Australian Capital Territory

ബെറികളിലെ കീടനാശിനി അളവ് കൂട്ടാനുള്ള നീക്കത്തിന് വിമർശനം

കുട്ടികൾ കൂടുതലായി കഴിക്കുന്ന ഭക്ഷണങ്ങളിൽ രാസവസ്തുക്കളുടെ അളവ് വർധിപ്പിക്കുന്നത് ആശങ്കാജനകമാണെന്ന് ശിശു പോഷകാഹാര വിദഗ്ധ മാൻഡി സാച്ചർ പറഞ്ഞു.

Safvana Jouhar

ഓസ്‌ട്രേലിയയിൽ ബെറിപ്പഴങ്ങളിൽ ഉപയോഗിക്കുന്ന ഐസോസൈക്ലോസെറാം (Isocycloseram) എന്ന കീടനാശിനിയുടെ അവശിഷ്ട (Residue) പരിധി 500 മടങ്ങ് വരെ വർധിപ്പിക്കാനുള്ള ഓസ്‌ട്രേലിയൻ പെസ്റ്റിസൈഡ്സ് ആൻഡ് വെറ്ററിനറി മെഡിസിൻസ് അതോറിറ്റിയുടെ (APVMA) നിർദേശത്തിനെതിരെ ആരോഗ്യ വിദഗ്ധരും പരിസ്ഥിതി പ്രവർത്തകരും രംഗത്ത്. കുട്ടികൾ കൂടുതലായി കഴിക്കുന്ന ഭക്ഷണങ്ങളിൽ രാസവസ്തുക്കളുടെ അളവ് വർധിപ്പിക്കുന്നത് ആശങ്കാജനകമാണെന്ന് ശിശു പോഷകാഹാര വിദഗ്ധ മാൻഡി സാച്ചർ പറഞ്ഞു. നിലവിലെ നിർദേശം സുരക്ഷയേക്കാൾ നിയമപരമായ പരിധികളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അവർ വിമർശിച്ചു.

ഐസോസൈക്ലോസെറാം നിർമ്മാതാവ് നടത്തിയ പരീക്ഷണങ്ങളിൽ ഉയർന്ന അളവിൽ ഈ രാസവസ്തു നൽകിയ എലികളിൽ കരൾ വിഷബാധ, വൃഷണങ്ങളുടെ ചുരുങ്ങൽ, ഗർഭസ്ഥ ശിശുക്കളിൽ ജനനവൈകല്യങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. യൂറോപ്പിൽ ഇത് PFAS (Forever Chemical) വിഭാഗത്തിൽ ഉൾപ്പെടുത്തി ഉപയോഗത്തിന് അനുമതി നൽകിയിട്ടില്ല. അതേസമയം, ഓസ്‌ട്രേലിയയിൽ ഭക്ഷണത്തിലെ ചെറിയ അളവിലുള്ള അവശിഷ്ടങ്ങൾ സുരക്ഷിതമാണെന്നാണ് APVMAയുടെ നിലപാട്. നിർദേശിച്ചിരിക്കുന്ന പരമാവധി അവശിഷ്ട പരിധി (MRL) ആരോഗ്യപരമായ അപകടസാധ്യത സൂചിപ്പിക്കുന്നതല്ലെന്നും, ജീവിതകാലം മുഴുവൻ ഇത്തരം ഭക്ഷണം കഴിക്കുന്ന സാഹചര്യവും പരിഗണിച്ചുള്ള വിലയിരുത്തലിൽ ഉപഭോക്താക്കൾക്ക് ആരോഗ്യ ഭീഷണിയില്ലെന്നും അതോറിറ്റി വ്യക്തമാക്കി.

പെസ്റ്റിസൈഡ് ആക്ഷൻ ഓസ്‌ട്രേലിയയും ഈ നിർദേശത്തെ ശക്തമായി എതിർത്തു. കുട്ടികളെയും ഗർഭസ്ഥ ശിശുക്കളെയും സംരക്ഷിക്കുന്ന മുൻകരുതൽ സമീപനമാണ് സർക്കാർ സ്വീകരിക്കേണ്ടതെന്നും, ഭക്ഷ്യശൃംഖലയിൽ നിന്ന് PFAS രാസവസ്തുക്കൾ പൂർണമായും ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. നിർദേശപ്രകാരം റാസ്പ്ബെറി, ബ്ലാക്ക്ബെറി എന്നിവയിലെ ഐസോസൈക്ലോസെറാം അവശിഷ്ട പരിധി 500 മടങ്ങും, ബ്ലൂബെറി, കറന്റ് എന്നിവയിൽ 300 മടങ്ങും, സ്ട്രോബെറി, ക്രാൻബെറി എന്നിവയിൽ 70 മടങ്ങും വർധിപ്പിക്കാനാണ് APVMA ശുപാർശ ചെയ്തിരിക്കുന്നത്. അതേസമയം ഓസ്‌ട്രേലിയയിൽ ബെറികളുടെ ഉപഭോഗം കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗണ്യമായി വർധിച്ചിട്ടുണ്ട്. 2024-ൽ രാജ്യത്തെ ബെറി വ്യവസായത്തിന്റെ മൂല്യം 1.3 ബില്യൺ ഡോളറിലെത്തി, ഇത് പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സാഹചര്യമാണ്.

– with Heath Parkes-Hupton

SCROLL FOR NEXT