ഇസ്രയേൽ സൈന്യം ഉപയോഗിക്കുന്ന സൈനിക ഉപകരണങ്ങൾക്ക് ഓസ്‌ട്രേലിയൻ ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും സേവനങ്ങളും ലഭ്യമാകുന്നത് തടയാൻ പുതിയ നിയമനിർമാണവുമായി ക്രോസ്‌ബെഞ്ച് എംപിമാർ. ഡേവിഡ് പോക്കോക്ക്, സോഫി സ്കാംപ്‌സ്, ഗ്രീൻസ് അംഗങ്ങൾ ഉൾപ്പെടെയുള്ള സംഘമാണ് തിങ്കളാഴ്ച ബിൽ അവതരിപ്പിക്കുന്നത്. ഓസ്‌ട്രേലിയയുടെ അന്താരാഷ്ട്ര മനുഷ്യാവകാശ ബാധ്യതകൾ ലംഘിക്കപ്പെടാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ പ്രതിരോധ ഉപകരണങ്ങളോ സാങ്കേതികവിദ്യകളോ സേവനങ്ങളോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാക്കുകയാണ് നിർദേശത്തിന്റെ ലക്ഷ്യം.
ഗാസയിൽ ഇസ്രയേൽ വ്യോമസേന ഉപയോഗിക്കുന്ന F-35 യുദ്ധവിമാനങ്ങളുടെ ഭാഗങ്ങളുടെ വിതരണത്തിൽ ഓസ്‌ട്രേലിയയുടെ പങ്കാളിത്തം അവസാനിപ്പിക്കാനും ബിൽ വഴിയൊരുക്കുമെന്ന് അംഗങ്ങൾ പറയുന്നു. മനുഷ്യാവകാശവും ഗാസയിലെ യുദ്ധവുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് തനിക്ക് ലഭിക്കുന്ന പരാതികളിൽ ഏറ്റവും കൂടുതലെന്ന് ഡേവിഡ് പോക്കോക്ക് പറഞ്ഞു. വിദേശത്ത് നടക്കുന്ന വ്യാപകമായ കൊലപാതകങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് കാൻബറയിൽനിന്ന് ആയിരക്കണക്കിന് ഇമെയിലുകൾ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
അതേസമയം, F-35 പദ്ധതിയിലേക്കുള്ള ഓസ്‌ട്രേലിയയുടെ സംഭാവനകൾ “മാരകമല്ലാത്ത സ്വഭാവത്തിലുള്ളവ” ആണെന്നാണ് വിദേശകാര്യ മന്ത്രി പെന്നി വോങ് മുമ്പ് വ്യക്തമാക്കിയിരുന്നത്. അമേരിക്കൻ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിനുമായുള്ള ബഹുരാഷ്ട്ര കരാറിന്റെ ഭാഗമായാണ് ഓസ്‌ട്രേലിയ പദ്ധതിയിൽ പങ്കാളിയായതെന്നും ഇസ്രയേലുമായി നേരിട്ടുള്ള കരാറല്ലെന്നും പ്രതിരോധ മന്ത്രി റിച്ചാർഡ് മാർൾസ് പറഞ്ഞു. ഇസ്രയേൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ കുടിയേറ്റ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വ്യാപാരം നിരോധിക്കുന്നതിൽ യുകെയും മറ്റ് രാജ്യങ്ങളും സ്വീകരിച്ച നിലപാട് പിന്തുടരാത്തതിന് പ്രധാനമന്ത്രി ആന്തണി അൽബനീസി സ്വന്തം പാർട്ടിക്കുള്ളിൽനിന്നുൾപ്പെടെ വിമർശനം നേരിട്ട സാഹചര്യത്തിലാണ് പുതിയ നീക്കം.
കുടിയേറ്റ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഗുരുതരമായ അന്താരാഷ്ട്ര നിയമലംഘനങ്ങളിലും കമ്പനികളും സ്ഥാപനങ്ങളും നിക്ഷേപം നടത്തുന്നതും തടയാൻ ബിൽ ലക്ഷ്യമിടുന്നു. വൻകിട കമ്പനികൾ, പ്രതിരോധ സ്ഥാപനങ്ങൾ, കോമൺവെൽത്ത് സ്ഥാപനങ്ങൾ എന്നിവ തങ്ങളുടെ പ്രവർത്തനങ്ങളിലും വിതരണ ശൃംഖലകളിലും വംശഹത്യാ സാധ്യതകൾ റിപ്പോർട്ട് ചെയ്യുകയും ഇടപെടുകയും ചെയ്യണമെന്നും നിർദേശത്തിലുണ്ട്. സ്വതന്ത്ര ആന്റി-ജെനോസൈഡ് കമ്മീഷണറെ നിയമിക്കണമെന്നും ബിൽ നിർദേശിക്കുന്നു.
ഓസ്‌ട്രേലിയൻ സർക്കാരും കമ്പനികളും സൈനിക ഭാഗങ്ങൾ അയയ്ക്കുകയോ വംശഹത്യയുമായി ബന്ധപ്പെട്ട വ്യാപാരത്തിൽ ഏർപ്പെടുകയോ അതിൽനിന്ന് ലാഭം നേടുകയോ ചെയ്യരുതെന്ന് ഗ്രീൻസ് ഡെപ്യൂട്ടി നേതാവ് മെഹ്‌റീൻ ഫറൂഖി പറഞ്ഞു. ലിഡിയ തോർപ്പ്, ആൻഡ്രൂ വിൽക്കി, ഫാത്തിമ പേമാൻ എന്നിവരും ഉൾപ്പെടുന്ന ക്രോസ്‌ബെഞ്ച് സംഘം ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സിലും സെനറ്റിലും ബിൽ അവതരിപ്പിക്കും. എന്നാൽ ലേബർ സർക്കാർ സ്വകാര്യ അംഗങ്ങളുടെ ബില്ലിനെ പിന്തുണയ്ക്കാൻ സാധ്യതയില്ല.