സിഡ്നി: സാധ്യതയില്ലാത്ത വിസ അപേക്ഷകൾ നൽകി ആളുകളെ വഞ്ചിച്ച് പണം തട്ടുന്ന മൈഗ്രേഷൻ ഏജന്റുമാർക്കും അഭിഭാഷകർക്കും എതിരെ കടുത്ത നടപടികളുമായി ഓസ്‌ട്രേലിയൻ ഫെഡറൽ സർക്കാർ. ഓസ്‌ട്രേലിയയിൽ തുടരാൻ അർഹതയില്ലാത്തവർക്ക് വ്യാജ പ്രതീക്ഷകൾ വിറ്റ് നിയമവ്യവസ്ഥയെ ചൂഷണം ചെയ്യുന്ന പ്രൊഫഷണലുകളെ നിയന്ത്രിക്കാൻ കടുത്ത നിയമങ്ങൾ കൊണ്ടുവരുമെന്ന് അസിസ്റ്റന്റ് സിറ്റിസൺഷിപ്പ് മന്ത്രി ജൂലിയൻ ഹിൽ വ്യക്തമാക്കി. വ്യാജ അഭയാർത്ഥി അപേക്ഷകൾ (Protection claims) നൽകാൻ ആളുകളെ ഉപദേശിക്കുകയും, വ്യാജ രേഖകൾ ചമയ്ക്കുകയും ചെയ്യുന്ന രീതി തടയാൻ ഹോം അഫയേഴ്‌സിന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. ലൈംഗിക ന്യൂനപക്ഷത്തിൽപ്പെട്ട ആളാണെന്ന് വ്യാജമായി കാണിച്ച് അഭയാർത്ഥി വിസയ്ക്ക് അപേക്ഷിക്കാൻ പരിശീലനം നൽകുന്ന രീതിയിലുള്ള ഓൺലൈൻ പരസ്യങ്ങൾ വരെ ചിലർ നൽകുന്നുണ്ടെന്നും, ഇത് നിയമസഹായമല്ല മറിച്ച് ലാഭത്തിനുവേണ്ടിയുള്ള സിസ്റ്റത്തിന്റെ ദുരുപയോഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രജിസ്‌ട്രേഷൻ ഇല്ലാതെ നിയമവിരുദ്ധമായി വിസ ഉപദേശങ്ങൾ നൽകി പണം തട്ടുന്ന "വ്യാജ ഏജന്റുമാരെ" പിടികൂടാനായി ഹോം അഫയേഴ്‌സ് പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകിയിട്ടുണ്ട്. ഇതിനൊപ്പം വിസ ഹോപ്പിംഗ് (Visa hopping) തടയുന്നതിനും, കോഴ്‌സുകളും സ്റ്റഡി പ്രൊവൈഡർമാരെയും എളുപ്പത്തിൽ മാറ്റുന്നത് പരിമിതപ്പെടുത്തുന്നതിനുമുള്ള പുതിയ അന്താരാഷ്ട്ര വിദ്യാർത്ഥി വിസ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. പുതിയ നിയമപ്രകാരം ഭൂരിഭാഗം വിദ്യാർത്ഥികൾക്കും കുടുംബത്തെ ഒപ്പം കൊണ്ടുവരാൻ അനുമതിയുണ്ടാകില്ല. രാജ്യം നേരിടുന്ന തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിനായി ആരോഗ്യ സംരക്ഷണം, നിർമ്മാണം, അധ്യാപനം, കൃഷി തുടങ്ങിയ അത്യന്താപേക്ഷിത മേഖലകളിലെ സ്കിൽഡ് വിസ അപേക്ഷകൾക്ക് മുൻഗണന നൽകാനും തീരുമാനമായിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ നെറ്റ് ഓവർസീസ് മൈഗ്രേഷൻ (NOM) നിരക്ക് അടുത്ത സാമ്പത്തിക വർഷത്തോടെ 2,25,000 ആയി കുറയ്ക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം.