(9 News)
Australian Capital Territory

ഓസ്‌ട്രേലിയയിൽ ഇന്ധനവില കുറയുമെന്ന പ്രതീക്ഷ; G7 എണ്ണ ശേഖരം തുറക്കും

അഡ്‌ലെയ്ഡിലെ എഡ്വേഡ്‌സ്‌ടൗണിൽ വ്യവസായി അഡ്രിയാൻ പോർട്ടെല്ലി ആരംഭിച്ച അംഗത്വ അധിഷ്ഠിത പെട്രോൾ സ്റ്റേഷനിലാണ് വൻ തിരക്ക് അനുഭവപ്പെട്ടത്.

Safvana Jouhar

G7 രാജ്യങ്ങൾ 100 ദശലക്ഷം ബാരൽ എണ്ണ വിപണിയിലെത്തിക്കാൻ തീരുമാനിച്ചതോടെ ഓസ്‌ട്രേലിയയിൽ ഇന്ധനവില കുറയുമെന്ന പ്രതീക്ഷ ശക്തമായി. ആഗോള എണ്ണവിലയിൽ സമ്മർദം കുറയ്ക്കാനും പെട്രോൾ വില താഴേക്ക് കൊണ്ടുവരാനും തീരുമാനം സഹായിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, വിലക്കുറവിന്റെ ആനുകൂല്യം ഉടൻ സ്വന്തമാക്കാൻ ദക്ഷിണ ഓസ്‌ട്രേലിയയിൽ വാഹനയാത്രക്കാരുടെ തിരക്കേറി. അഡ്‌ലെയ്ഡിലെ എഡ്വേഡ്‌സ്‌ടൗണിൽ വ്യവസായി അഡ്രിയാൻ പോർട്ടെല്ലി ആരംഭിച്ച അംഗത്വ അധിഷ്ഠിത പെട്രോൾ സ്റ്റേഷനിലാണ് വൻ തിരക്ക് അനുഭവപ്പെട്ടത്. ശനിയാഴ്ച അർധരാത്രി മുതൽ തന്നെ ചിലർ പെട്രോൾ വാങ്ങാൻ ക്യൂവിൽ ഇടംപിടിച്ചു. അൺലീഡഡ് പെട്രോളിന് ലിറ്ററിന് 1.99 ഡോളറും ഡീസലിന് 2.59 ഡോളറുമായിരുന്നു ഉദ്ഘാടന ദിവസത്തെ വില. വൻ ക്യൂ കാരണം ചിലർക്ക് മൂന്ന് മണിക്കൂറോളം കാത്തുനിൽക്കേണ്ടിവന്നു. എന്നിരുന്നാലും ലഭിച്ച വിലക്കുറവിനായി കാത്തിരിപ്പ് വിലമതിക്കുന്നതാണെന്ന് പലരും പ്രതികരിച്ചു.

സൗത്ത് റോഡും ഡോസ് റോഡും ചേരുന്ന ഭാഗത്തുള്ള സ്റ്റേഷനിൽ രാവിലെ ഒമ്പത് മണിയോടെ ഇന്ധനവിതരണം ആരംഭിച്ചു. പോർട്ടെല്ലി ഓസ്‌ട്രേലിയയിൽ ആരംഭിക്കുന്ന രണ്ടാമത്തെ പെട്രോൾ സ്റ്റേഷനാണിത്. വാർഷികമായി 99 ഡോളർ അംഗത്വ ഫീസ് നൽകുന്നവർക്ക് മൊത്തവിലയ്ക്ക് ഇന്ധനം ലഭിക്കുന്ന രീതിയിലാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഉദ്ഘാടന ഓഫറായി 50 ഡോളറിന്റെ സൗജന്യ ഇന്ധനവും നൽകിയിരുന്നു. എന്നാൽ എല്ലാവർക്കും വിലക്കുറവ് മതിയായതായി തോന്നിയില്ല. മൗണ്ട് ഗാംബിയറിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ യാത്ര ചെയ്ത് എത്തിയ ഒരാൾ ലിറ്ററിന് ഒരു ഡോളർ വില പ്രതീക്ഷിച്ചിരുന്നെങ്കിലും അത് ലഭിച്ചില്ലെന്ന് പ്രതികരിച്ചു. അടുത്തതായി പെട്രോൾ സ്റ്റേഷന് സമീപം അംഗത്വ അധിഷ്ഠിത സൂപ്പർമാർക്കറ്റ് ആരംഭിക്കാനും പോർട്ടെല്ലി പദ്ധതിയിടുന്നുണ്ട്.

ഇതിനിടെ, ഈ വർഷത്തെ ക്രിസ്മസ് ഓസ്‌ട്രേലിയക്കാർക്ക് കൂടുതൽ ചെലവേറിയതാകാമെന്ന മുന്നറിയിപ്പും സാമ്പത്തിക വിദഗ്ധർ നൽകുന്നു. ജീവിതച്ചെലവ് ഉയർന്നുനിൽക്കുന്നതിനൊപ്പം പലിശനിരക്കുകളും വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ ജനങ്ങൾക്ക് ആശ്വാസം നൽകണോ എന്നതും സാമ്പത്തിക സമ്മർദമായി മാറുകയാണ്.

ജനങ്ങൾക്ക് നേരിട്ട് പണം നൽകി ജീവിതച്ചെലവ് കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനെ സാമ്പത്തിക വിദഗ്ധൻ സോൾ എസ്‌ലേക്ക് വിമർശിച്ചു. ഓസ്‌ട്രേലിയയിലേക്കുള്ള എണ്ണവിതരണം ശക്തമായി തുടരുന്നുണ്ടെങ്കിലും ആഗോള എണ്ണവില ഉയർന്നുനിൽക്കുന്നതിനാൽ ഇന്ധനച്ചെലവും ഉയർന്നതാണ്. ദീർഘവാരാന്ത്യത്തിൽ രാജ്യത്തെ ശരാശരി പെട്രോൾ വില ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി.

ഊർജവും മറ്റ് ഉൽപ്പാദനച്ചെലവുകളും ഉയരുന്നത് ഡിസംബർ പാദത്തിലെ അടിസ്ഥാന പണപ്പെരുപ്പ കണക്കുകൾക്ക് അധിക അപകടസാധ്യതയാണെന്ന് വെസ്റ്റ്പാക്ക് സാമ്പത്തിക വിദഗ്ധൻ ജസ്റ്റിൻ സ്മിർക്ക് പറഞ്ഞു. ഇതിനിടെ, ഇന്ധനശേഖരത്തിൽനിന്ന് എണ്ണ വിപണിയിലെത്തിക്കാനുള്ള G7 തീരുമാനം വിലക്കയറ്റം നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. അമേരിക്കൻ ഡീസൽ ആഭ്യന്തര വിപണിയിൽ തന്നെ നിലനിർത്താനും കയറ്റുമതി നിരോധിക്കാനുമുള്ള ഡോണൾഡ് ട്രംപിന്റെ ഭീഷണിയുമായി ബന്ധപ്പെട്ട സാഹചര്യവും തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ട്.

അന്താരാഷ്ട്ര പ്രതിസന്ധി തുടരുന്നതിന്റെ സൂചനയാണ് G7 തീരുമാനമെന്ന് ഊർജമന്ത്രി ക്രിസ് ബോവൻ പറഞ്ഞു. മിഡിൽ ഈസ്റ്റിലെ സംഘർഷം കൂടുതൽ രൂക്ഷമായാൽ ഇന്ധനവിലയിൽ പെട്ടെന്ന് മാറ്റമുണ്ടാകാമെന്ന് NRMAയുടെ പീറ്റർ ഖൗറി മുന്നറിയിപ്പ് നൽകി. ഡിസംബറിലെ മിഡ്-ഇയർ ബജറ്റ് അപ്‌ഡേറ്റിൽ സർക്കാർ ഇന്ധനവിലയും ജീവിതച്ചെലവും സംബന്ധിച്ച് സ്വീകരിക്കുന്ന നിലപാട് വ്യക്തമാകും. താങ്ങാനാവുന്ന ജീവിതച്ചെലവും ആശ്വാസ നടപടികളും സർക്കാരിന്റെ പ്രധാന ശ്രദ്ധയായി തുടരുമെന്ന് ബോവൻ പറഞ്ഞു.

SCROLL FOR NEXT