായ അപകടങ്ങൾ സൃഷ്ടിക്കാവുന്നതിനാൽ വിഷയത്തെ ഗൗരവമായി കാണുകയാണെന്നും അവർ പറഞ്ഞു.

2026 നവംബറിൽ അന്വേഷണത്തിന്റെ ഭാഗമായി പൊതുജനാഭിപ്രായം തേടുന്നതിനുള്ള ഹിയറിങ്ങുകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2027 മധ്യത്തോടെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പെപ്റ്റൈഡ് മരുന്നുകളുടെ നിർദേശവും ഉപയോഗവും എത്രത്തോളം വ്യാപകമാണെന്ന്, ഓൺലൈൻ വഴിയും നേരിട്ട് ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന ചികിത്സാ രീതികളുടെ ഗുണങ്ങളും അപകടങ്ങളും, മരുന്നുകളുടെ സുരക്ഷയും ഗുണനിലവാരവും സംബന്ധിച്ച പ്രശ്നങ്ങൾ എന്നിവ അന്വേഷണം പരിശോധിക്കും.

ഓൺലൈൻ പെപ്റ്റൈഡ് മരുന്നുകൾ തേടുന്നതിന് ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെയും സോഷ്യൽ മീഡിയയുടെയും ഉത്തരവാദിത്തം എന്നിവയും അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടും. അംഗീകാരമില്ലാത്ത പെപ്റ്റൈഡ് ഉൽപ്പന്നങ്ങൾ ഓൺലൈനിൽ, പ്രത്യേകിച്ച് വിദേശ വെബ്‌സൈറ്റുകൾ, ഓൺലൈൻ മാർക്കറ്റ്‌പ്ലേസുകൾ, സോഷ്യൽ മീഡിയ എന്നിവ വഴി വാങ്ങുന്നതുമായി ബന്ധപ്പെട്ട ഗുരുതരമായ അപകടങ്ങളെക്കുറിച്ച് TGA മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നതിന് മുമ്പ് TGA വെബ്‌സൈറ്റ് പരിശോധിക്കുകയും ആരോഗ്യ വിദഗ്ധരുമായി സംസാരിക്കുകയും ചെയ്യണമെന്നും നിർദേശിച്ചു.

SCROLL FOR NEXT