Australian Capital Territory

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂരമര്‍ദനം

Safvana Jouhar

കാന്‍ബറ: സെന്‍ട്രല്‍ അഡ്‌ലെയിഡില്‍ വെച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ ചരണ്‍പ്രീത് സിങ്ങിനെ ഒരു കൂട്ടം ആളുകള്‍ ക്രൂരമായി മര്‍ദിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ചരണ്‍പ്രീത് സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാര്‍ക്കിങ്ങിനെ തുടര്‍ന്നുണ്ടായ തര്‍ക്കം പിന്നീട് വംശീയ അധിക്ഷേപമായി മാറുകയായിരുന്നു.

ജൂലായ് 19നാണ് സംഭവം നടക്കുന്നത്. 23കാരാനായ ചരണ്‍പ്രീത് സിങ് ഭാര്യയോടൊപ്പം നഗരത്തിലെ ലൈറ്റ് ഷോ കാണാന്‍ പോവുകയായിരുന്നു. ഇവര്‍ കാര്‍ പാര്‍ക്ക്‌ ചെയ്ത സ്ഥലത്തെത്തിയ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രണം ഉണ്ടായതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മറ്റൊരു വാഹനത്തില്‍ നിന്ന് ചാടിയിറങ്ങിയ അക്രമിസംഘം ആയുധങ്ങളടക്കം ഉപയോഗിച്ച് ചര്‍ണ്‍പ്രീതിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ ഇന്ത്യക്കാരനായതിനാല്‍ അദ്ദേഹത്തെ മോശമായ ഭാഷയില്‍ തെറി വിളിക്കുന്നുമുണ്ടായിരുന്നു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

വാഹനപാര്‍ക്കിങ്ങില്‍ തുടങ്ങിയ ആക്രമണം പിന്നീട് വംശീയ വിദ്വേഷത്തിലേക്ക് മാറുകയായിരുന്നെന്ന് ചരണ്‍പ്രീത് സിങ് പ്രതികരിച്ചു. നിലവില്‍ അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ ശരീരത്തില്‍ എന്തും മാറ്റാന്‍ കഴിയും, പക്ഷേ നിറം മാറ്റാന്‍ കഴിയില്ലെന്ന്‌ പറഞ്ഞായിരുന്നു ആക്രമിച്ചത്. ഇതുപോലുള്ള കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍, തിരികെ പോകണമെന്ന് തോന്നുമെന്നും സിങ് കൂട്ടിച്ചേര്‍ത്തു

ആക്രമണത്തില്‍ 20കാരനെ ഓസ്‌ട്രേലിയന്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ അക്രമിസംഘത്തിലെ മറ്റുള്ളവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്താല്‍ മറ്റുള്ളവര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

അതേസമയം ചരണ്‍പ്രീത് സിങ്ങിനെതിരായ ആക്രമണം അഡ്‌ലെയ്ഡിലിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വിദേശവിദ്യാര്‍ത്ഥികളുടെ സുരക്ഷയും ചോദ്യചിഹ്നമായി മാറിയിട്ടുണ്ട്. ആക്രമണത്തെ സൗത്ത് ഓസ്‌ട്രേലിയയിലെ പ്രീമിയര്‍ പീറ്റര്‍ മാലിനോസ്‌കാസ് പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം പ്രവര്‍ത്തികള്‍ തികച്ചും അസ്വീകര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അയര്‍ലാന്‍ഡില്‍വെച്ച് മറ്റൊരു ഇന്ത്യന്‍ യുവാവിന് നേരെ സമാനമായ രീതിയില്‍ ആക്രണമുണ്ടായതിന് പിന്നാലെയാണ് ഓസ്‌ട്രേലിയയിലെ സംഭവവം പുറത്ത് വന്നിരിക്കുന്നത്. അയര്‍ലണ്ടിലെ ഡബ്ലിനിലെ ടാലയില്‍ ഒരു കൂട്ടം അക്രമികള്‍ ഇന്ത്യക്കാരനെ നഗ്‌നനാക്കി ആക്രമിച്ചിരുന്നു.

SCROLL FOR NEXT