Australian Capital Territory

കുടിയേറ്റ നിരക്ക് വെട്ടിക്കുറയ്ക്കാനൊരുങ്ങി ഓസ്‌ട്രേലിയൻ കോയലിഷൻ മുന്നണി

രാജ്യത്ത് നിർമ്മിക്കപ്പെടുന്ന വീടുകളുടെ എണ്ണത്തിന് അനുസൃതമായി മാത്രം വിദേശ കുടിയേറ്റക്കാരെ പ്രവേശിപ്പിക്കുന്ന രീതിയിലാണ് കോയലിഷൻ നയം രൂപീകരിക്കുന്നത്.

Safvana Jouhar

ഓസ്‌ട്രേലിയയിൽ വൺ നേഷൻ പാർട്ടി ഉയർത്തുന്ന രാഷ്ട്രീയ വെല്ലുവിളിയെ ചെറുക്കുന്നതിനായി, രാജ്യത്തെ വിദേശ കുടിയേറ്റ നിരക്ക് വൻതോതിൽ വെട്ടിക്കുറയ്ക്കാനുള്ള പുതിയ നയങ്ങളിലേക്ക് പ്രതിപക്ഷ കക്ഷിയായ കോയലിഷൻ മുന്നണി കടക്കുന്നു. പ്രതിപക്ഷ നേതാവ് ആൻഗസ് ടൈലറുടെ നേതൃത്വത്തിലാണ് ഈ പുതിയ നീക്കം. വലതുപക്ഷ തീവ്ര നിലപാടുകളിലൂടെ ജനപ്രീതി നേടുന്ന വൺ നേഷൻ പാർട്ടിയിലേക്ക് വോട്ടർമാർ ആകർഷിക്കപ്പെടുന്നത് തടയാനും, പ്രധാന വോട്ട് ബാങ്ക് തിരിച്ചുപിടിക്കാനും ലക്ഷ്യമിട്ടാണ് പ്രതിപക്ഷം ഈ കടുത്ത തീരുമാനത്തിലേക്ക് നീങ്ങുന്നത്.

പുതിയ പദ്ധതി പ്രകാരം, രാജ്യത്ത് നിർമ്മിക്കപ്പെടുന്ന വീടുകളുടെ എണ്ണത്തിന് അനുസൃതമായി മാത്രം വിദേശ കുടിയേറ്റക്കാരെ പ്രവേശിപ്പിക്കുന്ന രീതിയിലാണ് കോയലിഷൻ നയം രൂപീകരിക്കുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 7.5 ലക്ഷം താൽക്കാലിക കുടിയേറ്റക്കാരെ കുറയ്ക്കുമെന്നും പ്രതിവർഷ വിദേശ കുടിയേറ്റം 1.3 ലക്ഷമായി ക്വാട്ട നിശ്ചയിക്കുമെന്നും വൺ നേഷൻ പാർട്ടി പ്രഖ്യാപിച്ചിരുന്നു. വൺ നേഷന്റെ ഈ തീവ്ര നിലപാടുകളോളം എത്തിയില്ലെങ്കിലും, നിലവിലെ ലേബർ സർക്കാരിന്റെ ലക്ഷ്യങ്ങളേക്കാൾ വളരെ കുറഞ്ഞ അളവിൽ മാത്രമേ കുടിയേറ്റക്കാരെ അനുവദിക്കൂ എന്നാണ് കോയലിഷൻ വ്യക്തമാക്കുന്നത്. എന്നാൽ ഈ നീക്കത്തിനെതിരെ ഭരണപക്ഷമായ ലേബർ പാർട്ടി ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. വിദേശ കുടിയേറ്റക്കാരുടെ എണ്ണം ഇത്തരത്തിൽ അനിയന്ത്രിതമായി കുറയ്ക്കുന്നത് ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച്, രാജ്യത്തെ ആരോഗ്യ മേഖലയിലും നിർമ്മാണ മേഖലയിലും ഗുരുതരമായ തൊഴിലാളി ക്ഷാമത്തിന് ഇത് കാരണമാകുമെന്നാണ് ഭരണപക്ഷത്തിന്റെ വിലയിരുത്തൽ.

SCROLL FOR NEXT