Australian Capital Territory

ജസിന്ത പ്രൈസിന്റെ വിവാദ റീപോസ്റ്റ്; പ്രതിരോധിച്ച് പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലർ

ഒരു പോസ്റ്റ് റീപോസ്റ്റ് ചെയ്യുന്നത് അതിലെ ആശയങ്ങളെ അംഗീകരിക്കുന്നതല്ലെന്ന് ടെയ്‌ലർ പറഞ്ഞു.

Safvana Jouhar

ഓസ്ട്രേലിയൻ പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലർ, ഇന്ത്യൻ കുടിയേറ്റവുമായി ബന്ധപ്പെട്ട തെറ്റായ ആരോപണങ്ങൾ ഉൾക്കൊള്ളുന്ന ഒരു വലതുപക്ഷ പോസ്റ്റ് റീപോസ്റ്റ് ചെയ്ത ജസിന്ത നംപിജിൻപ പ്രൈസിനെ പിന്തുണച്ച് രംഗത്തെത്തി. ഒരു പോസ്റ്റ് റീപോസ്റ്റ് ചെയ്യുന്നത് അതിലെ ആശയങ്ങളെ അംഗീകരിക്കുന്നതല്ലെന്ന് ടെയ്‌ലർ പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച പ്രൈസ്, വലതുപക്ഷ പോഡ്കാസ്റ്റ് അവതാരകൻ സാം ബാംഫോർഡിന്റെ വീഡിയോയാണ് റീപോസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി ആന്തണി അൽബനീസ് കഴിഞ്ഞ ആഴ്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഓസ്ട്രേലിയയിൽ സ്വീകരിച്ചതും, ഇന്ത്യൻ വംശജരുടെ വോട്ടർ സ്വാധീനവും ചർച്ച ചെയ്ത ABC പരിപാടിയെ വിമർശിക്കുന്നതായിരുന്നു വീഡിയോ.

കഴിഞ്ഞ വർഷം ഇതേ വിഷയത്തിൽ പരാമർശം നടത്തിയതിനാണ് പ്രൈസിനെ വിമർശിച്ചതെന്ന് ബാംഫോർഡ് വീഡിയോയിൽ പറഞ്ഞിരുന്നു. ഓസ്ട്രേലിയയിലെ കുടിയേറ്റ നയം വിവേചനരഹിതമാണെന്നും, സ്ഥിരം കുടിയേറ്റം വർഷംതോറും 1.85 ലക്ഷം പേരായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കുന്നു. ഇതിൽ 70 ശതമാനം നൈപുണ്യമുള്ള തൊഴിലാളികൾക്കും 30 ശതമാനം കുടുംബ പുനഃസംയോജനത്തിനുമാണ് അനുവദിച്ചിരിക്കുന്നത്. ഓസ്ട്രേലിയയിൽ താമസിക്കുന്ന കുടിയേറ്റക്കാർക്ക് പൗരത്വം ലഭിച്ചാൽ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ. ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, 9,71,020 പേരുമായി ഇന്ത്യയാണ് ഇപ്പോൾ ഓസ്ട്രേലിയയിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹം. ഇതോടെ ആദ്യമായാണ് ഇന്ത്യ, ഇംഗ്ലണ്ടിനെ മറികടക്കുന്നത്.

"ഒരു റീപോസ്റ്റ് എന്നത് പിന്തുണയല്ല. മറ്റൊരാളുടെ അഭിപ്രായം ചൂണ്ടിക്കാണിക്കുന്നതുമാത്രമാണ്," എന്ന് ടെയ്‌ലർ പറഞ്ഞു. താൻ നൈപുണ്യമുള്ള കുടിയേറ്റത്തെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം ആവർത്തിച്ചു. അതേസമയം, ബഹുസാംസ്കാരിക കാര്യ മന്ത്രി ആൻ അലി, പ്രൈസിന്റെ നടപടി വിഭജനം സൃഷ്ടിക്കാനുള്ള ശ്രമം എന്ന് വിമർശിച്ചു. കുടിയേറ്റക്കാർ ചെറുകിട ബിസിനസ്, ആരോഗ്യം, വിദ്യാഭ്യാസം, വയോജന പരിചരണം തുടങ്ങിയ മേഖലകളിൽ നൽകുന്ന സംഭാവനകളെ പ്രതിപക്ഷം അംഗീകരിക്കുമോയെന്ന് അവർ ചോദിച്ചു.

ജസിന്ത പ്രൈസ്

ജസിന്ത പ്രൈസ് മുമ്പും കുടിയേറ്റ വിഷയത്തിൽ വിവാദത്തിൽപ്പെട്ടിട്ടുണ്ട്. ഈ വർഷം മേയിൽ സാം ബാംഫോർഡിന്റെ പോഡ്കാസ്റ്റിൽ പങ്കെടുത്തപ്പോൾ, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് വലിയ തോതിൽ കുടിയേറ്റം അനുവദിക്കുന്നതിനെക്കുറിച്ചുള്ള ബാംഫോർഡിന്റെ പരാമർശത്തോട് യോജിച്ചുവെന്ന വിമർശനം ഉയർന്നിരുന്നു. എന്നാൽ, തന്റെ അഭിപ്രായം തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് പ്രൈസ് പിന്നീട് വിശദീകരിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ, ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റം ലേബർ പാർട്ടിക്ക് അനുകൂലമായി വോട്ടുകൾ സ്വാധീനിക്കാൻ സർക്കാർ ഉപയോഗിക്കുന്നുവെന്ന പരാമർശത്തെ തുടർന്ന് അന്നത്തെ പ്രതിപക്ഷ നേതാവ് സുസൻ ലേ പ്രൈസിനോട് രാജിവെക്കാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഷാഡോ മന്ത്രിസഭയിൽ നിന്ന് നീക്കപ്പെട്ട പ്രൈസിനെ, പിന്നീട് ആംഗസ് ടെയ്‌ലർ പ്രതിപക്ഷ നേതാവായതിന് ശേഷം വീണ്ടും ഷാഡോ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നു.

SCROLL FOR NEXT