കാൻബറയുടെ തെക്കൻ മേഖലയിലുള്ള ലാന്യൺ ഹൈസ്കൂളിൽ വിദ്യാർഥിക്ക് കുത്തേറ്റ സംഭവത്തെക്കുറിച്ച് മാതാപിതാക്കളെ അറിയിക്കാൻ വൈകിയത് ആഗോള സൈബർ സുരക്ഷാ തകരാറിനെ തുടർന്നാണെന്ന് അധികൃതർ. വ്യാഴാഴ്ച രാവിലെയായിരുന്നു സ്കൂളിൽ വിദ്യാർഥികൾ തമ്മിലുള്ള ആക്രമണം. സംഭവത്തിൽ പ്രതിയായ കൗമാരക്കാരൻ ഇന്ന് ACT ചിൽഡ്രൻസ് കോടതിയിൽ ഹാജരായി. സഹപാഠിയെ കത്തി ഉപയോഗിച്ച് ആക്രമിച്ച് കൈയ്ക്ക് മുറിവേൽപ്പിച്ചെന്നാണ് കൗമാരക്കാരനെതിരായ ആരോപണം. ആദ്യം മറ്റൊരു വിദ്യാർഥിയെ തലയിലടക്കം മർദിച്ചെന്നും തുടർന്ന് 20 മുതൽ 30 സെന്റിമീറ്റർ വരെ നീളമുള്ള കത്തി പുറത്തെടുത്തെന്നുമാണ് പൊലീസ് പറയുന്നത്.
കത്തി ഉപയോഗിച്ച് സഹപാഠിയുടെ കൈയിൽ കുത്തിയ ശേഷം ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെന്നും ഈ സമയത്ത് പ്രതി കത്തി തലയ്ക്കുനേരെ എറിഞ്ഞെന്നുമാണ് പൊലീസിന്റെ ആരോപണം. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട കൗമാരക്കാരൻ വ്യാഴാഴ്ച രാത്രി സിറ്റി പൊലീസ് സ്റ്റേഷനിൽ എത്തിയതിനെത്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
മനഃപൂർവം മുറിവേൽപ്പിക്കൽ, ശാരീരിക പരിക്കേൽപ്പിക്കുന്ന തരത്തിലുള്ള ആക്രമണം, ആക്രമണത്തിനായി ആയുധം കൈവശം വയ്ക്കൽ, മുൻനിര ജീവനക്കാരനെ ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതി ജാമ്യാപേക്ഷ നൽകിയില്ലെങ്കിലും ചൊവ്വാഴ്ച ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് കോടതി അറിയിച്ചു. കേസ് അടുത്ത മാസം വീണ്ടും പരിഗണിക്കും. പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സന്ദേശം വൈകിയതിൽ വിദ്യാഭ്യാസ മന്ത്രി ക്ഷമാപണം നടത്തി
സർക്കാർ വെബ്‌സൈറ്റുകളിൽ കണ്ടെത്തിയ PHP സൈബർ സുരക്ഷാ ദൗർബല്യങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ നടന്ന അതേ ദിവസമാണ് സ്കൂളിൽ ആക്രമണം ഉണ്ടായത്. ഇതിനെത്തുടർന്ന് സ്കൂളിന്റെ ഭരണസംവിധാനം കുറച്ചുസമയം പ്രവർത്തനരഹിതമായതും മാതാപിതാക്കൾക്ക് സന്ദേശം അയയ്ക്കുന്ന സംവിധാനം ലഭ്യമല്ലാതായതുമാണ് അറിയിപ്പ് വൈകാൻ കാരണമെന്ന് ACT വിദ്യാഭ്യാസ മന്ത്രി യ്വെറ്റ് സ്റ്റീഫൻ-സ്മിത്ത് പറഞ്ഞു.
സംഭവത്തെക്കുറിച്ചുള്ള സന്ദേശം സ്കൂൾ സമൂഹത്തിലേക്ക് എത്തിക്കുന്നതിൽ നേരിയ കാലതാമസമുണ്ടായെന്നും ഇതുമൂലം കൂടുതൽ ആശങ്ക അനുഭവിച്ച മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്നതായും മന്ത്രി വ്യക്തമാക്കി. പിന്നീട് സന്ദേശം അയയ്ക്കാൻ സാധിച്ചെന്നും ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് മുമ്പ് എല്ലാ കുടുംബങ്ങൾക്കും ഇമെയിൽ നൽകിയെന്നും അവർ പറഞ്ഞു. എന്നാൽ അതിനുമുമ്പ് ചില വിദ്യാർഥികൾ സ്വന്തം നിലയിൽ കുടുംബാംഗങ്ങളെ ബന്ധപ്പെടുകയും സ്കൂളിൽനിന്ന് കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംഭവത്തെത്തുടർന്ന് വിദ്യാർഥികൾക്കും ജീവനക്കാർക്കും ആവശ്യമായ പിന്തുണ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
“പരിക്കേറ്റ വിദ്യാർഥിയെയും കുടുംബത്തെയും കുറിച്ചാണ് എന്റെ ചിന്തകൾ. എല്ലാവർക്കും സുരക്ഷിതമായ ഇടമായിരിക്കണം സ്കൂൾ,” മന്ത്രി പറഞ്ഞു.