കാൻബറ: പ്രതിരോധ സേനയിലെ മുൻ അംഗങ്ങൾക്ക് ലഭിക്കുന്ന ആരോഗ്യ സേവനങ്ങൾക്ക് ഏർപ്പെടുത്താനിരുന്ന 5,000 ഓസ്‌ട്രേലിയൻ ഡോളർ പരിധി പിൻവലിച്ച് ലേബർ സർക്കാർ. മുൻ സൈനികർ, വെറ്ററൻ സംഘടനകൾ, പ്രതിപക്ഷം, സ്വതന്ത്ര സെനറ്റർ ജാക്വി ലാംബി എന്നിവരുടെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് സർക്കാർ തീരുമാനത്തിൽ നിന്ന് പിന്മാറിയത്. 2027 ജൂലൈ 1 മുതൽ അലീഡ് ഹെൽത്ത് സേവനങ്ങൾക്ക് പരിധി ഏർപ്പെടുത്താനായിരുന്നു ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി. പരിധി മറികടന്ന് ചികിത്സ ആവശ്യമുള്ള വെറ്ററൻമാർക്ക് അധിക സഹായത്തിന് അപേക്ഷിക്കാമെന്നായിരുന്നു സർക്കാർ നിലപാട്.
എന്നാൽ പദ്ധതി സംബന്ധിച്ച് വെറ്ററൻമാരിൽ നിന്ന് ആശങ്കകൾ ഉയർന്നതിനെ തുടർന്ന് നിർദേശം പൂർണമായും പിൻവലിക്കുകയാണെന്ന് വെറ്ററൻസ് അഫയേഴ്സ് മന്ത്രി മാറ്റ് കീഗ് വ്യാഴാഴ്ച അറിയിച്ചു. “ഈ നടപടിയെക്കുറിച്ച് ഞങ്ങൾ കൂടിയാലോചന നടത്തി. വെറ്ററൻമാരുടെ ആശങ്കകൾ കേട്ടു. നിർദേശിച്ചിരുന്ന 5,000 ഡോളർ പരിധി ഇനി പരിഗണിക്കില്ല,” കീഗ് പറഞ്ഞു. വെറ്ററൻമാരുടെ ആരോഗ്യ സേവനങ്ങൾക്കായി ഓരോ 12 സെഷനുകൾക്കും ശേഷം വീണ്ടും ഡോക്ടറുടെ റഫറൽ തേടേണ്ട സാഹചര്യം ഒഴിവാക്കുക എന്നതായിരുന്നു സർക്കാർ പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിക്കെതിരെ സ്വതന്ത്ര സെനറ്റർ ജാക്വി ലാംബി ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. കഴിഞ്ഞ മാസം സെനറ്റിൽ നടത്തിയ പ്രസംഗത്തിൽ പരിധി വെറ്ററൻമാരിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകിയിരുന്നു. സർക്കാർ തീരുമാനം പിൻവലിച്ചതിനെ ലാംബി സ്വാഗതം ചെയ്തു. ഈ വിജയം വെറ്ററൻമാർക്കും അവരുടെ കുടുംബങ്ങൾക്കും വിഷയത്തിൽ പ്രതിഷേധിച്ച എല്ലാ ഓസ്‌ട്രേലിയക്കാർക്കും അവകാശപ്പെട്ടതാണെന്ന് അവർ പറഞ്ഞു.
അതേസമയം, വെറ്ററൻസ് അഫയേഴ്സ് മന്ത്രി മാറ്റ് കീഗിനെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലർ നേരത്തെ പ്രധാനമന്ത്രി ആന്തണി ആൽബനീസിനോട് ആവശ്യപ്പെട്ടിരുന്നു. 5,000 ഡോളർ പരിധി തുടക്കം മുതൽ തന്നെ തെറ്റായ തീരുമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വെറ്ററൻ സംഘടനയായ Fair Care for Veterans സർക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്തു. ഏറ്റവും ഗുരുതരമായി പരിക്കേറ്റ വെറ്ററൻമാരെയാണ് നിർദിഷ്ട പരിധി ഏറ്റവും കൂടുതൽ ബാധിക്കുകയെന്ന് മുൻ നേവി ക്ലിയറൻസ് ഡൈവർ ജോൺ ആംഫീൽഡ് പറഞ്ഞു. വെറ്ററൻമാരും കുടുംബങ്ങളും ഡോക്ടർമാരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തി പ്രതിഷേധിച്ചതിന്റെ ഫലമാണ് തീരുമാനമാറ്റമെന്നും അദ്ദേഹം പറഞ്ഞു.