ഓസ്ട്രേലിയൻ ഓപൺ ബാഡ്മിന്റൺ പുരുഷ സിംഗിൾസ് കിരീടം ഇന്ത്യൻ താരം ലക്ഷ്യ സെനിന്. ഫൈനലിൽ ജപ്പാൻ്റെ യൂഷി തനകയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് ലക്ഷ്യ സെന്നിന്റെ കിരീട നേട്ടം. വെറും 38 മിനിറ്റിനുള്ളിൽ ഫൈനലിൽ ലക്ഷ്യ സെൻ എതിരാളിയെ കീഴടക്കി. സ്കോർ 21-15, 21-11.
മത്സരത്തിന്റെ തുടക്കം മുതൽ ലക്ഷ്യയുടെ ആധിപത്യം പ്രകടമായിരുന്നു. സെമിയിൽ ആദ്യ ഗെയിമിൽ പിന്നിൽ പോയതിന് ശേഷം ലക്ഷ്യ തിരിച്ചുവന്നതിനാൽ ഫൈനലിൽ കൂടുതൽ മികച്ച പോരാട്ടം തന്നെ താരം കാഴ്ച്ചവെച്ചു നടത്തി. ഈ വർഷത്തെ ബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ തന്റെ ആദ്യ കിരീടമാണ് ലക്ഷ്യ സെൻ സ്വന്തമാക്കിയത്.
കിരീടനേട്ടം രണ്ട് വിരലുകളും ചെവിയിൽ വെച്ചാണ് ലക്ഷ്യ ആഘോഷിച്ചത്. തനിക്കെതിരായ വിമർശനങ്ങൾക്ക് ചെവികൊടുക്കുന്നില്ലെന്നാണ് ലക്ഷ്യ ഇതുവഴി ഉദ്ദേശിച്ചത്. പിന്നാലെ പരിശീലകനെയും തന്റെ പിതാവിനെയും ആലിംഗനം ചെയ്ത് ലക്ഷ്യ സെൻ വിജയം ആഘോഷിച്ചു.