കാൻബറ: ഓസ്ട്രേലിയൻ ഫെഡറൽ ചെറുകിട ബിസിനസ് മന്ത്രി ആൻ അലീക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സാമൂഹികമാധ്യമങ്ങളിലൂടെ 19 വധഭീഷണികൾ ലഭിച്ചതായി വെളിപ്പെടുത്തൽ. തന്നെക്കുറിച്ച് പാർലമെന്റിൽ സഹപ്രവർത്തക നടത്തിയ “പരസ്യമായി അപമാനിക്കുകയും കല്ലെറിഞ്ഞ് കൊല്ലുകയും വേണം” എന്ന പരാമർശത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ചൊവ്വാഴ്ച പാർലമെന്റിലെ ചോദ്യോത്തരവേളയിൽ ലിബറൽ-നാഷണൽ പാർട്ടി എംപി ആൻജി ബെൽ, നികുതി വകുപ്പിന്റെ ക്രെഡിറ്റ് കാർഡ് പേയ്മെന്റ് നിരോധനവുമായി ബന്ധപ്പെട്ട് ആൻ അലിക്കും പ്രധാനമന്ത്രി ആന്തണി ആൽബനീസിനുമെതിരെ വിമർശനം ഉന്നയിക്കുകയായിരുന്നു. പ്രസംഗത്തിന്റെ അവസാനത്തിലാണ് ഇരുവരെയും “പരസ്യമായി അപമാനിക്കുകയും കല്ലെറിഞ്ഞ് കൊല്ലുകയും വേണം” എന്ന് ബെൽ പറഞ്ഞത്.
ഇത്തരം പരാമർശങ്ങൾ സാധാരണയായി പ്രതികരിക്കാറില്ലെങ്കിലും ഇത്തവണ മിണ്ടാതിരിക്കാനാകില്ലെന്ന് ആൻ അലീ സാമൂഹികമാധ്യമ പോസ്റ്റിൽ പറഞ്ഞു. മുൻപും തനിക്കെതിരായ വധഭീഷണികളിൽ “കല്ലെറിഞ്ഞ് കൊല്ലുക” എന്ന പ്രയോഗം ഉണ്ടായിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി. 2016ൽ ഫെഡറൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്ലിം വനിതയായ ആൻ അലീ, ബെല്ലിന്റെ പരാമർശം വംശീയവും സ്ത്രീവിദ്വേഷപരവുമാണെന്ന് വിശേഷിപ്പിച്ചു. ഒരു പാർലമെന്റംഗത്തിനെതിരെ അക്രമത്തിന് ആഹ്വാനം ചെയ്യുന്നത് ജനാധിപത്യ മൂല്യങ്ങൾക്കും ഓസ്ട്രേലിയൻ സമൂഹത്തിന്റെ നിലപാടുകൾക്കും വിരുദ്ധമാണെന്നും അവർ പറഞ്ഞു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെയും കല്ലെറിഞ്ഞുള്ള ശിക്ഷ പോലുള്ള ക്രൂരമായ രീതികളെയും എതിർക്കുന്ന രാജ്യമാണ് ഓസ്ട്രേലിയയെന്നും അവർ കൂട്ടിച്ചേർത്തു.
പരാമർശം പിൻവലിച്ച് ആൻജി ബെൽ
പാർലമെന്റിൽ അക്രമസൂചനയുള്ള പരാമർശം നടത്തിയതിനെതിരെ ഹൗസ് ലീഡർ ടോണി ബർക്ക് രംഗത്തെത്തിയതോടെ ബെല്ലിനോട് പ്രസ്താവന പിൻവലിക്കാൻ ആവശ്യപ്പെട്ടു. ബെൽ പിന്നീട് പരാമർശം പിൻവലിച്ചു. ക്ഷണികമായ വികാരാവേശത്തിൽ വാക്കുകൾ തെറ്റായി തിരഞ്ഞെടുത്തതാണെന്ന് അവർ പ്രസ്താവനയിൽ വിശദീകരിച്ചു. എന്നാൽ, ചെറുകിട ബിസിനസുകൾ നേരിടുന്ന ഉയർന്ന നികുതി, വർധിക്കുന്ന ചെലവുകൾ, കുറഞ്ഞുവരുന്ന വരുമാനം തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്നും ബെൽ ആരോപിച്ചു. പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്ലറും ബെന്നിനെ പിന്തുണച്ച് രംഗത്തെത്തി. ക്രെഡിറ്റ് കാർഡ് പേയ്മെന്റ് നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രി പരാജയപ്പെട്ടുവെന്നും അതിൽനിന്ന് ശ്രദ്ധ തിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. വൺ നേഷൻ നേതാവ് പോളിൻ ഹാൻസനും വിവാദം ചെറുതാക്കി കാണുന്ന പ്രതികരണമാണ് നടത്തിയത്. വികാരാവേശത്തിൽ പറഞ്ഞ വാക്കുകളാണെന്നും എല്ലാവരും ശാന്തരാകണമെന്നും അവർ ആവശ്യപ്പെട്ടു.
എംപിമാർക്കെതിരായ ഭീഷണികൾ വർധിക്കുന്നു
ഓസ്ട്രേലിയയിൽ രാഷ്ട്രീയ നേതാക്കൾക്കെതിരായ അക്രമഭീഷണികൾ വർധിച്ചുവരുന്നതായി മുൻ ഫെഡറൽ പൊലീസ് കമ്മിഷണർ റീസ് കെർഷോ കഴിഞ്ഞ വർഷം മുന്നറിയിപ്പ് നൽകിയിരുന്നു. 2025ലെ ഫെഡറൽ തിരഞ്ഞെടുപ്പിനിടെ എംപിമാർക്കും സ്ഥാനാർഥികൾക്കുമെതിരായ ഭീഷണികൾ 17 ശതമാനം വർധിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.