North Canberra Hospital  ABC News: Callum Flinn
Australian Capital Territory

നോർത്ത് കാൻബറ ഹോസ്പിറ്റലിൽ ശമ്പളം മുടങ്ങി; സാങ്കേതിക പിഴവിൽ വലഞ്ഞ് ആയിരക്കണക്കിന് ജീവനക്കാർ

വെസ്റ്റ്പാക് ബാങ്കുമായി ബന്ധപ്പെട്ട് സാങ്കേതിക തകരാർ പരിഹരിച്ചതായും വ്യാഴാഴ്ച ഉച്ചയോടെ ശമ്പളം പ്രോസസ്സ് ചെയ്തതായും അധികൃതർ അറിയിച്ചു.

Elizabath Joseph

കാൻബറ: നോർത്ത് കാൻബറ ഹോസ്പിറ്റലിലെ ജീവനക്കാർക്ക് വ്യാഴാഴ്ച ലഭിക്കേണ്ടിയിരുന്ന രണ്ടാഴ്ചത്തെ ശമ്പളം മുടങ്ങിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. ശമ്പള വിവരങ്ങൾ അടങ്ങിയ പേ-സ്ലിപ്പുകൾ ലഭിച്ചെങ്കിലും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം എത്താതിരുന്നതാണ് ജീവനക്കാരെ വലച്ചത്. ആശുപത്രിയിലെ ആയിരക്കണക്കിന് നഴ്സുമാരെയും മറ്റ് ജീവനക്കാരെയും ഈ പ്രശ്നം ബാധിച്ചു.

ബാങ്കിലേക്ക് അയച്ച പേറോൾ ഫയലിൽ വന്ന സാങ്കേതിക പിഴവാണ് (File Corruption) ഇതിന് കാരണമെന്ന് കാൻബറ ഹെൽത്ത് സർവീസസ് ഡെപ്യൂട്ടി സിഇഒ ലിസ് ലോപ്പ പറഞ്ഞു. ഫയലിൽ കടന്നുകൂടിയ ഒരു അധിക അക്ഷരമോ അക്കമോ കാരണം ബാങ്ക് സിസ്റ്റം അത് നിരസിക്കുകയായിരുന്നു. രണ്ടാമത് ഫയൽ അയക്കാൻ ശ്രമിച്ചെങ്കിലും അത് ഡ്യൂപ്ലിക്കേറ്റ് ഫയലായി കണക്കാക്കി ബാങ്ക് വീണ്ടും തള്ളിക്കളഞ്ഞു. ഒടുവിൽ വെസ്റ്റ്പാക് ബാങ്കുമായി ബന്ധപ്പെട്ട് സാങ്കേതിക തകരാർ പരിഹരിച്ചതായും വ്യാഴാഴ്ച ഉച്ചയോടെ ശമ്പളം പ്രോസസ്സ് ചെയ്തതായും അധികൃതർ അറിയിച്ചു.

ജീവിതച്ചിലവ് വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വാടകയും മറ്റ് ബില്ലുകളും അടയ്ക്കാനാവാതെ ബുദ്ധിമുട്ടുന്ന ജീവനക്കാർ കടുത്ത ആശങ്ക രേഖപ്പെടുത്തി. ഉണ്ടായ ബുദ്ധിമുട്ടിൽ സർക്കാർ ക്ഷമ ചോദിച്ചു. സാമ്പത്തികമായി കടുത്ത പ്രതിസന്ധി നേരിടുന്ന ജീവനക്കാർക്ക് അടിയന്തര സഹായം നൽകാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. മിക്ക ജീവനക്കാർക്കും വെള്ളിയാഴ്ചയോടെ തുക അക്കൗണ്ടിൽ ലഭ്യമാകുമെന്നാണ് കരുതപ്പെടുന്നത്.

SCROLL FOR NEXT