കാൻബറ: കാൻബറയിലെ ബ്രൂസിലുള്ള (Bruce) നിലവിലെ ആശുപത്രിക്ക് പകരമായി അത്യാധുനിക സൗകര്യങ്ങളോടെ പുതിയ 'നോർത്ത്സൈഡ് ഹോസ്പിറ്റൽ' നിർമ്മിക്കുന്നതിനുള്ള വിപുലമായ പദ്ധതികൾ എ.സി.ടി സർക്കാർ പുറത്തുവിട്ടു. പുതിയ ബജറ്റിന്റെ ഭാഗമായി വരും വർഷങ്ങളിലേക്ക് 1.34 ബില്യൺ ഡോളർ കൂടി ഇതിനായി മാറ്റിവെച്ചതോടെയാണ് പദ്ധതിയുടെ ആകെ ചിലവ് 1.5 ബില്യൺ ഡോളറായി ഉയർന്നത്. 2024-ലെ തിരഞ്ഞെടുപ്പ് വേളയിൽ എ.സി.ടി ലേബർ പാർട്ടി നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഈ പദ്ധതി.
പുതിയ ആശുപത്രിയുടെ ഒന്നാം ഘട്ടത്തിൽ ഏഴ് നിലകളുള്ള ക്ലിനിക്കൽ സർവീസസ് കെട്ടിടമാണ് നിർമ്മിക്കുന്നത്. ഇതിൽ ആധുനിക സജ്ജീകരണങ്ങളുള്ള എമർജൻസി വിഭാഗം, 14 ബെഡുകളുള്ള തീവ്രപരിചരണ വിഭാഗം (ICU), 8 അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകൾ എന്നിവ ഉണ്ടായിരിക്കും. ഇതുകൂടാതെ ആറ് ബേർഡിങ് സ്യൂട്ടുകളുള്ള പ്രസവകേന്ദ്രം (Birth centre), മെറ്റേണിറ്റി ഇൻപേഷ്യന്റ് യൂണിറ്റ്, പ്രത്യേക പരിചരണം ആവശ്യമുള്ള കുഞ്ഞുങ്ങൾക്കായുള്ള നഴ്സറി എന്നിവയും ഇതിലൂടെ ലഭ്യമാക്കും. പുതിയ പ്രധാന കെട്ടിടത്തിന്റെ നിർമ്മാണത്തിനായി നിലവിലുള്ള ചില കെട്ടിടങ്ങളും ചൈൽഡ് കെയർ സെന്ററും പൊളിച്ചുമാറ്റുമെങ്കിലും, പകരം 100 കുട്ടികൾക്ക് പ്രവേശനം നൽകാവുന്ന പുതിയ ആധുനിക ചൈൽഡ് കെയർ സെന്റർ പണിയാൻ പദ്ധതിയുണ്ട്.
നിർമ്മാണവും പാർക്കിങ് സൗകര്യങ്ങളും:
ആശുപത്രിയുടെ പ്രധാന നിർമ്മാണ പ്രവർത്തനങ്ങൾ ഈ സാമ്പത്തിക വർഷം ആരംഭിക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും, വിശദമായ ഡിസൈൻ ജോലികളും പരിസ്ഥിതി ആഘാത പഠനങ്ങളും പൂർത്തിയാകാൻ സമയമെടുത്തതിനാൽ നിർമ്മാണം 2027-2028 വർഷങ്ങളിലേക്ക് മാറ്റിയതായി ആരോഗ്യ മന്ത്രി റേച്ചൽ സ്റ്റീഫൻ-സ്മിത്ത് അറിയിച്ചു. പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിലും സമീപത്തുമായി 700-ലധികം പുതിയ പാർക്കിങ് ഇടങ്ങൾ നിർമ്മിക്കുമെന്നും, ഇത് ആശുപത്രിയിലെ നിലവിലെ പാർക്കിങ് ക്ഷാമത്തിന് വലിയ പരിഹാരമാകുമെന്നും അവർ കൂട്ടിച്ചേർത്തു.
1979-ൽ നിർമ്മിച്ച നിലവിലെ ആശുപത്രി കെട്ടിടം 'കാലഹരണപ്പെട്ടു' കഴിഞ്ഞെന്നും പുതിയ മാറ്റത്തെ സ്വാഗതം ചെയ്യുന്നുവെന്നും കാൻബറ ലിബറൽസ് നേതാവ് മാർക്ക് പാർട്ടിൻ പ്രതികരിച്ചു. ഓസ്‌ട്രേലിയൻ നഴ്‌സസ് ആൻഡ് മിഡ്‌വൈഫറി ഫെഡറേഷനും (ANMF ACT) പുതിയ വലിയ നിക്ഷേപത്തെ അഭിനന്ദിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്തും നിലവിലെ ആശുപത്രിയുടെ പ്രവർത്തനം തടസ്സമില്ലാതെ തുടരും. പുതിയ ആശുപത്രിയുടെ ഒന്നാം ഘട്ട നിർമ്മാണം 2031-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.