ഇതാദ്യമായി, ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ വിദേശി ജനസംഖ്യാ ഗ്രൂപ്പായി ഇന്ത്യ. ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (എബിഎസ്) പുറത്തുവിട്ട പുതിയ ഡാറ്റ പ്രകാരം, 2025 ജൂൺ വരെ രാജ്യത്തുള്ള ഇന്ത്യൻ ജനതയുടെ എണ്ണം 971,020 ആയി കണക്കാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിനെ മറികടന്ന് ഇത് ആദ്യമായാണ് ഇന്ത്യ മുന്നിൽ വരുന്നത്. 970,950 ആണ് ഇംഗ്ലീഷ് വംശജരുടെ എണ്ണം. കഴിഞ്ഞ വർഷം, രാജ്യത്തെ ഇംഗ്ലീഷ് വംശജരുടെ എണ്ണം 963,560 ആയിരുന്നു, ഇന്ത്യൻ വംശജരുടെ എണ്ണം 916,330 ആയിരുന്നു.
2015 മുതൽ ഇന്ത്യൻ വംശജരുടെ ജനസംഖ്യയിൽ വർദ്ധനവ് ഉണ്ടായപ്പോൾ, ഇംഗ്ലീഷുകാരുടെ എണ്ണം കുറഞ്ഞു. 1901 മുതൽ ചരിത്രപരമായ ജനസംഖ്യാ ഡാറ്റ കണക്കുകൾ പ്രകാരം, ഇംഗ്ലണ്ട് സ്ഥിരമായി ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ വിദേശി ജനസംഖ്യാ ഗ്രൂപ്പായി തുടരുകയായിരുന്നു. അതേസമയം എബിഎസ് ഡാറ്റ കാണിക്കുന്നത് 731,540 ചൈനീസ് വംശജരായ കുടിയേറ്റക്കാർ ഓസ്‌ട്രേലിയയിൽ താമസിക്കുന്നുണ്ട്. രാജ്യത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രണ്ടാമത്തെ ജനസംഖ്യാ വിഭാഗമായാണ് ചൈനീസ് വംശജരെ കണക്കാക്കുന്നത്. പട്ടികയിൽ നാലാം സ്ഥാനത്താണ് കിവികളാണ്. ഫിലിപ്പീൻസ്, വിയറ്റ്നാം, ദക്ഷിണാഫ്രിക്ക, നേപ്പാൾ, ശ്രീലങ്ക, മലേഷ്യ എന്നിവരാണ് പിന്നിലുള്ളത്.