കാൻബറ: സാങ്കേതിക പ്ലാറ്റ്ഫോമുകൾ വഴി ഉപദ്രവമോ ദോഷമോ നേരിടുന്ന വ്യക്തികൾക്ക് ബന്ധപ്പെട്ട കമ്പനികൾക്കെതിരെ നേരിട്ട് കേസെടുക്കാൻ അനുമതി നൽകുന്ന കാര്യം പരിഗണിക്കുന്നതായി ഓസ്ട്രേലിയൻ സർക്കാർ. ഗ്രീൻസ് പാർട്ടി മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളിലൊന്നാണിത്. ഇ-സേഫ്റ്റി നിയമനിർമാണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. സർക്കാർ ഈ നിർദേശം പരിഗണിക്കുമെന്ന് കമ്മ്യൂണിക്കേഷൻസ് മന്ത്രി അനിക വെൽസ് പറഞ്ഞു. അമേരിക്കയിൽ വ്യക്തികൾക്ക് ഇത്തരത്തിൽ നിയമനടപടി സ്വീകരിക്കാനുള്ള അധികാരം വിജയകരമായി പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
സാങ്കേതിക പ്ലാറ്റ്ഫോമുകളിലെ നിയമലംഘനങ്ങൾ തടയുന്നതിലും നിയമപാലനം ഉറപ്പാക്കുന്നതിലും ഇ-സേഫ്റ്റി കമ്മീഷണർ മികച്ച പ്രവർത്തനം നടത്തുന്നുണ്ടെങ്കിലും വലിയ ഉത്തരവാദിത്തമാണ് ഈ സംവിധാനത്തിനുള്ളതെന്ന് വെൽസ് പറഞ്ഞു. വ്യക്തികൾക്ക് നേരിട്ട് നിയമനടപടി സ്വീകരിക്കാനുള്ള അവകാശം നൽകുന്നത് ഈ ഉത്തരവാദിത്തം പങ്കുവയ്ക്കാൻ സഹായിക്കുമെന്നും അവർ വ്യക്തമാക്കി. പൊതുജനങ്ങളിൽനിന്നുള്ള അഭിപ്രായശേഖരണത്തിനിടെ ഈ നിർദേശം ഉയർന്നുവന്നിട്ടുണ്ടെന്നും ഗ്രീൻസ് പാർട്ടിയുമായി സർക്കാർ ആത്മാർഥമായി ചർച്ച നടത്തുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കാറുകളുടെ ബ്രേക്കുകൾക്ക് നൽകുന്ന സുരക്ഷാ റേറ്റിങ്ങുകൾക്ക് സമാനമായി സാങ്കേതിക പ്ലാറ്റ്ഫോമുകൾക്കും സുരക്ഷാ റേറ്റിങ് ഏർപ്പെടുത്തുമോയെന്ന ചോദ്യത്തിന്, ഭാവിയിൽ അത്തരമൊരു സംവിധാനം വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് വെൽസ് പ്രതികരിച്ചു. കുട്ടികൾക്ക് ഏറ്റവും സുരക്ഷിതമായ ഇടമെന്ന നിലയിൽ അംഗീകാരം നേടാൻ സാങ്കേതിക കമ്പനികൾ തമ്മിൽ മത്സരിക്കുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു. എന്നാൽ ആദ്യം അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്ന നിയമനിർമാണം സെനറ്റിൽ പാസാക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.
വ്യാജ അക്കൗണ്ടുകൾ സംബന്ധിച്ച ആരോപണം തള്ളി
ഇ-സേഫ്റ്റി കമ്മീഷണർക്കും അംഗീകൃത ഗവേഷകർക്കും നിയമപരമായ സംരക്ഷണം നൽകുന്ന വ്യവസ്ഥകൾ ദുരുപയോഗം ചെയ്ത് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുമെന്ന പ്രതിപക്ഷ സഖ്യത്തിന്റെ ആരോപണവും വെൽസ് തള്ളി.
സാങ്കേതിക പ്ലാറ്റ്ഫോമുകൾ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഗവേഷകർ ഉപയോഗിക്കുന്ന പരീക്ഷണ അക്കൗണ്ടുകളെയാണ് ‘സോക്ക് പപ്പറ്റ്’ അക്കൗണ്ടുകൾ എന്ന് വിളിക്കുന്നത്. ഉദാഹരണത്തിന്, 14 വയസ്സുള്ള കുട്ടിയുടേതെന്ന രീതിയിൽ അക്കൗണ്ട് സൃഷ്ടിച്ച് പ്ലാറ്റ്ഫോമുകളുടെ സുരക്ഷാ നടപടികൾ പരിശോധിക്കാം. ഇത്തരം പരിശോധനകൾ നിയമപരമായി നടത്താനും അതിലൂടെ ലഭിക്കുന്ന തെളിവുകൾ നിയമനടപടികളിൽ ഉപയോഗിക്കാനും പുതിയ വ്യവസ്ഥകൾ സഹായിക്കുമെന്നാണ് സർക്കാരിന്റെ വിശദീകരണം.
ഭക്ഷണക്രമവുമായി ബന്ധപ്പെട്ട വൈകല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കത്തെക്കുറിച്ചുള്ള പരാതികളോട് വിവിധ പ്ലാറ്റ്ഫോമുകൾ പ്രതികരിക്കുന്ന രീതി പരിശോധിക്കാൻ ഓസ്ട്രേലിയൻ ഗവേഷകർ ഇത്തരം അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നതായി വെൽസ് പറഞ്ഞു. ചില പ്ലാറ്റ്ഫോമുകളുടെ പ്രതികരണം അപര്യാപ്തമായിരുന്നുവെന്നും മറ്റു ചിലതിന്റെ നടപടി ഗുരുതരമായ അശ്രദ്ധയിലേക്ക് എത്തിയെന്നും ഗവേഷണത്തിൽ കണ്ടെത്തിയതായി അവർ വ്യക്തമാക്കി.
ഓസ്ട്രേലിയയിൽ നിയമപരമായ സംരക്ഷണമില്ലാത്തതിനാൽ ചില ഗവേഷകർ രാജ്യത്തിന് പുറത്തിരുന്നാണ് പ്രവർത്തിക്കുന്നതെന്നും പുതിയ നിയമം ഈ സാഹചര്യം മാറ്റാൻ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. ഇ-സേഫ്റ്റി കമ്മീഷണർക്കും ഗവേഷകർക്കും സുരക്ഷാ പ്രശ്നങ്ങൾ പരിശോധിക്കാനും ശേഖരിക്കുന്ന തെളിവുകൾ നിയമപാലനത്തിനായി ഉപയോഗിക്കാനും കഴിയേണ്ടത് പ്രധാനമാണെന്നും വെൽസ് കൂട്ടിച്ചേർത്തു.