ഓസ്‌ട്രേലിയയിൽ ഗ്യാസ് കയറ്റുമതിക്ക് പ്രത്യേക നികുതി ഏർപ്പെടുത്തണമോയെന്ന വിഷയത്തിൽ ലേബർ പാർട്ടി നിർണായക തീരുമാനത്തിലേക്ക്. വ്യാഴാഴ്ച ആരംഭിക്കുന്ന പാർട്ടിയുടെ 50-ാമത് ദേശീയ സമ്മേളനത്തിൽ ഈ വിഷയം ചർച്ച ചെയ്യും. രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങളിൽ നിന്ന് ഓസ്‌ട്രേലിയക്കാർക്ക് കൂടുതൽ ന്യായമായ വരുമാനം ഉറപ്പാക്കുന്നതിനായി നികുതി സംവിധാനത്തിൽ മാറ്റം വേണമെന്ന പ്രമേയമാണ് സമ്മേളനത്തിൽ അവതരിപ്പിക്കുന്നത്.
ഗ്യാസ് കയറ്റുമതിക്ക് 25 ശതമാനം നികുതി ഏർപ്പെടുത്തിയാൽ പ്രതിവർഷം നാല് ബില്യൺ മുതൽ 17 ബില്യൺ ഓസ്‌ട്രേലിയൻ ഡോളർ വരെ അധിക വരുമാനം ലഭിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ കണക്കാക്കുന്നു. ഓസ്‌ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ചീഫ് ഇക്കണോമിസ്റ്റ് ഗ്രെഗ് ജെറിക്കോയുടെ അഭിപ്രായത്തിൽ, ഈ അധിക വരുമാനം ഉപയോഗിച്ച് മെഡികെയറിൽ ദന്തചികിത്സ ഉൾപ്പെടുത്താനോ എല്ലാ ഓസ്‌ട്രേലിയക്കാർക്കും സൗജന്യ സർവകലാശാല വിദ്യാഭ്യാസം, ടാഫെ പരിശീലനം, ശിശുപരിചരണ സേവനങ്ങൾ എന്നിവ നടപ്പാക്കാനോ കഴിയും. അതേസമയം, എഎംപി സാമ്പത്തിക വിദഗ്ധ മൈ ബുയി കൂടുതൽ സൂക്ഷ്മമായ കണക്കാണ് മുന്നോട്ടുവയ്ക്കുന്നത്. നികുതിയിലൂടെ വർഷം ഏകദേശം നാല് ബില്യൺ ഡോളർ ലഭിക്കാമെന്നും അത് വരുമാന നികുതി കുറയ്ക്കാൻ ഉപയോഗിക്കാമെന്നും അവർ അഭിപ്രായപ്പെട്ടു.
ലോകത്തിലെ രണ്ടാമത്തെ വലിയ പ്രകൃതി വാതക കയറ്റുമതിക്കാരാണ് ഓസ്‌ട്രേലിയ. നിലവിൽ കമ്പനികൾ പെട്രോളിയം റിസോഴ്‌സ് റെന്റ് ടാക്‌സ് (PRRT) പ്രകാരമാണ് നികുതി നൽകുന്നത്. എന്നാൽ നിലവിലെ സംവിധാനത്തിലെ ഇളവുകൾ കാരണം പല കമ്പനികളും കാര്യമായ നികുതി അടയ്ക്കുന്നില്ലെന്ന വിമർശനമുണ്ട്. എന്നാൽ സ്വതന്ത്ര എംപി ഡേവിഡ് പോക്കോക്ക് ഉൾപ്പെടെയുള്ളവർ ഗ്യാസ് കയറ്റുമതി നികുതിക്കായി ശക്തമായി രംഗത്തുണ്ട്. ഗ്യാസ് കമ്പനികളിൽ നിന്ന് ലഭിക്കുന്ന നികുതിയേക്കാൾ ബിയറിന് ഓസ്‌ട്രേലിയക്കാർ അടക്കുന്ന നികുതിയാണ് കൂടുതലെന്ന കണക്ക് പുറത്തുവന്നതോടെയാണ് ഈ ചർച്ച ശക്തമായത്. എന്നാൽ പുതിയ നികുതി നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കുമെന്നും പുതിയ എണ്ണ-വാതക പദ്ധതികൾ സാമ്പത്തികമായി പ്രായോഗികമല്ലാതാക്കുമെന്നും വ്യവസായ രംഗം മുന്നറിയിപ്പ് നൽകുന്നു. ഓസ്‌ട്രേലിയൻ എനർജി പ്രൊഡ്യൂസേഴ്‌സ് സംഘടനയുടെ ചീഫ് എക്സിക്യൂട്ടീവ് സാമന്ത മക്കല്ലോക്ക്, ഇതുമൂലം നിക്ഷേപം കുറയുകയും ഊർജവിതരണം ചുരുങ്ങുകയും വൈദ്യുതി, ഇന്ധന ചെലവ് ഉയരുകയും ചെയ്യുമെന്ന് പറഞ്ഞു. പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലർ, പുതിയ നികുതി ഏർപ്പെടുത്തുന്നതിന് പകരം കൂടുതൽ പ്രകൃതി വാതകം ഉൽപ്പാദിപ്പിച്ച് രാജ്യത്തെ ഊർജവില കുറയ്ക്കുകയാണ് വേണ്ടതെന്ന് അഭിപ്രായപ്പെട്ടു.