Australian Capital Territory

COP31 കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ അവസരം നിഷേധിച്ചു; പ്രതിഷേധവുമായി കൊക്കോസ് ദ്വീപ് നിവാസികൾ

Safvana Jouhar

ഓസ്‌ട്രേലിയയിലെ ഏറ്റവും ഒറ്റപ്പെട്ട ജനവാസ പ്രദേശമായ കൊക്കോസ് (കീലിങ്) ദ്വീപുകളിൽ നിന്നുള്ള പ്രതിനിധി സംഘത്തിന് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയായ COP31-ൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ ധനസഹായം അനുവദിച്ചില്ല. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടുന്ന ദ്വീപ് സമൂഹത്തെ സർക്കാർ അവഗണിക്കുകയാണെന്ന പരാതിയുമായി നിവാസികൾ രംഗത്തെത്തി. തീരശോഷണം, വെള്ളപ്പൊക്കം തുടങ്ങിയ കാലാവസ്ഥാ പ്രശ്നങ്ങൾ പസഫിക് ദ്വീപ് രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികൾക്ക് സമാനമാണ് കൊക്കോസ് ദ്വീപുകളിലുമുള്ളത്. COP31-ൽ പങ്കെടുക്കാനുള്ള പ്രതിനിധി സംഘത്തിന്റെ അപേക്ഷ ഐക്യരാഷ്ട്രസഭ അംഗീകരിച്ചെങ്കിലും യാത്രയ്ക്കും പങ്കാളിത്തത്തിനുമുള്ള ധനസഹായത്തിനായി ഓസ്‌ട്രേലിയൻ സർക്കാർ തിരഞ്ഞെടുത്തില്ല. ടുവാലുവിലും ഫിജിയിലും നടന്ന കാലാവസ്ഥാ ചർച്ചകൾക്ക് തൊട്ടുമുമ്പാണ് തീരുമാനം അറിയിച്ചത്.

പടിഞ്ഞാറൻ ഓസ്‌ട്രേലിയ സർവകലാശാലയുടെ ഓഷ്യൻസ് ഇൻസ്റ്റിറ്റ്യൂട്ട് സമർപ്പിച്ച പാനൽ നിർദേശത്തിൽ താഴ്ന്ന ഉയരത്തിലുള്ള ദ്വീപ് സമൂഹം നേരിടുന്ന കാലാവസ്ഥാ വെല്ലുവിളികൾ അവതരിപ്പിക്കാനായിരുന്നു പദ്ധതി. എന്നാൽ അവസരം നഷ്ടമായതോടെ ആഗോളതലത്തിൽ തങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള അവസരം ഇല്ലാതായെന്ന് ദ്വീപ് നിവാസികൾ പറയുന്നു. ഹോം ഐലൻഡ് നിവാസിയായ ലുലുക് സ്ലോൺ പറയുന്നതനുസരിച്ച്, ദ്വീപുകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കണമെന്ന നിർദേശത്തോട് സമൂഹത്തിൽ എതിർപ്പുണ്ട്. മറ്റു ദ്വീപ് സമൂഹങ്ങൾ തീരസംരക്ഷണത്തിനും കാലാവസ്ഥാ പ്രത്യാഘാതങ്ങൾ കുറയ്ക്കാനും സ്വീകരിക്കുന്ന നടപടികൾ നേരിട്ട് മനസ്സിലാക്കാനായിരുന്നു പ്രതിനിധി സംഘത്തിന്റെ ലക്ഷ്യം. ആഗോള വേദിയിൽ സ്വന്തം അനുഭവങ്ങൾ പങ്കുവയ്ക്കാനുള്ള അവസരം നഷ്ടമായതിൽ നിരാശയുണ്ടെന്നും അവർ പറഞ്ഞു. വെസ്റ്റ് ഐലൻഡിൽ താമസിക്കുന്ന റോസ് കമ്മിൻസും സമാനമായ ആശങ്ക പങ്കുവച്ചു. കാലാവസ്ഥാ വ്യതിയാനം പസഫിക് ദ്വീപുകളെ എങ്ങനെ ബാധിക്കുന്നുവെന്ന് ആഗോളതലത്തിൽ ഉയർത്തിക്കാട്ടുന്നതിൽ ആ രാജ്യങ്ങൾ നടത്തിയ ശ്രമങ്ങളെ അഭിനന്ദിച്ച അവർ, കൊക്കോസ് ദ്വീപുകൾക്കും അതേ അവസരം ലഭിക്കണമെന്നാണ് ആഗ്രഹമെന്ന് വ്യക്തമാക്കി.

അതേസമയം, പസഫിക് രാജ്യങ്ങൾക്ക് നൽകുന്ന പിന്തുണ ഓസ്‌ട്രേലിയയിലെ കാലാവസ്ഥാ ഭീഷണി നേരിടുന്ന സമൂഹങ്ങൾക്കുള്ള സഹായത്തിന് പകരമല്ലെന്ന് കാലാവസ്ഥാ വ്യതിയാനം, ഊർജം, ജലവകുപ്പ് വക്താവ് അറിയിച്ചു. ദ്വീപുകൾ നേരിടുന്ന വെല്ലുവിളികൾ അംഗീകരിക്കുന്നതായും തീരദേശ അപകടസാധ്യതകൾ വിലയിരുത്താനും ദുരന്തസന്നദ്ധതയും സുരക്ഷയും മെച്ചപ്പെടുത്താനും തയ്യാറാക്കിയ പദ്ധതി സഹായിക്കുമെന്നും വകുപ്പ് വ്യക്തമാക്കി.

എന്നാൽ, ദ്വീപുകളുടെ ഭാവിയെ ബാധിക്കുന്ന തീരുമാനങ്ങളിൽ പ്രദേശവാസികളുടെ അഭിപ്രായം വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന വിമർശനം തുടരുകയാണ്. സമൂഹത്തിന്റെ അഭിപ്രായം തേടുന്നതിനുള്ള സമിതിയുടെ രൂപീകരണവും വൈകിയെന്നാണ് നിവാസികളുടെ ആരോപണം. ദ്വീപുകളുടെ തീരപ്രദേശങ്ങൾ വർഷങ്ങളായി കടലെടുത്തുകൊണ്ടിരിക്കുകയാണെന്നും കാലാവസ്ഥാ വ്യതിയാനം ജീവിതത്തെയും അടിസ്ഥാനസൗകര്യങ്ങളെയും ബാധിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

SCROLL FOR NEXT