10 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകാമെന്ന് ഫെഡറൽ കോടതി അറിയിച്ചു. 
Australian Capital Territory

കോവിഡ് കാലത്ത് റദ്ദാക്കിയ വിമാനങ്ങൾ; ക്വാണ്ടാസ് യാത്രക്കാർക്ക് 105 മില്യൺ ഡോളർ നഷ്ടപരിഹാരം

2020 ജനുവരി 1 മുതൽ 2022 നവംബർ 1 വരെ ക്വാണ്ടാസ് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്ത ശേഷം സർവീസ് റദ്ദാക്കപ്പെട്ട യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം.

Safvana Jouhar

കോവിഡ്-19 കാലത്ത് റദ്ദാക്കിയ വിമാന സർവീസുകളുമായി ബന്ധപ്പെട്ട ക്ലാസ് ആക്ഷൻ കേസിൽ 105 മില്യൺ ഓസ്ട്രേലിയൻ ഡോളറിന്റെ നഷ്ടപരിഹാരത്തിന് ക്വാണ്ടാസ് സമ്മതിച്ചു. ഇതിന്റെ ഭാഗമായി 10 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകാമെന്ന് ഫെഡറൽ കോടതി അറിയിച്ചു. 2020 ജനുവരി 1 മുതൽ 2022 നവംബർ 1 വരെ ക്വാണ്ടാസ് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്ത ശേഷം സർവീസ് റദ്ദാക്കപ്പെട്ട യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം.

റദ്ദാക്കിയ വിമാനങ്ങൾക്ക് പണം തിരികെ നൽകുന്നതിനുപകരം ഫ്ലൈറ്റ് ക്രെഡിറ്റ് നൽകിയതിലൂടെ ഉപഭോക്തൃ നിയമം ലംഘിച്ചെന്നാണ് കേസിൽ ആരോപിച്ചത്. എന്നാൽ തെറ്റ് സമ്മതിക്കാതെയാണ് കേസ് ഒത്തുതീർപ്പാക്കാൻ ക്വാണ്ടാസ് തയ്യാറായത്. അർഹരായ എല്ലാ യാത്രക്കാർക്കും കുറഞ്ഞത് 50 ഓസ്ട്രേലിയൻ ഡോളറെങ്കിലും ലഭിക്കുമെന്ന് അറിയിപ്പിൽ പറയുന്നു. ചിലർക്ക് ഇതിലും കൂടുതൽ തുക ലഭിച്ചേക്കും. ഫ്ലൈറ്റ് ക്രെഡിറ്റ് ഇതിനകം ഉപയോഗിച്ചവർക്കോ പിന്നീട് റീഫണ്ട് ലഭിച്ചവർക്കോ പോലും നഷ്ടപരിഹാരത്തിന് അർഹത ഉണ്ടായേക്കാമെന്നും കോടതി വ്യക്തമാക്കി.

നഷ്ടപരിഹാരത്തിനായി ഒക്ടോബർ 2 വൈകിട്ട് 4 മണിക്കകം രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്നവർക്കുള്ള അന്തിമ നഷ്ടപരിഹാര വിതരണത്തിന് ഫെഡറൽ കോടതിയുടെ അംഗീകാരം ലഭിച്ച ശേഷമായിരിക്കും നടപടി.

SCROLL FOR NEXT