ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസിലുള്ള വിശ്വാസം വോട്ടർമാർക്കിടയിൽ ഇടിയുന്നതായി പുതിയ അഭിപ്രായ സർവേ. സർവേയിൽ പങ്കെടുത്തവരിൽ 20 ശതമാനം പേർ മാത്രമാണ് പ്രധാനമന്ത്രിയിൽ ഇപ്പോഴും വിശ്വാസമുണ്ടെന്ന് വ്യക്തമാക്കിയത്. ജീവിതച്ചെലവ് പ്രതിസന്ധിക്ക് ഫെഡറൽ സർക്കാരാണ് ഉത്തരവാദിയെന്ന് 40 ശതമാനം പേർ അഭിപ്രായപ്പെട്ടതായും സർവേ കണ്ടെത്തി. എണ്ണവിലയിലെ കുതിപ്പും തുടർച്ചയായ പലിശനിരക്ക് വർധനയും ലേബർ സർക്കാരിന് തിരിച്ചടിയാകുന്നതിനിടെയാണ് അൽബനീസിനെതിരെ വിമർശനം ശക്തമാകുന്നത്. പോളിൻ ഹാൻസന്റെ വൺ നേഷൻ പാർട്ടിയുടെ ജനപിന്തുണയും വർധിച്ചുവരികയാണ്.
നൈനിനുവേണ്ടി നടത്തിയ റെസോൾവ് പൊളിറ്റിക്കൽ മോണിറ്റർ സർവേയിൽ 2,250 വോട്ടർമാരാണ് പങ്കെടുത്തത്. അൽബനീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി 22 ശതമാനം പേർ പറഞ്ഞു. നേരത്തേ തന്നെ അദ്ദേഹത്തിൽ വിശ്വാസമില്ലെന്ന് അറിയിച്ച 43 ശതമാനം പേരും ഇതിന് പുറമെയുണ്ട്. 16 ശതമാനം പേർ നിലപാട് വ്യക്തമാക്കിയില്ല. എങ്കിലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പേർ പിന്തുണച്ചത് അൽബനീസിനെയാണ്. 29 ശതമാനം പിന്തുണയോടെ അദ്ദേഹം മുന്നിലെത്തി. പ്രതിപക്ഷ സഖ്യത്തിന്റെ ആംഗസ് ടെയ്‌ലർക്ക് 25 ശതമാനവും വൺ നേഷൻ നേതാവ് പോളിൻ ഹാൻസന് 24 ശതമാനവുമാണ് പിന്തുണ. പാർട്ടികൾക്കുള്ള പ്രാഥമിക വോട്ടിങ് പിന്തുണയിൽ ലേബർ പാർട്ടിക്ക് 28 ശതമാനവും വൺ നേഷന് 25 ശതമാനവും ലിബറൽ-നാഷണൽ സഖ്യത്തിന് 22 ശതമാനവുമാണ് ലഭിച്ചത്.
മെൽബൺ കപ്പ് ദിനത്തിൽ പലിശനിരക്ക് വീണ്ടും ഉയർത്തിയതിന് പിന്നാലെ നടത്തിയ സർവേയിൽ, ജീവിതച്ചെലവ് വർധനയ്ക്ക് ഫെഡറൽ സർക്കാരാണ് ഉത്തരവാദിയെന്ന് 42 ശതമാനം പേർ അഭിപ്രായപ്പെട്ടു. ഇറാൻ യുദ്ധം ഉൾപ്പെടെയുള്ള ആഗോള സാഹചര്യങ്ങളാണ് കാരണമെന്ന് 26 ശതമാനം പേർ പറഞ്ഞു. റിസർവ് ബാങ്കിനെ കുറ്റപ്പെടുത്തിയത് ഏഴ് ശതമാനം പേരാണ്. സംസ്ഥാന-പ്രദേശ സർക്കാരുകളാണ് ഉത്തരവാദികളെന്ന് അഞ്ച് ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ 12 ശതമാനം പേർക്ക് നിലപാടുണ്ടായിരുന്നില്ല.
അതേസമയം, ഓസ്‌ട്രേലിയൻ ഫിനാൻഷ്യൽ റിവ്യൂവും റെഡ്ബ്രിഡ്ജും നടത്തിയ മറ്റൊരു സർവേയിൽ ലേബർ പാർട്ടിയുടെ പ്രാഥമിക വോട്ടിങ് പിന്തുണ രണ്ട് ശതമാനം കുറഞ്ഞ് 26 ശതമാനത്തിലെത്തി. വൺ നേഷന്റെ പിന്തുണ 28 ശതമാനമായും ലിബറൽ-നാഷണൽ സഖ്യത്തിന്റേത് നാല് ശതമാനം വർധിച്ച് 25 ശതമാനമായും ഉയർന്നു. ഈ സർവേയിലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് അൽബനീസ് തന്നെയാണ് മുന്നിൽ. 30 ശതമാനം പിന്തുണ അദ്ദേഹത്തിന് ലഭിച്ചപ്പോൾ ഹാൻസന് 24 ശതമാനവും ടെയ്‌ലർക്ക് 16 ശതമാനവുമാണ് പിന്തുണ.