Australian Capital Territory

15 ലക്ഷത്തിലധികം ഓസ്ട്രേലിയക്കാർ ‘മോർട്ട്ഗേജ് സ്ട്രെസിൽ’

ഗുരുതരമായ "എക്‌സ്ട്രീം റിസ്‌ക്" വിഭാഗത്തിൽ ഇപ്പോൾ 10.84 ലക്ഷം ആളുകളുണ്ട്. അതായത്, ഓരോ അഞ്ച് മോർട്ട്ഗേജ് ഉടമകളിൽ ഒരാൾ ഈ വിഭാഗത്തിൽപ്പെടുന്നു.

Safvana Jouhar

ഓസ്ട്രേലിയയിൽ ഭവനവായ്പ തിരിച്ചടവ് പ്രതിസന്ധി രൂക്ഷമാകുന്നതായി പുതിയ പഠനം. റോയ് മോർഗൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, മോർട്ട്ഗേജ് സ്ട്രെസ് നേരിടുന്നവരുടെ എണ്ണം ഒരു മാസത്തിനിടെ 65,000 വർധിച്ച് 15.38 ലക്ഷമായി. ഈ വർഷം പലിശനിരക്ക് മൂന്ന് തവണ ഉയർത്തിയതിന്റെ പ്രത്യാഘാതമാണ് കൂടുതൽ കുടുംബങ്ങളെ സാമ്പത്തിക സമ്മർദത്തിലാക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ആഴ്ച Reserve Bank of Australia പലിശനിരക്കിൽ മാറ്റം വരുത്താതിരുന്നെങ്കിലും, ഇതിനുമുമ്പുള്ള വർധനവുകൾ വലിയ ആഘാതം സൃഷ്ടിച്ചിരിക്കുകയാണ്.

റോയ് മോർഗൻ സിഇഒ Michele Levineയുടെ അഭിപ്രായത്തിൽ, പലിശനിരക്ക് വർധന, വീടുകളുടെ വില ഇടിവ്, തൊഴിൽവിപണിയിലെ ദൗർബല്യം എന്നിവ ചേർന്നാണ് സാമ്പത്തിക സമ്മർദം വർധിപ്പിക്കുന്നത്. മോർട്ട്ഗേജ് സ്ട്രെസ് എന്നത് കുടുംബവരുമാനത്തിന്റെ വലിയൊരു വിഹിതം വായ്പ തിരിച്ചടവിനായി ചെലവാകുന്ന അവസ്ഥയാണ്. അതിലും ഗുരുതരമായ "എക്‌സ്ട്രീം റിസ്‌ക്" വിഭാഗത്തിൽ ഇപ്പോൾ 10.84 ലക്ഷം ആളുകളുണ്ട്. അതായത്, ഓരോ അഞ്ച് മോർട്ട്ഗേജ് ഉടമകളിൽ ഒരാൾ ഈ വിഭാഗത്തിൽപ്പെടുന്നു.

Michele Bullock

ഈ വർഷം മെയ് വരെ 65,000-ത്തിലധികം പേർ ദേശീയ കടബാധ്യത സഹായ സേവനമായ നാഷണൽ ഡെബ്റ്റ് ഹെൽപ്‌ലൈനുമായി ബന്ധപ്പെട്ടു. ഇവരിൽ ഭൂരിഭാഗവും മോർട്ട്ഗേജ് തിരിച്ചടവ് സംബന്ധമായ പ്രശ്നങ്ങളാണ് ഉന്നയിച്ചത്. ആർബിഎ ഗവർണർ Michele Bullock വായ്പക്കാരുടെ ബുദ്ധിമുട്ടുകൾ അംഗീകരിച്ചെങ്കിലും, പണപ്പെരുപ്പം നിയന്ത്രിക്കുകയാണ് ബാങ്കിന്റെ പ്രധാന ലക്ഷ്യമെന്ന് വ്യക്തമാക്കി. ഏപ്രിലിൽ രാജ്യത്തെ വാർഷിക പണപ്പെരുപ്പ നിരക്ക് 4.2 ശതമാനമായിരുന്നു. ഇത് ആർബിഎ ലക്ഷ്യമിടുന്ന 2 മുതൽ 3 ശതമാനം വരെയുള്ള പരിധിയേക്കാൾ ഇപ്പോഴും കൂടുതലാണ്. ബുധനാഴ്ച പുറത്തുവരുന്ന പുതിയ പണപ്പെരുപ്പ കണക്കുകൾ സാമ്പത്തിക വിദഗ്ധർ ഏറെ ശ്രദ്ധയോടെയാണ് കാത്തിരിക്കുന്നത്.

പണപ്പെരുപ്പം കുറയുകയാണെങ്കിൽ ഓഗസ്റ്റിൽ വീണ്ടും പലിശനിരക്ക് ഉയർത്തേണ്ട സാഹചര്യം കുറയാം. എന്നാൽ ആർബിഎ വീണ്ടും 0.25 ശതമാനം പലിശനിരക്ക് വർധിപ്പിച്ചാൽ, 62,000 പേർ കൂടി മോർട്ട്ഗേജ് സ്ട്രെസിലേക്ക് നീങ്ങുമെന്ന് റോയ് മോർഗൻ മുന്നറിയിപ്പ് നൽകുന്നു. അങ്ങനെയെങ്കിൽ മോർട്ട്ഗേജ് സ്ട്രെസ് നേരിടുന്നവരുടെ എണ്ണം 16 ലക്ഷമായി ഉയരും. ഇത് ആഗോള സാമ്പത്തിക മാന്ദ്യകാലത്ത് (GFC) രേഖപ്പെടുത്തിയ ഉയർന്ന നിരക്കിനോട് കൂടുതൽ അടുത്തെത്തുമെന്ന ആശങ്കയും റിപ്പോർട്ട് ഉയർത്തുന്നു.

SCROLL FOR NEXT